ADVERTISEMENT

നാദാപുരം∙ ഒരു വർഷം മുൻപ്, പത്താംക്ളാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുൽഅസീസ് (15)വീടിനുള്ളിൽ  മരിച്ച നിലയിൽ കാണപ്പെട്ട കേസ് പുനരന്വേഷിക്കാൻ റൂറൽ എസ്പി ഡോ.എ.ശ്രീനിവാസ് ഉത്തരവിട്ടു.

അസീസിനെ ജ്യേഷ്ഠൻ അടക്കമുള്ളവർ മർദിക്കുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്നാണ് നട‍പടി. 2020 മേയ് 17നാണ് അസീസ് തൂങ്ങിമരിച്ചതായി ബന്ധുക്കൾ നാദാപുരം പൊലീസിൽ വിവരം നൽകിയതും പൊലീസ് പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം സംസ്കരിച്ചതും. 

പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിൽ‌ എസ്എസ്എൽസി വിദ്യാർഥിയും പഠനത്തിൽ മിടുക്കനുമായ അസീസ് ആത്മഹത്യ ചെയ്തെന്ന വാദം ശരിയല്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു നാട്ടുകാർ സർവകക്ഷി കർമസമിതി രൂപവൽക്കരിച്ചതോടെ കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. എന്നാൽ, ആത്മഹത്യ  എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെയും കണ്ടെത്തൽ‌. അസീസിന്റെ ജ്യേഷ്ഠൻ സഫ്‌വാൻ ഇതിനിടെ വിദേശത്തേക്കു പോയി. 

അസീസിനെ ക്രൂരമായി മർദിക്കുന്ന രംഗം വീട്ടിനകത്തു മൊബൈൽ ഫോണിൽ ചിത്രീകരിച്ചത് വെള്ളിയാഴ്ചയാണ് പുറത്തായത്. ഇതിനു പിന്നാലെ സമീപവാസികളും നാട്ടുകാരും കർമ‍സമിതി ഭാരവാഹികളും വീടു വളഞ്ഞു പ്രതിഷേധിച്ചു. ഇതോടെ, ബന്ധുക്കളായ ചിലരെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ഇവരെ ഇന്നലെയും ചോദ്യം ചെയ്തു വരികയാണ്. ഗൾഫിലുള്ള അസീസിന്റെ സഹോദരനെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാനാണ് പൊലീസ് ആലോചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com