ADVERTISEMENT

കണ്ണൂർ ∙ ആളുകളുടെ സ്നേഹപ്രകടനത്തിനു മുന്നിൽ കമ്യൂണിസ്റ്റുകാരന്റെ ജാഗ്രത മറക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിയാണ് ക്യാപ്റ്റനെന്ന സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റിലെ പരാമർശങ്ങളിൽ തെറ്റില്ലെന്നും പിണറായി വ്യക്തമാക്കി.

ജയരാജന്റെ പോസ്റ്റിൽ ഒരു വാക്കോ വാചകമോ തെറ്റായിട്ടില്ലെന്നു വാക്കുകൾ ഓരോന്നുമെടുത്തു വിശദീകരിച്ച് പിണറായി വ്യക്തമാക്കി. ജയരാജൻ പാർട്ടിയെ പ്രതിരോധിക്കാനാണു ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തികളല്ല പാർട്ടിയാണു ക്യാപ്റ്റൻ എന്ന് ഓർമപ്പെടുത്തുന്നതായിരുന്നു പി.ജയരാജന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്സ്ബുക് പോസ്റ്റ്. തന്റെ പോസ്റ്റ് മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തുവെന്ന് ഇന്നലെ രാവിലെ ജയരാജൻ വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പ്രസ്ക്ലബ്ബിന്റെ പോർമുഖം പരിപാടിയിൽ പിണറായിയുടെ വിശദീകരണം.

ആളുകൾ ആവേശം പ്രകടിപ്പിക്കുന്നതു കാണുമ്പോൾ അതെല്ലാം തന്റെ കേമത്തം കൊണ്ടാണെന്നു ധരിച്ചു തലക്കനം കൂടിയാൽ അതൊരു പ്രശ്നമായി വരും. അത് കമ്യൂണിസ്റ്റുകാർക്ക് ഉണ്ടാകാൻ പാടില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ കമ്യൂണിസ്റ്റ് പാർട്ടി അതു തിരുത്തുകയും ചെയ്യും.  ഞങ്ങളെ സംബന്ധിച്ച് പാർട്ടിയാണ് സുപ്രീം– പിണറായി പറഞ്ഞു. 

ചർച്ചയാക്കിയതിൽ ദുരുദ്ദേശ്യം: പി.ജയരാജൻ

കണ്ണൂർ ∙ സിപിഎം നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്നു വരുത്തി മുതലെടുക്കാനുള്ള മാധ്യമങ്ങളുടെ ശ്രമം വിജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. തന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്സ്ബുക് പോസ്റ്റ് മാധ്യമങ്ങൾ ദുരുദ്ദേശ്യത്തോടെ ചർച്ചയാക്കിയതായും ജയരാജൻ കുറ്റപ്പെടുത്തി. ഇക്കാര്യവും ഫെയ്സ്ബുക് പോസ്റ്റിലാണ് ജയരാജൻ അറിയിച്ചത്.എൽഡിഎഫ്  140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാർഥികളെയാണ് അണിനിരത്തിയത്. അതിന്റെ ടീം ലീഡറാണ് പിണറായി. സ്വാഭാവികമായും പിണറായിയോട് ജനങ്ങൾ ആദരവും സ്നേഹവായ്‌പും പ്രകടിപ്പിക്കും. ഇതിൽ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടു കാര്യമില്ല – ജയരാജൻ പറഞ്ഞു.

എന്തു വിളിച്ചാൽ നിങ്ങൾക്കെന്ത്? എ.കെ.ബാലൻ

പാലക്കാട് ∙ പിണറായി വിജയനെ എന്തു വിളിച്ചാലും മറ്റുള്ളവർക്ക് എന്താണെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം മന്ത്രി എ.കെ.ബാലന്റെ ചോദ്യം. കോമ്രേഡ് എന്നോ ക്യാപ്റ്റനെന്നോ കമാൻഡറെന്നോ ലീഡറെന്നോ വിളിച്ചോട്ടെ. ഞാൻ വിജയേട്ടാ എന്നാണു വിളിക്കാറ്. എന്നെ ബാലേട്ടാ എന്നാണു പലരും വിളിക്കാറ്. വീട്ടിൽ വല്ലാതെ സ്നേഹം കൂടിക്കഴിഞ്ഞാൽ ഓരോരുത്തരും എന്തൊക്കെ വിളിക്കുന്നുണ്ടാകും. ഒന്നും കിട്ടാത്തതുകൊണ്ടാണ് ഇപ്പോൾ ക്യാപ്റ്റൻ വിളി വിവാദമാക്കുന്നത് – അദ്ദേഹം പറഞ്ഞു.

English Summary: Pinarayi Vijayan support P Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com