ADVERTISEMENT

കോഴിക്കോട് ∙ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പെന്ന് പോളിങ് ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞത് ഭരണഘടനാ വിരുദ്ധവും തിരഞ്ഞെടുപ്പ് ചട്ടലംഘനവുമാണെന്നു മന്ത്രി എ.കെ.ബാലൻ. വിശ്വാസികൾക്കു വോട്ട് ചെയ്യണമെന്നു തിരഞ്ഞെടുപ്പിന്റെ തലേ ദിവസം എൻഎസ്എസ് ആസ്ഥാനത്തുനിന്നു നിർദേശം പോയി. ജനാധിപത്യ പ്രക്രിയയെ എൻഎസ്എസ് ജനറൽ സെക്രട്ടറി വിശ്വാസത്തിന്റെ പേരിൽ വെല്ലുവിളിക്കുകയാണ്. രാഷ്ട്രീയമുണ്ടെങ്കിൽ അത് അദ്ദേഹം ആർജവത്തോടെ പറയണം. തുടർഭരണം ഇല്ലാതാക്കാൻ സുകുമാരൻ നായർ അയ്യപ്പസ്വാമിയെ കൊണ്ടുവരുന്നു. ഒരു തിരഞ്ഞെടുപ്പിലും ദൈവത്തെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി ഒരിടത്തും ജയിക്കില്ല. പാലക്കാട് ഇ.ശ്രീധരന് വോട്ടുകൊടുക്കാമെന്നാണ് കോൺഗ്രസ് ധാരണ. ഇതിനെ തുടർന്നാണ് ശ്രീധരൻ അവിടെ മൽസരിച്ചത്. സിപിഎമ്മിനെതിരെ രാഷ്ട്രീയം പറയാനില്ലാത്തതു കൊണ്ടാണ് വിശ്വാസത്തിന്റെ പേര് പറയുന്നതെന്നും ബാലൻ പറഞ്ഞു.

സുകുമാരൻ നായർ കോൺഗ്രസുകാരൻ: മന്ത്രി മണി

നെടുങ്കണ്ടം ∙ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ കോൺഗ്രസുകാരനാണെന്നും അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് വേറെയാണെന്നും മന്ത്രി എം.എം.മണി.

സുകുമാരൻ നായർ പ്രതീക്ഷിക്കുന്നത് നായർ സമുദായം മുഴുവൻ അദ്ദേഹം പറയുന്നതു കേൾക്കുമെന്നാണ്. എന്നാൽ അദ്ദേഹത്തിന്റെ നിലപാട് സമൂഹം ഏറ്റെടുക്കില്ല. ഏതെങ്കിലും സമുദായ നേതാവ് പറയുന്നതു കേട്ട് തീരുമാനമെടുക്കുന്ന ജനതയല്ല കേരളത്തിലേതെന്നും മണി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ശബരിമല പ്രചാരണം ഏശിയില്ലെന്നാണ് പോളിങ് ശതമാനം സൂചിപ്പിക്കുന്നത്. പാവങ്ങൾക്ക് ഭക്ഷണവും ചികിത്സയും ഉറപ്പാക്കിയ എൽഡിഎഫിന് ഒപ്പമാണ് ദൈവം. ഇടുക്കിയിലെ ഇരട്ടവോട്ട് ആരോപണം ബാലിശമാണ്. ആളുകളെ തടയാൻ ബിജെപിക്കും കോൺഗ്രസിനും ആരും അധികാരം കൊടുത്തിട്ടില്ല. ഇരട്ടവോട്ട് പരാതി ഉന്നയിക്കേണ്ട സമയത്ത് മിണ്ടാതിരുന്നിട്ട് ഇപ്പോൾ ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ട് എന്തു കാര്യമെന്നും എം.എം.മണി ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com