തിരഞ്ഞെടുപ്പു ചട്ടലംഘനം: പരാതിപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവിന് സിപിഎം ഭീഷണി

CPM-and-Congress-Party-logos
SHARE

തൊടുപുഴ ∙ തിരഞ്ഞെടുപ്പിൽ ചട്ടം ലംഘിച്ചെന്നു പരാതിപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവിന് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം സെക്രട്ടറി സെബിൻ ഏബ്രഹാമിനെ സിപിഎം ഇരട്ടയാർ ലോക്കൽ സെക്രട്ടറി ലിജു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഓഡിയോ തെളിവു സഹിതം സെബിൻ ഇടുക്കി കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും കട്ടപ്പന സ്റ്റേഷൻ ഹൗസ് ഓഫിസർക്കും പരാതി നൽകി.

ഇരട്ടയാർ ബസ് സ്റ്റാൻഡിലെ പൊതുസ്ഥലത്ത് സിപിഎം പ്രവർത്തകർ തിരഞ്ഞെടുപ്പു പോസ്റ്റർ പതിച്ചതു സംബന്ധിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ സി-വിജിൽ ആപ്ലിക്കേഷനിൽ സെബിൻ പരാതിപ്പെട്ടത്. തുടർന്ന് പോസ്റ്ററുകൾ നീക്കം ചെയ്തു. 

ഇതിനുശേഷം ഈസ്റ്റർ ദിനത്തിലാണ് ലോക്കൽ സെക്രട്ടറിയെന്നു പരിചയപ്പെടുത്തി ലിജു സെബിനെ വിളിച്ചത്. ഇനി പ്രശ്‌നവുമായി വന്നാൽ കയ്യും കാലും തല്ലിയൊടിച്ചിടുമെന്നു ഭീഷണിപ്പെടുത്തി. സിപിഎമ്മുകാരുടെ അടുത്ത് കളിക്കരുതെന്നും ഭീഷണി മുഴക്കിയെന്നും  സിപിഎം പ്രവർത്തകനെന്നു പറഞ്ഞ് മറ്റൊരാളും വിളിച്ചു വധഭീഷണി മുഴക്കിയെന്നും സെബിൻ പറയുന്നു.

തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ കണ്ടാൽ ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷനു നേരിട്ടു പരാതി നൽകാനാണ് സി-വിജിൽ എന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഇതിലൂടെ പരാതി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരാതി ഉന്നയിച്ച ആളുടെ ഫോൺ നമ്പർ സിപിഎം നേതാക്കൾക്കു ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. 

അതേസമയം, പരാതി നൽകിയ കാര്യം സെബിന്റെ സുഹൃത്തുക്കൾ വഴിയാണ് അറിഞ്ഞതെന്നും കലക്‌ടറേറ്റിൽ നിന്നു ഫോൺ നമ്പർ ലഭിച്ചിട്ടില്ലെന്നും ലിജു പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആവേശത്തിനിടെ സംസാരത്തിൽ കുറച്ചു ഭീഷണി കലർന്നതാണെന്നും ലിബിനെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ലിജു പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA