ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഭീഷണിപ്പെടുത്തിയെന്ന പ്രതി സന്ദീപ് നായരുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹർജി വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി ഇന്നത്തേക്കു മാറ്റി. ഇന്നുവരെ തുടർ നടപടികൾ സ്വീകരിക്കില്ലെന്ന സർക്കാർ ഉറപ്പ് ജസ്റ്റിസ് വി.ജി. അരുൺ രേഖപ്പെടുത്തി.

പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഇഡിക്കെതിരെ ആദ്യം റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ നൽകിയ ഹർജിയിൽ ഇന്ന് വാദം തുടരാനിരിക്കെയാണ് രണ്ടാമത്തെ ഹർജി നൽകിയത്. 2 ഹർജികളും ഇന്ന് ഒന്നിച്ചു പരിഗണിക്കും.മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി ആരോപിച്ച് സന്ദീപ് ജയിലിൽനിന്നു കത്തു നൽകിയിരുന്നു. 

ഈ കത്തിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകൻ സുനിൽ കുമാർ ഡിജിപിക്കു നൽകിയ പരാതിയിലാണ് ആലപ്പുഴ ക്രൈം ബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

കേന്ദ്ര ഏജൻസിക്കെതിരെ സംസ്ഥാന ക്രൈം ബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിന്റെ നിയമസാധുത കോടതിയുടെ പരിഗണനയിലിരിക്കെ, രണ്ടാമത്തെ എഫ്ഐആറിൽ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നു ഹർജിക്കാരനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. ഒരേ വിഷയത്തിലുളള 2 എഫ്ഐആറുകൾ നിലനിൽക്കില്ലെന്നും വാദിച്ചു.

സന്ദീപിനെ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനും സംസ്ഥാന പൊലീസിനെ അനുവദിച്ചു സെഷൻ കോടതി കഴിഞ്ഞ മാസം 31 നു പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രണ്ടും വ്യത്യസ്ത വിഷയങ്ങളും സംഭവങ്ങളുമാണെന്നു സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി ബോധിപ്പിച്ചു.

കേന്ദ്രസേന വേണം : ഇഡി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇഡി കേസിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കസ്റ്റഡിയിലുള്ള പ്രതികൾക്കു കേന്ദ്ര സേനകളുടെ സംരക്ഷണം നൽകണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സിബിഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ടു.

സ്പീക്കറെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി∙ ഡോളർ കടത്തു കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11നു പ്രിവന്റീവ് കമ്മിഷണറേറ്റിലെത്താനാണു നോട്ടിസ് നൽകിയിരിക്കുന്നത്. തീയതി മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ സ്പീക്കർ ഇന്ന് എത്തുമെന്നു തന്നെയാണ് ഉദ്യോഗസ്ഥർ കരുതുന്നത്. 

യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി മസ്കത്ത് വഴി ഈജിപ്തിലെ കയ്റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയെന്ന കേസിലാണു ചോദ്യം ചെയ്യൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com