ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ 140 മണ്ഡലങ്ങളിലെയും ടൺകണക്കിനു പ്രചാരണസാമഗ്രികൾ നീക്കാനും ചുവരെഴുത്തുകൾ മായ്ക്കാനും രാഷ്ട്രീയപാർട്ടികളും തദ്ദേശസ്ഥാപനങ്ങൾക്കു കീഴിലെ കർമസേനയും നടപടി ആരംഭിച്ചു. ചിലയിടങ്ങളിൽ  പാർട്ടിപ്രവർത്തകരും സ്ഥാനാർഥികളും ഇതിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. 

പ്രചാരണം കഴിയുമ്പോൾ അതതു രാഷ്ട്രീയപാർട്ടികൾ ബോർഡുകളും ബാനറുകളും മറ്റും ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമ സേന മുഖേന ക്ലീൻ കേരള കമ്പനിക്കു കൈമാറണമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം.

ഇന്നലെ വൈകിട്ടു വരെയായിരുന്നു സമയം. എന്നാൽ, പാർട്ടിപ്രവർത്തകർ  സ്വയം സന്നദ്ധരായതോടെ രണ്ടോ മൂന്നോ ദിവസം കൂടി സാവകാശം നൽകാനാണ് സംസ്ഥാന ഹരിത മിഷന്റെയും ശുചിത്വ മിഷന്റെയും തീരുമാനം. 

ഇപ്രകാരം നീക്കാത്ത പ്രചാരണസാമഗ്രികൾ പിന്നീട് തിരഞ്ഞെടുപ്പ് അധികൃതർ തന്നെ നീക്കും. ഇതിന്റെ ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കുമെന്നാണ് അറിയിപ്പ്.

 പ്രചാരണസാമഗ്രികൾ നീക്കം ചെയ്യാൻ 3 മുന്നണികളും പ്രവർത്തകർക്കു നിർദേശം നൽകി. 2 ദിവസത്തിനകം നീക്കം ചെയ്യാനാണു സിപിഎം സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്ന സന്ദേശം. പ്രചാരണസാമഗ്രികൾ നീക്കം ചെയ്യാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡിസിസികൾക്കു നിർദേശം നൽകി. പോസ്റ്ററുകളും മറ്റും നീക്കാൻ മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെട്ടതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു.

ബയോമെഡിക്കൽ മാലിന്യം ‘ഇമേജ് ’ പ്ലാന്റിലേക്ക്

സംസ്ഥാനത്തെ നാൽപതിനായിരത്തിലേറെ  ബൂത്തുകളിൽ നിന്നുള്ള ബയോമെഡിക്കൽ മാലിന്യം ചുവപ്പ്, മഞ്ഞ ബാഗുകളിലായി ശേഖരിച്ച് കോവിഡ് കെയർ സെന്ററുകളിൽ എത്തിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഇവിടെ നിന്ന് ഇവ പ്രത്യേക വാഹനങ്ങളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പാലക്കാട്ടെ ബയോ മെഡിക്കൽ മാലിന്യ സംസ്കരണകേന്ദ്രമായ ‘ഇമേജ്’ പ്ലാന്റിൽ എത്തിച്ചു സംസ്കരിക്കും.

പോളിങ് ഉദ്യോഗസ്ഥർ ഉപയോഗിച്ച കയ്യുറ, ഫെയ്സ് ഷീൽഡ്, പിപിഇ കിറ്റ് തുടങ്ങിയവ മഞ്ഞ ബാഗിൽ ശേഖരിക്കാനാണു നിർദേശം നൽകിയിരിക്കുന്നത്; അണുമുക്തമാക്കി സംസ്കരിച്ചു പുനരുപയോഗിക്കാനാകുന്ന ബയോ മെഡിക്കൽ മാലിന്യം ചുവപ്പു ബാഗിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com