ADVERTISEMENT

തിരുവനന്തപുരം∙ വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർഥി വീണ എസ്.നായരുടെ പ്രചാരണത്തിനായി അച്ചടിച്ചു നൽകിയ 4000 പോസ്റ്ററുകളാണ് ആക്രിക്കടയിൽ വിറ്റതെന്നു ഡിസിസി പ്രസിഡന്റ് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതി കണ്ടെത്തി.   കോൺഗ്രസ് കുറ‍വൻകോണം മണ്ഡലം ട്രഷറർ നന്തൻകോട് സ്വദേശി വി.ബാലു‍വാണ് 500 രൂപയ്ക്ക് പോസ്റ്ററുകൾ വിറ്റതെന്നും വ്യക്തമാക്കി.

   അച്ചടക്കം ലംഘിച്ചതിനും, ജനമധ്യത്തിൽ പാർട്ടിക്ക് അവമ‍തിപ്പുണ്ടാക്കിയതിനും ബാലുവിനെതിരെ കർശന നടപടിയെടുക്കണമെന്നു  ഡിസിസി വൈസ് പ്രസിഡന്റ് ഡി.അരവിന്ദാക്ഷൻ, ജനറൽ സെക്രട്ടറി കുടപ്പനക്കുന്ന് സുഭാഷ് എന്നിവരുൾപ്പെട്ട അന്വേഷണ സമിതി  ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലി‍നു നൽകിയ റിപ്പോർട്ടിൽ നിർദേശിച്ചു . റിപ്പോർട്ട് കെപിസിസി പ്രസിഡന്റിന് കൈമാറുമെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു.  മണ്ഡലം ട്രഷ‍ററുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടാ‍യെന്നും പാർട്ടി നേതൃത്വത്തിന്റെ നിർദേശങ്ങൾ അവഗണിച്ചതാ‍യും അന്വേഷണ സമിതി വ്യക്തമാക്കി. 

  പോളിങ് ബൂത്തുകളിലേക്കുള്ള റോഡിനിരുവശവും പതിക്കാനാണ് പേരൂർക്കടയിലെ  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നിന്നു 4 കെട്ട് പോസ്റ്ററുകൾ നൽകിയത്. ബാലു‍വിന്റെ നന്തൻകോട്ടെ വീട്ടിലാണ് ഇവയിൽ ഭൂരിഭാഗവും സൂക്ഷിച്ചിരുന്നത്. ഒപ്പം വീട്ടിൽ സൂക്ഷിച്ചിരുന്ന 10 കിലോയോളം  പത്രക്കടലാസുകളും പോസ്റ്ററുകളും, കൈപ്പത്തി ചി‍ഹ്‍നമുള്ള 10 കിലോ പോസ്റ്ററുകളും ഉൾപ്പെടെ 51 കിലോയാണ് നന്തൻകോട് വൈ‍എംആർ ജംക്‌ഷനിലെ ആക്രിക്കടയിൽ വ്യാഴാഴ്ച രാവിലെ ‌ വിറ്റത്.  ദൃശ്യമാധ്യമങ്ങളിലൂടെ ഇത് പുറത്തായതോടെ വിവാദമായി.      തിരഞ്ഞെടുപ്പിനു ശേഷം അഴിച്ചു മാറ്റിയ പോസ്റ്ററുകളും ബാക്കി വന്നവയും  കത്തിച്ച് നശിപ്പിക്കണമെന്നാണു നിർദേശിച്ചതെങ്കിലും അവ വിറ്റ് കാശാ‍ക്കി. പോസ്റ്ററുകൾ ആക്രിക്കടയിൽ വിൽക്കുന്നതു സംബന്ധിച്ച് നന്തൻകോട് 40–ാം നമ്പർ ബൂത്ത് പ്രസിഡന്റ് സ‍ജിയോട് വ്യാഴാഴ്ച രാവിലെ അനുവാദം ചോദിച്ചെങ്കിലും പിന്തിരിപ്പിച്ചുവെന്നും   ഇതു മറികടന്നാണ്  പോസ്റ്ററുകൾ വിറ്റതെന്നും അന്വേഷണ സമിതി കണ്ടെത്തി. 

  ഇതേ സമയം,വട്ടിയൂർക്കാവിലെ   പ്രചാരണത്തിൽ വീഴ്ചയുണ്ടായി‍ട്ടുണ്ടോയെന്ന് കെപിസിസിയും  പരിശോധിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.  മണ്ഡലത്തിൽ ചില മുതിർന്ന നേതാക്കൾ പ്രചാരണത്തിൽനിന്ന് വിട്ടു നിന്നതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. 

 വീണ എസ്.നായരുടെ പ്രചാരണത്തിൽ പാർട്ടി വീഴ്ചയുണ്ടാ‍യെന്ന ആക്ഷേപം നിലനിൽക്കെയാണ് അച്ചടിച്ച പോസ്റ്ററുകൾ പോലും ഉപയോഗിച്ചി‍ല്ലെന്നതിന്റെ തെളിവ് പുറത്തായത്.  മണ്ഡലത്തിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചു‍വെന്ന ആക്ഷേപ‍ത്തിനിടെയാണ് പോസ്റ്റർ വിവാദവും.  പി.സി.വിഷ്ണുനാഥ്, കെ.പി.അനിൽകുമാർ എന്നിവരെ സ്ഥാനാർഥിയായി പരിഗണിച്ചപ്പോൾ പ്രാദേശിക പ്രതിഷേധം ശക്തമായിരുന്നു.  അവസാന നിമിഷമാണ് വീണയെ സ്ഥാനാർഥിയാക്കിയത്.

English Summary: Cogress candiate poster dumping, investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com