ADVERTISEMENT

പാലാ ∙ സ്വാതന്ത്ര്യസമര സേനാനിയും ചരിത്രകാരനും കോൺഗ്രസ് നേതാവുമായിരുന്ന കെ.എം.ചുമ്മാർ (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നു പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 

വേഴാങ്ങാനം കാര്യങ്കൽ കെ.സി.ചുമ്മാറിന്റെയും ഏലിയാമ്മയുടെയും മൂത്ത മകനായി 1933 മേയ് 15നാണു ജനിച്ചത്. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ ഏറെക്കാലം അധ്യാപകനായിരുന്നു. 1988ൽ പെരിങ്ങുളം സ്കൂളിൽ നിന്നു ഹെഡ്മാസ്റ്ററായി വിരമിച്ചു. 1989 മുതൽ 1996 വരെ കെപിസിസി അംഗമായിരുന്നു. ചരിത്രപണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, ലേഖകൻ, അധ്യാപകൻ എന്നീ നിലകളിലെല്ലാം ശോഭിച്ച അദ്ദേഹം കോൺഗ്രസിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും സംബന്ധിച്ച് ഒട്ടേറെ പഠനക്ലാസുകളും പ്രസംഗങ്ങളും നടത്തി. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയിൽ 2 തവണ അംഗമായി. 

ഇഎംഎസിന്റെ ഇസം, സഖാവ് കൃഷ്ണൻപിള്ളയെ കടിച്ച പാമ്പ് ആര്, സെന്റ് തോമസ് കോളജ് പാലാ (ചരിത്രം), ഇഎംഎസിനും മാർക്സിസ്റ്റ് പാർട്ടിക്കുമെതിരെ, മാർക്സിസ്റ്റ് പാർട്ടിയും ആദർശനിഷ്ഠയും, കേരള കോൺഗ്രസ് എങ്ങോട്ട്, ക്വിറ്റ് ഇന്ത്യ സമരവും കമ്യൂണിസ്റ്റ് പാർട്ടിയും, കോൺഗ്രസ് കേരളത്തിൽ, തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മറുപുറം തുടങ്ങിയവയാണു പ്രധാന കൃതികൾ. 

1964ൽ സഹാധ്യാപികയായിരുന്ന പ്രവിത്താനം പ്ലാത്തോട്ടത്തിൽ അന്നക്കുട്ടിയെ വിവാഹം ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോൾ അന്നക്കുട്ടി മരിച്ചതിനെത്തുടർന്ന് എടത്വ പറപ്പള്ളിൽ മറിയമ്മയെ വിവാഹം കഴിച്ചു. മക്കൾ: തോമസുകുട്ടി (ദുബായ്), സജിമോൾ, സൈമൺ (യുഎസ്എ), സുനിൽ (അധ്യാപകൻ, ബ്രഹ്മാനന്ദോദയം എച്ച്എസ്എസ് കാലടി), ആൻസമ്മ, ഫിലിപ്പച്ചൻ (ഇംഗ്ലണ്ട്). മരുമക്കൾ: അയർക്കുന്നം വല്യേലിൽ റീന (ദുബായ്), അയർക്കുന്നം മങ്ങാട്ട് മോഹൻ (ബിസിനസ്), എടത്വ വാണിയപ്പുരയ്ക്കൽ സ്മിത (യുഎസ്എ), കാഞ്ഞൂർ കോഴിക്കാടൻ ‍മഞ്ജു (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ് കടനാട്), കോതമംഗലം പുളിക്കൽ തങ്കച്ചൻ, ചൂണ്ടച്ചേരി പിണക്കാട്ട് ജമീന (ഇംഗ്ലണ്ട്). സംസ്കാരം ഇന്ന് 2നു വേഴാങ്ങാനം സെന്റ് ജോസഫ്സ് പള്ളിയിൽ. 

English Summary: KM Chummar passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com