ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതു സാഹചര്യത്തിലും 80 സീറ്റ് ഇടതുമുന്നണിക്കു ലഭിക്കാമെന്ന് സിപിഎം വിലയിരുത്തി. ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ കണക്കു വിലയിരുത്തി സംസ്ഥാന നേതൃത്വം എത്തിച്ചേർന്ന അനുമാനമാണിത്. കഴിഞ്ഞ ദിവസങ്ങളിലെ അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗമാണു കണക്കു പരിശോധിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നിട്ടില്ല.

ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നു സിപിഎമ്മിന്റെ കണക്കു പറയുന്നു. അതേസമയം ഏതാനും സീറ്റുകളിൽ അവർ രണ്ടാം സ്ഥാനത്തു വരും. അവിടങ്ങളിൽ യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളാനാണു സാധ്യത. കൊച്ചിയിലെ അരാഷ്ട്രീയ കൂട്ടായ്മ ട്വന്റി ട്വന്റി ഒരുപക്ഷേ അക്കൗണ്ട് തുറന്നേക്കും. കുന്നത്തുനാടാണ് അവർക്കു സാധ്യത കൽപിക്കുന്നത്. അന്തിമ ഘട്ടത്തിൽ ഇവിടെ എൽഡിഎഫ്–ട്വന്റി ട്വന്റി മത്സരമാണു നടന്നതെന്ന് എറണാകുളത്തു നിന്നുള്ള റിപ്പോർട്ട് അവകാശപ്പെടുന്നു.

കഴിഞ്ഞ തവണ പൂഞ്ഞാറിൽ മുന്നണികളെ ഞെട്ടിച്ച പി.സി. ജോർജിന് അതേ പ്രകടനം ആവർത്തിക്കാൻ കഴിയില്ലെന്നാണു വിലയിരുത്തൽ. ജോർജ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുമെന്നും സിപിഎം കരുതുന്നു.

ജോസ് കെ. മാണി കോട്ടയത്ത് നേട്ടമാകും

ജോസ് കെ. മാണി പക്ഷത്തിന്റെ വരവോടെ കോട്ടയത്ത് എൽഡിഎഫിന് പുതുതായി ചില സീറ്റുകൾ ലഭിക്കും. കോട്ടയം ജില്ലയിൽ കോട്ടയവും പുതുപ്പള്ളിയും മാത്രമേ യുഡിഎഫ് ജയിക്കൂ എന്നാണു സിപിഎം കരുതുന്നത്. പാലായിൽ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി നേടിയതിനെക്കാൾ വലിയ ഭൂരിപക്ഷം ജോസ് കെ. മാണിക്കു ലഭിക്കുമെന്നാണു നിഗമനം.

ആഴക്കടൽ വിവാദത്തിന്റെ പേരിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ മുന്നേറ്റം ഉണ്ടാകുമെന്ന കോൺഗ്രസിന്റെ അവകാശവാദം അതിരു കവിഞ്ഞ പ്രതീക്ഷയാണെന്ന് സിപിഎം വിലയിരുത്തി. സിറോ മലബാർ സഭ എൽഡിഎഫിന് എതിരായെന്നു വിചാരിച്ചുള്ള തൃശൂരിലെ പ്രതീക്ഷയും നടക്കാൻ പോകുന്നില്ലെന്നു സിപിഎം വിലയിരുത്തുന്നു. തിരുവനന്തപുരത്ത് 10 സീറ്റ് കിട്ടുമെന്നാണ് അനുമാനം.

സിപിഎമ്മിനു ചില സീറ്റുകൾ നഷ്ടപ്പെടാം. സിപിഐക്കും കാര്യമായ നഷ്ടങ്ങൾ ഉണ്ടായേക്കും. എന്നാൽ, പകരം ചില സീറ്റുകൾ ലഭിക്കുന്നതോടെ സുരക്ഷിത ഭൂരിപക്ഷം കിട്ടുമെന്നു നേതൃത്വം കരുതുന്നു.

ശബരിമല ഏശിയില്ല

ശബരിമല അവസാന ദിവസം വരെ ഉയർന്നു കത്തിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലേതുപോലെ വൈകാരിക വിഷയം ആയില്ല. ഏതാണ്ടു തദ്ദേശ തിരഞ്ഞെടുപ്പിലേതിനു സമാനമായ സ്ഥിതിയാണ് ഉണ്ടായിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സർക്കാരിന് എതിരായ വികാരമാണു സാധാരണയെങ്കിൽ ഇത്തവണ തുടർഭരണത്തിനാണു മുൻതൂക്കമെന്നും കരുതുന്നു.

English Summary: CPM says LDF will win minimum 80 seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com