ADVERTISEMENT

തിരുവനന്തപുരം ∙ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള മന്ത്രി കെ.ടി.ജലീലിന്റെ തീരുമാനത്തെ സിപിഎം പിന്തുണയ്ക്കും. നിയമനടപടിക്ക് ജലീൽ ഒരുങ്ങുന്നത് പാർട്ടി അനുമതിയോടെയാണ്. ഏതു രാഷ്ട്രീയ തീരുമാനവും അതിനുശേഷം മതിയെന്നാണ് ധാരണ.

ലോകായുക്തയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാനാവില്ലെന്നും വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകാമെന്നുമാണ് ജലീലിനു ലഭിച്ച നിയമോപദേശം. നിയമപരമായ ആ അവകാശം കൂടി വിനിയോഗിച്ചശേഷം രാജി ഉൾപ്പെടെ ആലോചിക്കാമെന്നാണ് സിപിഎം തീരുമാനം.

ജലീലിന്റെ രാജി ആവശ്യം സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ തള്ളി. ഉത്തരവു പരിശോധിച്ചു നിയമം അനുശാസിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിധി വന്നാൽ ഉടൻ രാജിവയ്ക്കേണ്ട കാര്യമില്ലെന്നു നിയമമന്ത്രി എ.കെ.ബാലനും അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയിൽ പരാതിക്കാരനും അവസരം

മലപ്പുറം ∙ ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി ജലീൽ ഹൈക്കോടതിയെ സമീപിച്ചാൽ കക്ഷി ചേരുമെന്നു പരാതിക്കാരനും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ വി.കെ.മുഹമ്മദ് ഷാഫി. സാധാരണഗതിയിൽ മന്ത്രിമാരടക്കമുള്ളവർക്കെതിരെ കോടതിയിൽ പരാതി നൽകണമെങ്കിൽ സർക്കാരിന്റെ അനുമതി വേണം. എന്നാൽ, മന്ത്രി സ്വന്തം നിലയിൽ ഹൈക്കോടതിയെ സമീപിച്ചാൽ എതിർ‌വാദം അവതരിപ്പിക്കാൻ അവസരം ലഭിക്കുമെന്നു ഷാഫി പറഞ്ഞു. തുടർ നടപടികളെടുക്കുന്നതിനെക്കുറിച്ചു വിദഗ്ധരുമായി ആലോചന നടക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസും പ്രതികരിച്ചു.

ജലീലിന്  ശസ്ത്രക്രിയ

തൃശൂർ ∙ ലോകായുക്ത ഉത്തരവിനെത്തുടർന്നുള്ള വിവാദം നടക്കുമ്പോൾ മന്ത്രി കെ.ടി. ജലീൽ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്നു. താടിയെല്ലിനു താഴെ പ്ലാസ്റ്റിക് സർജറിക്കായി ബുധനാഴ്ച ഇവിടെ പ്രവേശിപ്പിച്ചതാണ്. മാധ്യമ പ്രവർത്തകർ പ്രതികരണത്തിനു ശ്രമിച്ചെങ്കിലും അദ്ദേഹം മൊബൈൽ ഓഫ് ചെയ്തിരുന്നു.

ഡപ്യൂട്ടേഷന് ബന്ധു പറ്റില്ലെന്ന് നിയമമില്ല: മന്ത്രി ബാലൻ

പാലക്കാട് ∙ ബന്ധുനിയമന വിവാദത്തിൽ കെ.ടി. ജലീൽ രാജിവയ്ക്കേണ്ടതില്ലെന്നു നിയമമന്ത്രി എ.കെ. ബാലൻ. ഡപ്യൂട്ടേഷനിൽ ബന്ധു പറ്റില്ലെന്നു നിയമത്തിൽ എവിടെയും പറയുന്നില്ല. യോഗ്യതയുണ്ടോയെന്നു മാത്രം നോക്കിയാൽ മതി. കീഴ്ക്കോടതി വിധി വന്നാൽ രാജിവയ്ക്കുന്ന കീഴ്‌വഴക്കം കേരളത്തിൽ ഇല്ലല്ലോ. 

പലരും ഡപ്യൂട്ടേഷനിൽ ആളെ എടുത്തിട്ടുണ്ട്. മഞ്ഞളാംകുഴി അലി ഇത്തരത്തിൽ ആളെ എടുത്തിട്ടുണ്ട്. ബന്ധുവാണോ എന്നറിയില്ല. 

അന്തരിച്ച കെ.എം. മാണിയും അദ്ദേഹത്തിന്റെ ബന്ധുവിനെ പ്രൈവറ്റ് സെക്രട്ടറിയായി വച്ചിട്ടുണ്ട്. 

മന്ത്രി ജലീൽ ഹൈക്കോടതിയെയും ഗവർണറെയും യോഗ്യത ബോധ്യപ്പെടുത്തിയതാണ്. രണ്ടിടത്തുനിന്നും ജലീലിനെതിരെ പരാമർശമുണ്ടായില്ലെന്നും ബാലൻ പറഞ്ഞു.

English Summary: CPM supports K.T. Jaleel in lokayukta order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com