ADVERTISEMENT

രാജപുരം (കാസർകോട്) ∙ ചെറിയൊരു കുടിൽ, പ്ലാസ്റ്റിക് ഷീറ്റു കൊണ്ടു മറച്ച മേൽക്കൂര. ഇവിടെ ഇരുന്നു പഠിച്ച് റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) അസിസ്റ്റന്റ് പ്രഫസറായി ജോലി നേടിയിരിക്കുകയാണ് പാണത്തൂർ കേളപ്പംകയത്തെ ആർ.രഞ്ജിത്ത്.

വീടിന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് രഞ്ജിത്ത് എഴുതിയതിങ്ങനെ: ‘ഈ വീട്ടിലാണു ഞാൻ ജനിച്ചത്, ഇവിടെയാണു വളർന്നത്, ഇവിടെയാണു ജീവിക്കുന്നത്. ഒരുപാടു സന്തോഷത്തോടെ പറയട്ടെ, ഈ വീട്ടിൽ ഒരു ഐഐഎം പ്രഫസർ ജനിച്ചിരിക്കുന്നു.’

ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഉയർന്ന മാർക്കോടെ പ്ലസ്ടു പരീക്ഷ പാസായ രഞ്ജിത്ത് ജീവിതസാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ പഠനം നിർത്താനായിരുന്നു തീരുമാനിച്ചത്. ഈ സമയത്താണു പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ സെക്യൂരിറ്റി ജോലി തരപ്പെടുന്നത്. ജോലി രാത്രിയിലായതിനാൽ പകൽ പഠിക്കാനുള്ള സമയം ലഭിച്ചു. ഇതോടെ അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം വീണ്ടും തുറക്കപ്പെട്ടു.

Renjith-family
സഹോദരി രഞ്ജിത, പിതാവ് രാമചന്ദ്രൻ, മാതാവ് ബേബി, സഹോദരൻ രാഹുൽ എന്നിവർക്കൊപ്പം രഞ്ജിത്ത് (നടുവിൽ).

രാജപുരം സെന്റ് പയസ് കോളജിൽ ബിരുദ പഠനത്തിനു ചേർന്നു. ബിരുദാനന്തര ബിരുദം കാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാലയിൽ. തുടർന്നു മദ്രാസ് ഐഐടിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. ഐഐടിയിലെ പഠനം മലയാള ഭാഷ മാത്രമറിയുന്ന തനിക്കു വെല്ലുവിളിയായിരുന്നെന്നും എന്നാൽ തോറ്റ് പിൻമാറാൻ തയാറായില്ലെന്നും രഞ്ജിത് പറയുന്നു.

ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുമ്പോഴാണ് റാഞ്ചി ഐഐഎമ്മിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. അടുത്ത മാസം അവിടേക്കു പോകാനുള്ള തയാറെടുപ്പിലാണ്.

രഞ്ജിത്തിന്റെ പിതാവ് എ.രാമചന്ദ്രൻ തയ്യൽ തൊഴിലാളിയാണ്. മാതാവ് ബേബി തൊഴിലുറപ്പു തൊഴിലാളിയും. സഹോദരി രഞ്ജിത ബിഎഡ് കഴിഞ്ഞു. സഹോദരൻ രാഹുൽ കോട്ടയത്ത് സ്വകാര്യ റിസോർട്ടിൽ ജോലി ചെയ്യുന്നു.

English Summary: IMM professor stays in hut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com