ADVERTISEMENT

തിരുവനന്തപുരം ∙ പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥർക്കു വീണ്ടും തപാൽ ബാലറ്റുകൾ ലഭിച്ചതു സംബന്ധിച്ച അന്വേഷണം തുടരുമ്പോൾ ഇതു മനഃപൂർവം ചെയ്തതോ അബദ്ധമോ എന്ന ചോദ്യം ഉയരുന്നു. തപാൽ ബാലറ്റുകളുടെ അപേക്ഷയും വിതരണവും എങ്ങനെ നടക്കുന്നുവെന്നു പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ശരാശരി 2000 –3000 തപാൽ വോട്ട് ഓരോ മണ്ഡലത്തിലും ഉദ്യോഗസ്ഥർക്ക് ഉണ്ടാകാമെന്നതിനാൽ നേരിയ ഭൂരിപക്ഷത്തിനു വിജയിക്കുന്ന മണ്ഡലങ്ങളിൽ ഇതു നിർണായകമാണ്. തപാൽ ബാലറ്റ് സംബന്ധിച്ച് ഉയരുന്ന സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.

തപാൽ ബാലറ്റുകൾ ആർക്കെല്ലാം?

ഇത്തവണ 4 തരം തപാൽ ബാലറ്റുകളാണ് ഉണ്ടായിരുന്നത്. 80 വയസ്സു കഴിഞ്ഞവരും ഭിന്നശേഷിക്കാരും കോവിഡ് ബാധിതരും ക്വാറന്റീനിൽ കഴിയുന്നവരും ഉൾപ്പെടുന്ന ആബ്സെന്റീസ് വോട്ടർമാരാണ് ആദ്യ വിഭാഗം. പൊലീസ്, ഹോം ഗാർഡ് ഉൾപ്പെടെയുള്ള സ്പെഷൽ പൊലീസ്, ആരോഗ്യമേഖലയിലെയും അഗ്നിശമന സേനയിലെയും ജീവനക്കാർ എന്നിവർ ഉൾപ്പെടുന്ന അവശ്യസർവീസ് വോട്ടർമാർ രണ്ടാം വിഭാഗം. പോളിങ് ഡ്യൂട്ടി ലഭിച്ച സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ മൂന്നാം വിഭാഗം. സൈനികരും മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും വിദേശ സർവീസിലുള്ളവരുമായ സർവീസ് വോട്ടർമാർ നാലാമത്തെ വിഭാഗം.

ഇവർ എങ്ങനെ വോട്ടു ചെയ്തു?

ആബ്സന്റീസ് വോട്ടർമാർക്ക് ഉദ്യോഗസ്ഥർ തപാൽ ബാലറ്റുകളുമായി വീട്ടിലെത്തി വോട്ട് ചെയ്യാൻ അവസരമൊരുക്കി. അവശ്യസർവീസ് വോട്ടർമാർ നിയോജക മണ്ഡല അടിസ്ഥാനത്തിൽ ഒരുക്കിയ കേന്ദ്രങ്ങളിൽ മാർച്ച് 28 മുതൽ 30 വരെ വോട്ട് ചെയ്തു. പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ നിയോജക മണ്ഡലങ്ങളിലെ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ ഏപ്രിൽ 1 മുതൽ 3 വരെ വോട്ട് ചെയ്തു. 

അന്നു ചെയ്യാൻ സാധിക്കാത്തവർക്ക് അപേക്ഷയുടെ അടിസ്ഥാനത്തിൽ തപാൽ ബാലറ്റുകൾ അയച്ചു നൽകും. ഏപ്രിൽ 4നായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.

സർവീസ് വോട്ടർമാർക്ക് പ്രത്യേക സംവിധാനത്തോടെ ഓൺലൈനായി തപാൽ ബാലറ്റ് അയയ്ക്കുകയും അവർ അത് ഡൗൺലോഡ് ചെയ്തു വോട്ട് രേഖപ്പെടുത്തി തിരികെ തപാലിൽ അയയ്ക്കുകയുമാണു ചെയ്തത്.

തപാൽ ബാലറ്റുകൾ എങ്ങനെ തയാറാക്കുന്നു? നിറമെന്താണ്?

 വരണാധികാരികളാണു തപാൽ ബാലറ്റ് ആവശ്യാനുസരണം അച്ചടിക്കാൻ സർക്കാർ പ്രസുകളിൽ ഓർഡർ നൽകുന്നതും ഇതു നേരിട്ട് ഏറ്റുവാങ്ങുന്നതും. ഓരോ തപാൽ വോട്ടിലും ഒരു പ്രത്യേക നമ്പർ ഉണ്ടാകും. മിക്കവാറും നാലക്കം. കൗണ്ടർ ഫോയിലിലും ഇതേ നമ്പർ ഉണ്ടാകും. ഇത്തവണ എല്ലാ തപാൽ ബാലറ്റുകളുടെയും നിറം ചുവപ്പായിരുന്നു.

ബാലറ്റുകൾ എങ്ങനെ അയയ്ക്കുന്നു?

 വോട്ടർ പട്ടികയിൽ പേരുള്ളതും പോളിങ് ഡ്യൂട്ടി ലഭിച്ചവരുമായ ഉദ്യോഗസ്ഥർ 12–ാം നമ്പർ ഫോമിൽ നൽകുന്ന അപേക്ഷയും ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തലും പരിഗണിച്ചാണു തപാൽ ബാലറ്റുകൾ അയയ്ക്കുന്നത്. ഉദ്യോഗസ്ഥരുടെ വോട്ടർ തിരിച്ചറിയൽ കാർഡ്, പോളിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവയും പരിശോധിക്കും. ബാലറ്റ് അയച്ചു കഴിഞ്ഞാൽ പട്ടികയിലെ ഇവരുടെ പേരിനു നേരെ തപാൽ ബാലറ്റ് എന്ന അർഥത്തിൽ ‘പിബി’ എന്ന് ഇംഗ്ലിഷിൽ അടയാളപ്പെടുത്തും. കൗണ്ടർ ഫോയിലിൽ ബാലറ്റ് ഏതു ബൂത്തിൽ ഏതു സീരിയൽ നമ്പറിലെ വോട്ടർക്ക് അയച്ചുവെന്ന വിവരം ഉണ്ടാകും.

രണ്ടാമതും തപാൽ ബാലറ്റുകൾ ലഭിക്കുന്നത് ആർക്ക്? 

ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ട് ചെയ്ത പോളിങ് ഉദ്യോഗസ്ഥർക്കാണു വീണ്ടും തപാൽ ബാലറ്റുകൾ ലഭിച്ചത്. ഈ സെന്ററുകളിൽ വോട്ട് ചെയ്യാത്ത, യഥാസമയം അപേക്ഷിച്ചവർക്കാണു ബാലറ്റുകൾ അയയ്ക്കേണ്ടിയിരുന്നത്.

വോട്ടർ പട്ടികയിൽ അടയാളപ്പെടുത്തിയില്ലേ?

നിയോജക മണ്ഡല അടിസ്ഥാനത്തിൽ ഫെസിലിറ്റേഷൻ സെന്ററിൽ ഉദ്യോഗസ്ഥർ വോട്ട് ചെയ്തപ്പോൾ അവിടെ തന്നെ അപേക്ഷ നൽകുകയും സ്ഥലത്തുണ്ടായിരുന്ന ഗസറ്റഡ് ഉദ്യോഗസ്ഥൻ ഇതു സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തുടർന്നു തിരിച്ചറിയൽ കാർഡും ഡ്യൂട്ടി സർട്ടിഫിക്കറ്റും പരിശോധിച്ചു വോട്ട് ചെയ്യാൻ അനുവദിച്ചു. കൈവിരലിൽ മഷി പുരട്ടി. കേന്ദ്രത്തിൽ ഉണ്ടായിരുന്ന പ്രിസൈഡിങ് ഓഫിസർ വോട്ടർ പട്ടികയിൽ പിബി എന്ന് അടയാളപ്പെടുത്തി. ഈ പട്ടിക വരണാധികാരിക്കു കൈമാറും.

തപാൽ വോട്ടു കണക്കുകൾ കമ്മിഷൻ പുറത്തുവിട്ടോ?

3,53,000 പേർ വീട്ടിൽ വച്ചു തപാൽ വോട്ട് രേഖപ്പെടുത്തി എന്നാണു കമ്മിഷന്റെ കണക്ക്. സർവീസ് വോട്ടുകൾ ആകെ 57,160. അവശ്യസർവീസ് വോട്ടർമാരുടെയും പോളിങ് ഉദ്യോഗസ്ഥരായ തപാൽ വോട്ടർമാരുടെയും മൊത്തം കണക്കും എത്ര പേർ വോട്ട് ചെയ്തുവെന്നതും കമ്മിഷൻ അറിയിച്ചിട്ടില്ല.

തപാൽ ബാലറ്റുകൾ എന്നു വരെ സ്വീകരിക്കും?

തപാലിൽ അയച്ചു നൽകിയ ബാലറ്റുകൾ വോട്ടു രേഖപ്പെടുത്തി തിരിച്ചു വരണാധികാരിക്കു നൽകാൻ വോട്ടെണ്ണൽ ദിനമായ മേയ് 2ന് രാവിലെ 8 മണി വരെ സമയമുണ്ട്.

തപാൽ ബാലറ്റുകൾ എണ്ണുന്നത് എങ്ങനെ?

സാധാരണയായി ആദ്യം എണ്ണുന്നതു തപാൽ വോട്ടുകളാണ്. ഇവയുടെ മൊത്തം എണ്ണവും എല്ലാ വോട്ടുകളുടെ കവറിലും സാക്ഷ്യപ്പെടുത്തിയ രേഖ ഉണ്ടോയെന്നുമാണു പരിശോധിക്കുക. ഒരാൾ 2 തവണ വോട്ട് ചെയ്തോയെന്നു പരിശോധിക്കാറില്ല.

ഇത് എങ്ങനെ പരിശോധിക്കാം?

വോട്ടർ പട്ടികയിലെ സീരിയൽ നമ്പർ നോക്കി മാത്രമേ ഒരാൾക്കു 2 തപാൽ വോട്ടുകൾ നൽകിയോയെന്നും ഇതു പോൾ ചെയ്തോയെന്നും പരിശോധിക്കാനാകൂ.

ഒരാൾ 2 വോട്ട് ചെയ്താൽ കള്ളവോട്ടല്ലേ?

ഒരാൾ 2 തവണ വോട്ട് ചെയ്യുന്നതു കള്ളവോട്ടു തന്നെയാണ്. ഇതിനു ജനപ്രാതിനിധ്യ നിയമപ്രകാരം പിഴയോ ജയിൽ ശിക്ഷയോ രണ്ടും കൂടിയോ ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥനാകുമ്പോൾ കുറ്റത്തിന്റെ ഗൗരവം വർധിക്കുന്നു.

ഇരട്ടിപ്പ്: വിവരശേഖരണം കഴിഞ്ഞു

തിരുവനന്തപുരം ∙ സംസ്ഥാനത്തു മൂന്നര ലക്ഷത്തോളം വരുന്ന പോളിങ് ഉദ്യോഗസ്ഥർക്കുള്ള തപാൽ ബാലറ്റുകളിലെ ഇരട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന വിവരശേഖരണം പൂർത്തിയായി. 2 ദിവസത്തിനകം കണക്കുകൾ പുറത്തു വിട്ടേക്കും. 

കലക്ടർമാർക്കും വരണാധികാരികൾക്കും വെള്ളിയാഴ്ച രാത്രിയാണു തപാൽ വോട്ടുകളുടെ കണക്കെടുക്കാൻ കമ്മിഷൻ നിർദേശം നൽകിയത്. നിയോജകമണ്ഡലങ്ങളിൽ ഒരുക്കിയ പ്രത്യേക കേന്ദ്രങ്ങളിൽ തപാൽ വോട്ടു രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർക്കു തപാലിൽ വീണ്ടും ബാലറ്റ് ലഭിച്ചത് ‘മനോരമ’ 2 ദിവസം മുൻപു പുറത്തുവിട്ടിരുന്നു.

English Summary: Postal ballot doubling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com