ADVERTISEMENT

കൊച്ചി ∙ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചലച്ചിത്ര വ്യവസായം വീണ്ടും ആശങ്കയിലേക്ക്. സർക്കാർ പ്രഖ്യാപിച്ച രാത്രികാല കർഫ്യൂവും 7.30 നു സിനിമാശാലകൾ പ്രവർത്തനം അവസാനിപ്പിക്കണമെന്ന നിർദേശവും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണു ചലച്ചിത്ര പ്രവർത്തകർ. വരുമാനത്തിന്റെ 60% ലഭിക്കുന്ന സെക്കൻഡ് ഷോ ഇല്ലാതാകുന്നതു സാമ്പത്തികമായി വലിയ പ്രശ്നമാകും. 10 മാസം അടഞ്ഞു കിടന്ന തിയറ്ററുകൾ ജനുവരി 13 നാണു പകുതി സീറ്റുകളിൽ പ്രവേശനം നൽകി പ്രദർശനം പുനരാരംഭിച്ചത്. സെക്കൻഡ് ഷോ ആരംഭിച്ചതാകട്ടെ, മാർച്ച് 8 നും. 

ഇതേസമയം, നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തിയറ്ററുകൾ പ്രവർത്തിപ്പിക്കണോയെന്ന കാര്യത്തിൽ തീരുമാനം അംഗങ്ങൾക്കു വിടാൻ തിയറ്റർ ഉടമസ്ഥ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള നിർവാഹക സമിതി തീരുമാനിച്ചു. പ്രദർശനം തുടരുന്ന തിയറ്ററുകൾ നിബന്ധനകൾ പാലിച്ചു പ്രവർത്തിക്കണമെന്നും ഇന്നലെ ഓൺലൈനായി ചേർന്ന യോഗം തീരുമാനിച്ചു. 

പുതിയ റിലീസ് വൈകും

അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, സമീപ ആഴ്ചകളിൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തേക്കില്ല. വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന മലയാള ചിത്രം ‘സ്റ്റാർ’ മാറ്റിവച്ചു. മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, ഫഹദ് ചിത്രം ‘മാലിക്’ എന്നിവയുടെ റിലീസ് സംബന്ധിച്ചും അനിശ്ചിതത്വം തുടരുന്നു. മേയ് 13 ന് ഈ ചിത്രങ്ങൾ തിയറ്ററുകളിൽ എത്തുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ഇപ്പോൾ തിയറ്ററുകളിലുള്ള ‘നായാട്ട്’, ‘ചതുർമുഖം’ തുടങ്ങിയ ചിത്രങ്ങൾ പ്രദർശനം തുടരും. മറ്റൊരു ചിത്രമായ ‘ഖോ ഖോ’ തിയറ്ററുകൾക്കു നിന്നു പിൻവലിച്ചു. ചിത്രം ഒടിടിയിലും ടിവിയിലും പ്രദർശനത്തിനെത്തുമെന്നാണു സൂചന

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com