ADVERTISEMENT

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയായ സന്ദീപ് നായർക്കു മാപ്പുസാക്ഷിയായ ശേഷം ജാമ്യം ലഭിച്ചതു ക്രിമിനൽ നടപടി ചട്ടങ്ങൾക്കു വിരുദ്ധമെന്നു വിലയിരുത്തൽ. ഏതു ക്രിമിനൽ കേസിലും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ മാപ്പുസാക്ഷിയാക്കാൻ വിചാരണക്കോടതി അനുവാദം നൽകിയാൽ കേസിന്റെ വിചാരണ പൂർത്തിയാകും വരെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ സൂക്ഷിക്കണമെന്നാണു ചട്ടം (സിആർപിസി 306 (4) ബി.).

ഈ ചട്ടം ലംഘിച്ചുകൊണ്ടാണു സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയായ സന്ദീപിനു യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം), കസ്റ്റംസ് കേസുകളിൽ ജാമ്യം ലഭിച്ചത്. യുഎപിഎ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയാണു സന്ദീപിനെ മാപ്പുസാക്ഷിയാക്കിയത്. കള്ളക്കടത്തു തടയൽ നിയമ (കോഫെപോസ) പ്രകാരം കസ്റ്റംസ് സന്ദീപിനെ ഒരു വർഷത്തെ കരുതൽ തടങ്കലിൽ സൂക്ഷിച്ചിരിക്കുന്നതിനാലാണു 2 കേസുകളിൽ ജാമ്യം ലഭിച്ചിട്ടും സന്ദീപിനു ജയിൽ മോചിതനാകാൻ കഴിയാത്തത്.

എൻഐഎ അപ്പീൽ നൽകിയില്ലേയെന്നു കോടതി

ക്രിമിനൽ നടപടി ചട്ടങ്ങൾക്കു (സിആർപിസി) വിരുദ്ധമായി സ്വർണക്കടത്തു കേസിലെ മാപ്പുസാക്ഷിക്കു ജാമ്യം ലഭിച്ചതിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അപ്പീൽ നൽകിയില്ലേയെന്ന നിർണായക ചോദ്യം ഉന്നയിച്ചതു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ നിരോധന (പിഎംഎൽഎ) കേസിൽ സന്ദീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണു കോടതി ഇക്കാര്യം ചോദിച്ചത്. യുഎപിഎ കേസിൽ സന്ദീപിനു ജാമ്യം ലഭിച്ച കാര്യം പ്രതിയുടെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണു മാപ്പുസാക്ഷിയായ സന്ദീപിനു വിചാരണ പൂർത്തിയാകും മുൻപ് ജാമ്യം ലഭിച്ചതിന്റെ നിയമപ്രശ്നം കോടതിയിൽ ചർച്ചയായത്. 

English Summary: Sandeep Nair bail issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com