ADVERTISEMENT

ന്യൂഡൽഹി / തിരുവനന്തപുരം / മലപ്പുറം∙ യുപി പൊലീസിന്റെ തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. 

കാപ്പനു വിദഗ്ധ ചികിത്സയും മനുഷ്യത്വപരമായ സമീപനവും ഉറപ്പാക്കുന്നതിന് ഇടപെടണം. അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിലേക്കു മാറ്റണം. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലയ്ക്കിട്ട് കിടത്തിയിരിക്കുകയാണെന്ന റിപ്പോർട്ടുകൾ ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മഥുര മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന നൽകി തുടർ ചികിത്സയ്ക്കായി അദ്ദേഹത്തെ ഡൽഹി എയിംസിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് 11 എംപിമാർ കത്തുനൽകി.

മഥുര മെഡിക്കൽ കോളജിൽ താടിയെല്ലു പൊട്ടിയ നിലയിൽ, ചങ്ങലയിട്ടാണ് കാപ്പനെ കിടത്തിയിരിക്കുന്നതെന്നു കത്തിൽ പറഞ്ഞു. 6 മാസത്തിനിടെ 7 തവണ ഹേബിയസ് കോർപസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കലും തീർപ്പാക്കിയിട്ടില്ല.

എംപിമാരായ കെ. സുധാകരൻ, കെ. മുരളീധരൻ, ഇ.ടി. മുഹമ്മദ് ബഷീർ, വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, പി.വി. അബ്ദുൽ വഹാബ് എന്നിവരാണു കത്തു നൽകിയത്. സിദ്ദീഖ് കാപ്പനെ ഡൽഹി എയിംസിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്കു കത്തയച്ചു.

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ക്യാംപെയ്ൻ ആരംഭിക്കും. തുടക്കമായി ഇന്നു കരിദിനം ആചരിക്കും. വരും ദിവസങ്ങളിൽ രാജ്ഭവനു മുന്നിൽ സമരം തുടങ്ങുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും അറിയിച്ചു.

സ്ഥിതി ആശങ്കാജനകം: കാപ്പന്റെ ഭാര്യ

വേങ്ങര (മലപ്പുറം) ∙ യുപിയിലെ മഥുര മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില ആശങ്കാജനകമാണെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു. ജയിലിൽ വീണതിനാൽ സിദ്ദീഖിനു പരുക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ കട്ടിലിൽ ചങ്ങല കൊണ്ടു ബന്ധിച്ചിരിക്കുകയാണ്. ശുചിമുറിയിൽ പോകാൻ പോലും അനുവദിക്കാതെ അദ്ദേഹത്തെ പീഡിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു.

Content Highlights: CM Pinarayi writes for Siddique Kappan

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com