പെരുമ്പെട്ടി (പത്തനംതിട്ട) ∙ കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്‍ഡിപിഐ പിന്തുണയോടെ നേടിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സിപിഎം നാളെ രാജിവച്ചേക്കും. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം പ്രഖ്യാപനം ഉണ്ടായേക്കും. എസ്ഡിപിഐ പിന്തുണയിൽ നേടിയ സ്ഥാനങ്ങളിൽ തുടരുന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും പ്രഖ്യാപിത നയത്തിൽ നിന്നുള്ള വ്യതിചലനമാണെന്നുമാണ് വിലയിരുത്തൽ.
എന്നാൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജി വൈകിപ്പിച്ചത് എന്നാണ് വിവരം. തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ശേഷം ഉടനടി രാജിവച്ചാൽ രണ്ടാം കക്ഷിക്ക് ഈ സ്ഥാനങ്ങൾ വഹിക്കുന്നതിന് അർഹതയുണ്ടെന്ന് അവിണിശേരി പഞ്ചായത്തിലുണ്ടായ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നീക്കം. എന്നാൽ പദവി ഏറ്റെടുത്ത് 7 പ്രവൃത്തി ദിവസങ്ങൾക്ക് ശേഷമുള്ള രാജി വീണ്ടും തിരഞ്ഞെടുപ്പിലേക്ക് തന്നെ നീങ്ങും എന്ന നിയമോപദേശം ലഭിച്ചതായും സൂചനയുണ്ട്. നേരത്തേ നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിൽ എസ്ഡിപിഐയുടെ പിന്തുണയോടെ ലഭിച്ച സ്ഥാനങ്ങൾ സിപിഎം ഉടൻ തന്നെ രാജിവച്ചിരുന്നു.
എൽഡിഎഫ് –5, എൻഡിഎ –5, യുഡിഎഫ് –2, എസ്ഡിപിഐ 1 എന്നിങ്ങനെയാണ് കക്ഷിനില. എല്ലാ തിരഞ്ഞെടുപ്പിലും യുഡിഎഫിലെ 2 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
Content Highlights: Kottangal panchayat president election