ADVERTISEMENT

കോട്ടയം ∙ ഒരിടത്തു ക്യാപ്റ്റൻ തോറ്റു, പാർട്ടി ജയിച്ചു. മറ്റൊരിടത്തു ക്യാപ്റ്റൻ ജയിച്ചു, പാർട്ടി തോറ്റു. രണ്ടായി പിരിഞ്ഞ കേരള കോൺഗ്രസുകളുടെ പ്രകടനമിങ്ങനെ. ജോസ് കെ. മാണിയുടെ കേരള കോൺഗ്രസും (എം) പി.ജെ. ജോസഫിന്റെ കേരള കോൺഗ്രസും നേർക്കുനേർ മത്സരിച്ച 4 സീറ്റുകളിൽ 2–2 എന്നതാണു നില.

കേരള കോൺഗ്രസ് (എം) മൊത്തം 12 സീറ്റിൽ അഞ്ചെണ്ണം നേടിയെങ്കിലും പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ.മാണി തോറ്റു. കോട്ടയം ജില്ലയിലെ മികച്ച പ്രകടനത്തോടെ എൽഡിഎഫിൽ പാർട്ടിയുടെ സ്ഥാനം സുരക്ഷിതം. 2 മന്ത്രി സ്ഥാനമെങ്കിലും അവകാശപ്പെടാം. ഏറെ പ്രാധാന്യമുള്ള പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്തേക്ക് ആരു വരുമെന്നും അറിയണം. 

മറുവശത്ത്, ജോസ് കെ. മാണിയെ കൈവിട്ട് കോൺഗ്രസ് അർപ്പിച്ച വിശ്വാസം കാക്കാൻ പി.ജെ.ജോസഫിന്റെ കേരള കോൺഗ്രസിനു കഴിയാതെ പോയി. 10 സീറ്റുകളിൽ രണ്ടിടത്തു മാത്രം ജയം. പാർട്ടിയിലെ പദവിയെച്ചൊല്ലി കലാപം ഉയർത്തിയ ഫ്രാൻസിസ് ജോർജ് അടക്കം പരാജയപ്പെട്ടു.

മോൻസ് വിജയിച്ചതോടെ പാർട്ടിയിൽ ജോസഫ് കഴിഞ്ഞാൽ പ്രധാന നേതാവെന്ന തലത്തിലേക്ക് ഉയരുന്നു. ഇതിനോടു വിവിധ വിഭാഗങ്ങളിൽനിന്നു കേരള കോൺഗ്രസിലെത്തിയ നേതാക്കൾ എങ്ങനെ പ്രതികരിക്കുമെന്നു വരുംദിവസങ്ങളിലറിയാം.

ജോസ് വീണ്ടും എംപിയാകുമോ ?

തിരുവനന്തപുരം ∙ കയ്യിലുണ്ടായിരുന്ന രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയ ജോസ് കെ.മാണിക്കു പാലായിലെ പരാജയത്തോടെ മന്ത്രിസാധ്യതയും പോയി. രാജിവച്ച രാജ്യസഭാ ഒഴിവിൽ ജൂണിനകം വോട്ടെടുപ്പു നടക്കും. എൽഡിഎഫിനു ജയിക്കാവുന്ന സീറ്റ് വേണമെങ്കിൽ ജോസിനു തന്നെ നൽകാനാകുമെങ്കിലും തീരുമാനം കാത്തിരുന്നു കാണണം. യുഡിഎഫ് പ്രതിനിധിയായി ജയിച്ച സീറ്റ് എൽഡിഎഫ് പ്രവേശനവേളയിലാണു ജോസ് രാജിവച്ചത്. 2024 വരെയാണ് ഇൗ സീറ്റിന്റെ കാലാവധി.

കൽപറ്റയിൽ തോറ്റ എം.വി .ശ്രേയാംസ് കുമാർ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തിനു തുടരാം. നേമത്തു തോറ്റ കെ. മുരളീധരനും വടകര എംപിയായി തുടരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com