ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ട നേതാവ്: മുഖ്യമന്ത്രി

HIGHLIGHTS
  • ആർ.ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ചു നേതാക്കൾ
Pinarayi Vijayan
പിണറായി വിജയൻ
SHARE

തിരുവനന്തപുരം∙ ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി എന്നും വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട നേതാവാണ് ആർ.ബാലകൃഷ്ണ പിള്ളയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. പല പതിറ്റാണ്ടുകൾ കേരള രാഷ്ട്രീയത്തിൽ സമഗ്രതയോടെ ഉയർന്നു നിന്ന സമുന്നത വ്യക്തിത്വമായിരുന്നു .

നിയമസഭയിലും പാർലമെന്റിലും കേരളത്തിന്റെ ശബ്ദം ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധേയ പങ്ക് വഹിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തിനു പൊതുവിലും ഇടതുമുന്നണിക്കു വിശേഷിച്ചും വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

∙ രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്) : കേരള രാഷ്ട്രീയത്തിലെ അതികായനായ നേതാവിനെയാണ് നഷ്ടമായത്. കേരളം കണ്ട ഏറ്റവും പ്രഗല്ഭരായ ഭരണകർത്താക്കളിൽ ഒരാളായിരുന്നു

∙ പി.ശ്രീരാമകൃഷ്ണൻ (സ്പീക്കർ) : കേരള കോൺഗ്രസിന്റെയും കേരള രാഷ്ട്രീയത്തിന്റെയും ചരിത്രത്തിൽ തന്റേതായ നിലപാടുകൾ കൊണ്ട് ഒറ്റയാനായി നിന്ന കരുത്തുറ്റ നേതാവായിരുന്നു ബാലകൃഷ്ണ പിള്ള.

∙ മുല്ലപ്പള്ളി രാമചന്ദ്രൻ (കെപിസിസി പ്രസിഡന്റ്): രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾക്കൊപ്പം സഞ്ചരിച്ച കരുത്തുറ്റ നേതാവിനെയാണു നഷ്ടമായത്.

∙ കെ.സുരേന്ദ്രൻ (ബിജെപി സംസ്ഥാന പ്രസിഡന്റ്): കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി സജീവ സാന്നിധ്യമായിരുന്നു ബാലകൃഷ്ണൻ പിള്ള.

∙ കോടിയേരി ബാലകൃഷ്ണൻ: കേരള രാഷ്‌ട്രീയത്തെ അഗാധമായി സ്വാധീനിച്ചു ചരിത്രത്തിൽ ഇടംനേടിയ രാഷ്‌ട്രീയ നേതാവാണ്‌ ആർ.ബാലകൃഷ്‌ണ പിള്ള.

കാതോലിക്കാ ബാവായും മാർ ആലഞ്ചേരിയും അനുശോചിച്ചു

കൊച്ചി ∙ കേരള രാഷ്ട്രീയത്തിൽ ശക്തമായ നിലപാടുകൾ കൊണ്ടു ശ്രദ്ധേയനായിരുന്ന നേതാവിനെയാണു ആർ. ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ കേരള സമൂഹത്തിനു നഷ്ടമായതെന്നു കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.

കോട്ടയം ∙ യഥാർഥ മനുഷ്യസ്നേഹിയും ജനക്ഷേമത്തിനു വേണ്ടി ആത്മാർഥമായി പ്രവർത്തിച്ച നേതാവുമായിരുന്നു അന്തരിച്ച ആർ. ബാലകൃഷ്ണപിള്ളയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.

കേരളീയ സമൂഹത്തിനു പൊതുവെയും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണെന്നും ബാവാ പറഞ്ഞു. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസും എക്സിക്യൂട്ടീവ് ചെയർമാർ മോൻസ് ജോസഫും അനുശോചിച്ചു.

വാത്സല്യനിധിയായ അച്ഛൻ: ഗണേഷ് കുമാർ

പത്തനാപുരം ∙ പുറമേ എത്ര ശകാരിക്കുന്നുവോ, അതിലിരട്ടി വാത്സല്യം മനസ്സിൽ സൂക്ഷിച്ച അച്ഛനെക്കുറിച്ചുള്ള കണ്ണീരോർമയിൽ മകൻ കെ.ബി.ഗണേഷ് കുമാർ. അമ്മയുടെ മരണശേഷം ഞാൻ എപ്പോഴും അടുത്തു വേണമെന്ന പിടിവാശിയുണ്ടായിരുന്നു. വിദൂരസ്ഥലങ്ങളിലേക്കു പോകാൻ അനുവദിക്കില്ല.

കോവിഡ് പിടിപെട്ടപ്പോൾപൊലും, വീട്ടിൽ നിരീക്ഷണത്തിലിരിക്കാം എന്നു വാശി പിടിച്ചു. കേരളത്തിൽ എവിടെയുണ്ടെങ്കിലും അതതു ദിവസം വൈകിട്ട് അച്ഛനൊപ്പം ചേരാൻ ഞാനും ഓടിയെത്തും. ഒപ്പമിരുന്നു സംസാരിച്ച ശേഷമേ ഉറങ്ങാൻ കിടക്കൂ. ചെറുപ്പകാലത്തു കടുത്ത വാശിക്കാരനായിരുന്നു അച്ഛൻ.

മക്കളായ ഞങ്ങൾ മൂന്നു പേരെയും വീടു വിട്ടു മറ്റിടങ്ങളിൽ വിടില്ല. മൂത്ത ചേച്ചിയോടായിരുന്നു അന്നു കൂടുതൽ ഇഷ്ടം. രാഷ്ട്രീയത്തിൽ വന്ന ശേഷം അച്ഛനുമായി പരസ്യമായി തർക്കങ്ങൾ പലതുണ്ടായെങ്കിലും, വീട്ടിലെത്തി നേരിട്ടു കണ്ടാൽ ഇക്കാര്യങ്ങളൊന്നും പറയില്ല. അമ്മയും ഒപ്പമുണ്ടാകും. അമ്മയുടെ മരണമാണ് അച്ഛനെ തളർത്തിയത്. അതിനു ശേഷമാണു തന്നോടുള്ള ഇഷ്ടം വർധിച്ചത്– ഗണേഷ്കുമാർ പറഞ്ഞു.

ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ച് പി.ജെ. ജോസഫ്

തൊടുപുഴ ∙ ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്ത നേതാവായിരുന്നു അന്തരിച്ച ആർ. ബാലകൃഷ്ണ പിള്ളയെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അനുസ്മരിച്ചു. കേരള കോൺഗ്രസിന്റെ രൂപീകരണ കാലം മുതൽ ബാലകൃഷ്ണ പിള്ളയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. കെ.എം. ജോർജ് കഴിഞ്ഞാൽ പ്രധാനപ്പെട്ട നേതാവ് ബാലകൃഷ്ണപിള്ള ആയിരുന്നു.

25ാം വയസ്സിൽ എംഎൽഎ ആയ ബാലകൃഷ്ണ പിള്ള  മന്ത്രി, എംപി എന്നീ നിലകളിൽ ഉജ്വല പോരാട്ടം നടത്തി. നല്ല നർമബോധം ഉള്ള രാഷ്ട്രീയ നേതാവായിരുന്നു. പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സ്ഥാനത്തുനിന്ന് പുറത്ത് പോകേണ്ടി വന്ന ബാലകൃഷ്ണ പിള്ളയെ വീണ്ടും മന്ത്രിസഭയിൽ എത്തിക്കാൻ താനും പരിശ്രമം നടത്തിയിരുന്നു. 

വളരെക്കാലം കൊട്ടാരക്കരയെ പ്രതിനിധീകരിച്ച അദ്ദേഹം നാടിന്റെ വികസനത്തിനായി വിലപ്പെട്ട സംഭാവനകൾ നൽകി. പൊതുരംഗത്ത് അദ്ദേഹത്തിന്റെ സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാനാകില്ലെന്നും ജോസഫ് അനുസ്മരിച്ചു.

English Summary: Chief minister pays homage to Balakrishna Pillai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA