മെഡിക്കൽ കോളജിൽ കോവിഡ് ബാധിതരുടെ മൃതദേഹം മാറി

HIGHLIGHTS
  • തിരിച്ചറിയുന്നത് ഒരാളുടെ സംസ്കാരത്തിനുശേഷം
Dead-body
SHARE

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിതരുടെ മൃതദേഹം മാറിപ്പോയി. ബന്ധുക്കൾക്കു മോർച്ചറിയിൽ നിന്നു നൽകിയ മൃതദേഹം സംസ്കരിച്ചതിനുശേഷം യഥാർഥ അവകാശി ബന്ധപ്പെട്ടപ്പോഴാണ് വിവരം അറിയുന്നത്.  നെയ്യാറ്റിൻകര അംബേദ്കർ കോളനിയിലെ പ്രസാദിന്റെ (47) മൃതദേഹമാണു വെള്ളായണി പാപ്പൻചാണി കുന്നത്തുവിള വീട്ടിൽ മണികണ്ഠന്റേ (48)തെന്നു കരുതി ബന്ധുക്കൾ സംസ്കരിച്ചത്.

സംസ്കരിച്ച് അരമണിക്കൂർ കഴിഞ്ഞാണു മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതർ അറിഞ്ഞത്. തുടർന്ന് താൽക്കാലിക ജീവനക്കാരനായ മോഹനൻ നായരെ  സസ്പെൻഡ് ചെയ്തു. അതേസമയം, മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയില്ല. 

ശ്വാസതടസ്സത്തെ തുടർന്നു ശനിയാഴ്ച വൈകിട്ടാണു പ്രസാദിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നത്. വഴിമധ്യേ ബോധം നഷ്ടമായ പ്രസാദിനെ കാഷ്വൽറ്റിയിൽ എത്തിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും  മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട്  പ്രസാദിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പൊലീസും ബന്ധുക്കളും എത്തി.

ഇതേസമയം കോവിഡ് ബാധിതനായി മരിച്ച മണികണ്ഠന്റെ മൃതദേഹം ഏറ്റുവാങ്ങാൻ അവരുടെ ബന്ധുക്കളും  എത്തി. തുടർന്നാണ് സുരക്ഷാ ജീവനക്കാരൻ മോഹനൻ നായർ മൃതദേഹം മാറിനൽകിയത്. പിന്നീട് പ്രസാദിന്റെ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം മാറിയതു തിരിച്ചറിഞ്ഞത്. തുടർന്ന് മണികണ്ഠന്റെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടപ്പോഴേക്കും മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു കഴിഞ്ഞിരുന്നു.

 മൃതദേഹങ്ങൾ കൈമാറുമ്പോൾ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യമുണ്ടാകണം എന്നാണ് നിയമമെങ്കിലും ഉദ്യോഗസ്ഥൻ  മോർച്ചറിയിലേക്ക് വരാറില്ലത്രെ.  മുൻപും മൃതദേഹം മാറി നൽകി വിവാദമുണ്ടായപ്പോൾ ആരോഗ്യവകുപ്പ്   കർശന നിർദേശം നൽകിയിരുന്നു.പ്രസാദിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ ആശുപത്രി സൂപ്രണ്ടിനോട് മെഡിക്കൽകോളജ് പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. 

അതേസമയം, മണികണ്ഠന്റെ മൃതദേഹം തന്നെയാണ് കൊണ്ടുപോയതും സംസ്കരിച്ചതുമെന്നാണ് മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ ബന്ധു പറയുന്നത്. എന്നാൽ മണികണ്ഠന്റെ മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്നും ആശുപത്രി സൂപ്രണ്ടും മെഡിക്കൽ കോളജ് സിഐയും ഇത് പരിശോധിച്ചു ഉറപ്പാക്കിയിട്ടുണ്ടെന്നും മെഡിക്കൽ കോളജ് ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫിസർ നാസറുദീൻ അറിയിച്ചു.

English Summary: Dead bodies of covid patients handed over to another families from medical college

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA