ഹൈക്കമാൻഡ് വിലയിരുത്തൽ : മുഖ്യമന്ത്രിയെ പറയാഞ്ഞത് തിരിച്ചടിച്ചു

1200-oommen-chandy-mullappally-ramachandran-ramesh-chennithala
SHARE

ന്യൂഡൽഹി ∙ ദയനീയ തോൽവിക്കു ശേഷവും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാജി സന്നദ്ധത പ്രകടിപ്പിക്കാത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി.

അതേസമയം, ഇവരെ നീക്കേണ്ടതുണ്ടോയെന്ന കാര്യം ചർച്ചയ്ക്കെടുത്തിട്ടില്ല. നേതൃത്വം ഇടപെട്ടു മാറ്റിയെന്നു വരുത്താതെ, സ്വയം ഒഴിയുന്നതാണ് ഉചിതമെന്നാണു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. 

കോൺഗ്രസ് പൂജ്യത്തിൽ ഒതുങ്ങിയ ബംഗാളിലും പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി രാജി സൂചന നൽകിയിട്ടില്ല. അസം പിസിസി പ്രസിഡന്റ് റിപുൺ ബോറ മാത്രമാണു ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചത്. 

കേരളത്തിൽ കോൺഗ്രസിന്റെ തോൽവി വിശകലനം ചെയ്തുള്ള റിപ്പോർട്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാൻഡിനു നൽകും. 

പഴി മുഴുവൻ സംസ്ഥാന നേതൃത്വത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നതു ശരിയല്ലെന്ന ചിന്തയും ഹൈക്കമാൻഡിനുണ്ട്. ദേശീയ നേതൃത്വത്തിന്റെ നിർദേശങ്ങളെല്ലാം നടപ്പാക്കിയാണ് ഇക്കുറി സംസ്ഥാന നേതൃത്വം തിരഞ്ഞെടുപ്പിനിറങ്ങിയത്. സ്ഥാനാർഥി നിർണയത്തിൽ യുവാക്കൾക്കു പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഗ്രൂപ്പ് വീതംവയ്പ് പാടില്ലെന്നുമുള്ള നിർദേശങ്ങൾ മുൻപില്ലാത്തവിധം കർശനമായി പാലിക്കാൻ സംസ്ഥാനം തയാറായി. പരാതിക്കിടയില്ലാത്ത വിധം പ്രചാരണവും കൊഴുപ്പിച്ചു. രാഹുൽ ഗാന്ധി തന്നെ അതിനു നേതൃത്വം നൽകി. ഈ സാഹചര്യത്തിൽ, സംസ്ഥാന നേതൃത്വത്തിന്റെ പോരായ്മകളാണു തോൽവിക്കു കാരണമെന്നു വിധിയെഴുതുന്നതിൽ ഹൈക്കമാൻഡിനു താൽപര്യമില്ല. 

മുഖ്യമന്ത്രി പിണറായി വിജയനെ കരുത്തനായി എൽഡിഎഫ് ചിത്രീകരിച്ചപ്പോൾ മറുവശത്ത് ആരു മുഖ്യമന്ത്രിയാവുമെന്ന കാര്യത്തിൽ യുഡിഎഫ് ക്യാംപിൽ അനിശ്ചിതത്വം നിലനിർത്തിയതു തോൽവിയുടെ കാരണങ്ങളിലൊന്നാണെന്നു ഹൈക്കമാൻഡ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അസമിലും സമാന സ്ഥിതിയുണ്ടായി. മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്ന കോൺഗ്രസിന്റെ രീതി കാലഹരണപ്പെട്ടുവെന്നും നേതാവില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുന്നതു തിരിച്ചടിയാകുമെന്ന പാഠമാണു കേരളവും അസമും നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA