കോണിപ്പടികൾ ഇടറിയപ്പോൾ; ഭൂരിപക്ഷത്തിൽ ഇടിവ്, സിറ്റിങ് സീറ്റുകളിൽ പരാജയം

malappuram-muslim-league-conferance
(ഫയൽ ചിത്രം)
SHARE

മലപ്പുറം ∙ കുത്തക മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറയുകയും സിറ്റിങ് സീറ്റുകൾ നഷ്ടമാകുകയും ചെയ്തതോടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളിൽ പാളിച്ചയുണ്ടായെന്ന വിമർശനം മുസ്‌ലിം ലീഗിനുള്ളിലും സജീവം. ഇടതു തരംഗമുണ്ടായ തിരഞ്ഞെടുപ്പിൽ യു‍ഡിഎഫിലെ മറ്റു കക്ഷികളെ അപേക്ഷിച്ച്, ലീഗിനു വലിയ തിരിച്ചടിയുണ്ടായില്ല.

27 സീറ്റുകളിൽ മത്സരിച്ച പാർട്ടി 15 സീറ്റുകളിൽ വിജയിച്ചു. 2016നെ അപേക്ഷിച്ച് 3 സീറ്റിന്റെ കുറവ് മാത്രമാണുള്ളത്. എന്നാൽ‌ അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശേരി എന്നീ സിറ്റിങ് സീറ്റുകൾ നഷ്ടമായതും മലപ്പുറം ജില്ലയിലെ സീറ്റുകളിൽ ഭൂരിപക്ഷത്തിലുണ്ടായ കുറവുമാണു വിമർശന സ്വരങ്ങൾക്കു ശക്തി പകരുന്നത്.

ലീഗ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും വിമത നീക്കങ്ങളുമുണ്ടായ മണ്ഡലങ്ങളിലാണ് ഇത്തവണ പാർട്ടിക്കു കൂടുതൽ തിരിച്ചടി നേരിട്ടത്. സ്ഥാനാർഥി നിർണയത്തിലെ ഇത്തരം പ്രതിഷേധങ്ങൾ മറ്റു മണ്ഡലങ്ങളിലെ നിശ്ശബ്ദ വോട്ടുകളെയും സ്വാധീനിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ.

ലോക്സഭാ എംപി സ്ഥാനം രാജിവച്ചുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവു നിഷ്പക്ഷ വോട്ടർമാർക്കിടയിൽ ചർച്ചയാക്കുന്നതിൽ ഇടതുപക്ഷവും വിജയിച്ചു. സിപിഎം താരതമ്യേന ദുർബലയായ സ്ഥാനാർഥിയെ നിർത്തിയിട്ടും 2016നെ അപേക്ഷിച്ച് വേങ്ങരയിൽ യുഡ‍ിഎഫിന്റെ വോട്ടുവിഹിതത്തിൽ 7 ശതമാനത്തോളം കുറവുണ്ടായി. മലപ്പുറം ജില്ലയിലെ 11 സിറ്റിങ് സീറ്റുകൾ നിലനിർത്തിയെങ്കിലും പെരിന്തൽമണ്ണ, ഏറനാട് മണ്ഡലങ്ങളിൽ ഒഴികെ എൽഡിഎഫ് വോട്ടുവിഹിതം വർധിപ്പിച്ചത് ലീഗിനുള്ള ജാഗ്രതാ സൂചനയാണെന്നു പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

കളമശേരിയിൽ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകനെ സ്ഥാനാർഥിയാക്കിയതിന് എതിരെ മണ്ഡലം കമ്മിറ്റി പ്രതിഷേധമുയർത്തുകയും ജില്ലാ ഭാരവാഹികൾ പാണക്കാട്ടെത്തി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റാനാകില്ലെന്ന നിലപാടായിരുന്നു നേതൃത്വത്തിന്.

എം.കെ. മുനീറിനെ കൊടുവള്ളിയിലേക്കു മാറ്റിയാൽ കോഴിക്കോട് സൗത്ത് കൈവിട്ടു പോകുമെന്ന മണ്ഡലം കമ്മിറ്റിയുടെ മുന്നറിയിപ്പും മുഖവിലയ്ക്കെടുത്തില്ല. മലപ്പുറത്തെ സുരക്ഷിത മണ്ഡലത്തിലേക്കു മാറാൻ കെ.എം.ഷാജി താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അഴീക്കോട്ടുതന്നെ മത്സരിക്കണമെന്നായിരുന്നു പാർട്ടി തീരുമാനം.

തിരുവമ്പാടി, കൂത്തുപറമ്പ്, പേരാമ്പ്ര സീറ്റുകളിലെ സ്ഥാനാർഥികളെ നിർണയിച്ചതിലും പ്രാദേശിക നേതൃത്വത്തിനിടയിൽ എതിരഭിപ്രായമുണ്ടായിരുന്നു. തിരുവമ്പാടി മണ്ഡലം കോൺഗ്രസിനു നൽകി പകരം പട്ടാമ്പി ഏറ്റെടുക്കുന്നതു സംബന്ധിച്ച് യുഡിഎഫിൽ വലിയ ചർച്ചകൾ നടന്നെങ്കിലും തിരുവമ്പാടിക്കായി ലീഗ് കടുംപിടുത്തത്തിലായിരുന്നു.

തിരുവമ്പാടി ലീഗിനും പട്ടാമ്പി കോൺഗ്രസിനും നഷ്ടമായി. താനൂരിൽ പി.കെ.ഫിറോസ് എന്ന കരുത്തനായ സ്ഥാനാർഥിയെ രംഗത്തിറക്കിയ ലീഗിന്റെ പരാജയത്തിനു കാരണം യുഡിഎഫിലെ തന്നെ അടിയൊഴുക്കുകളാണ്. കോൺഗ്രസും ലീഗും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന പൊൻമുണ്ടം പഞ്ചായത്തിൽ നിന്നടക്കം വോട്ടു ചോർച്ചയുണ്ടായതോടെ 985 വോട്ടിന്റെ തോൽവിയാണ് താനൂരിലുണ്ടായത്.

25 വർഷത്തെ ഇടവേളയ്ക്കുശേഷം വനിതാ സ്ഥാനാർ‌ഥിയെ പ്രഖ്യാപിച്ച തീരുമാനത്തിലൂടെ ഇത്തവണ ലീഗ് കയ്യടി നേടിയെങ്കിലും കോഴിക്കോട് സൗത്തിൽ‌ നൂർബീന റഷീദിന്റെ പ്രചാരണ പരിപാടികളിൽ ചില പ്രമുഖ നേതാക്കളുടെ സാന്നിധ്യമുണ്ടായില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. പ്രചാരണ രംഗത്ത് മണ്ഡലം കമ്മിറ്റിയുടെ നിസ്സഹകരണവും ഇവിടെ പ്രകടമായിരുന്നു. ഇതിനു പരിഹാരം കാണാൻ പാണക്കാട്ട് ലീഗ് നേതൃത്വം യോഗം വിളിച്ചുകൂട്ടിയിരുന്നു. അതും ഫലം കണ്ടില്ലെന്ന സൂചനയാണു മണ്ഡലത്തിലെ ജനവിധി നൽകുന്നത്. എം.കെ.മുനീർ 6,327 വോട്ടിനു വിജയിച്ച മണ്ഡലത്തിൽ ഇത്തവണ നൂർബീന റഷീദ് പരാജയപ്പെട്ടത് 12,459 വോട്ടിനാണ്.

English Summary: Kerala Assembly Elections 2021 - Muslim League

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA