ADVERTISEMENT

പെരിന്തൽമണ്ണ ∙ സ്പെഷൽ തപാൽ വോട്ടുകൾ എണ്ണാതെ തള്ളിയ നടപടി ചോദ്യംചെയ്ത് പെരിന്തൽമണ്ണ നിയോജകമണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം.മുസ്തഫ ഹൈക്കോടതിയെ സമീപിക്കും. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നിയമോപദേശം തേടി. 80 വയസ്സു കഴിഞ്ഞവരുടെ തപാൽ വോട്ടുകളിൽ 348 വോട്ടുകൾ എണ്ണാതെ തള്ളിക്കളഞ്ഞതിനെതിരെയാണു നിയമനടപടി.

ഡിക്ലറേഷൻ ഫോമിലും തപാൽ ബാലറ്റിലുമുള്ള സീരിയൽ നമ്പറുകൾ വ്യത്യസ്‌തമാണെങ്കിൽ ആ വോട്ട് അസാധുവാണെന്ന തിരഞ്ഞെടുപ്പു ചട്ടത്തിലെ വ്യവസ്ഥ പ്രകാരമായിരുന്നു വോട്ടുകൾ തള്ളിയത്. ഇതിനു പുറമേ, എണ്ണിയ തപാൽ വോട്ടുകളിൽ ഇവിടെ 109 വോട്ടുകൾ അസാധുവായിട്ടുമുണ്ട്.

തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ വീടുകളിൽ പോയി ചെയ്യിച്ച വോട്ടുകളിലാണു പിഴവുണ്ടായിരിക്കുന്നതെന്നും ഉദ്യോഗസ്ഥൻ സീരിയൽ നമ്പർ എഴുതിയില്ലെന്നതിന്റെ പേരിൽ വോട്ട് നിഷേധിക്കുന്നത് ശരിയല്ലെന്നും കെ.പി.എം.മുസ്തഫ പറഞ്ഞു. തപാൽ വോട്ടുകൾ പൂർണമായി എണ്ണിയാൽ മുസ്തഫ വിജയിക്കുമെന്ന പ്രതീക്ഷയും മണ്ഡലത്തിലെ എൽഡിഎഫ് നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്.

സംസ്ഥാനത്തു തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വിജയിച്ചത്. കെ.പി.എം.മുസ്തഫയുടെ 3 അപരന്മാർ ചേർന്ന് 1972 വോട്ടുകൾ പിടിച്ചപ്പോൾ നജീബിന്റെ അപരനായി മത്സരിച്ചയാൾ നേടിയത് 828 വോട്ടാണ്.

English Summary:  Kerala Assembly Elections 2021 - Perinthalmanna Constituency ldf candidate to approach court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com