ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനെക്കാൾ വോട്ടു വിഹിതം വർധിപ്പിച്ചപ്പോൾ എൽഡിഎഫ് കരസ്ഥമാക്കിയതു വൻവിജയം. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ഏതാണ്ട് നിലനിർത്തിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് വോട്ട് കുത്തനെ കുറഞ്ഞു. വോട്ടു നഷ്ടം മൂലം മുഖം നഷ്ടമായത് എൻഡിഎക്ക്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ 2.67 ശതമാനവും ലോക്സഭയിൽ നേടിയതിനെക്കാൾ 10.73 ശതമാനവുമാണ് എൽഡിഎഫിന്റെ വോട്ട് വർധന.

യുഡിഎഫിനു കഴിഞ്ഞ നിയമസഭയിൽ കിട്ടിയതിനെക്കാൾ 0.78% വോട്ടുകൾ ഇക്കുറി അധികം ലഭിച്ചു. എന്നാൽ 20 ൽ 19 സീറ്റുകളിലും വിജയം നേടിയ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തെക്കാൾ 7.87% വോട്ടുകൾ കുറഞ്ഞു.

കയ്യിലുണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ടെന്നു മാത്രമല്ല, കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ വോട്ടു വിഹിതത്തിൽ വലിയ നഷ്ടമാണ് എൻഡിഎക്ക് ഉണ്ടായത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 14.93 % വോട്ടു വിഹിതത്തിൽ നിന്ന് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ 15.53 ശതമാനമായി വോട്ടുകൾ വർധിപ്പിക്കാൻ ബിജെപിക്കു കഴിഞ്ഞിരുന്നു. ഇക്കുറി 2016ലേതിനെക്കാൾ താഴെയാണ് (12.47%) ബിജെപി വോട്ടുകൾ.

നേമം: ബിജെപിയുടെ നഷ്ടം 12.22% വോട്ട്

കൈവിട്ട നേമം സീറ്റിൽ 12.22% വോട്ടുകളാണ് ബിജെപിക്കു നഷ്ടപ്പെട്ടത്. വിജയിച്ച വി.ശിവൻകുട്ടിക്ക് 3.41% വോട്ടു കുറഞ്ഞപ്പോൾ മൂന്നാം സ്ഥാനത്തായ കെ. മുരളീധരന് 15.25% വോട്ടുകൾ അധികം കിട്ടി. കഴിഞ്ഞ തവണ ഒ. രാജഗോപാലിനു കിട്ടിയ വോട്ടുകളിൽ ഒരു പങ്ക് കോൺഗ്രസ് പിടിച്ചതാണു നേമത്തെ ബിജെപിയുടെ ‘അക്കൗണ്ട് ക്ലോസ്’ ചെയ്യാൻ ഇടവരുത്തിയത്.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തി വലിയ നേട്ടമുണ്ടാക്കിയ കഴക്കൂട്ടം മണ്ഡലത്തിൽ ഇക്കുറി വിജയിക്കുമെന്നു പ്രതീക്ഷയുണ്ടാക്കിയെങ്കിലും ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന് 3.04% വോട്ടു കുറഞ്ഞു. ഇവിടെ യുഡിഎഫിന് 5.14% വോട്ടുകളും നഷ്ടപ്പെട്ടു. ഇരു മുന്നണികളിലും നിന്നു വോട്ടു പിടിച്ചെടുത്താണ് എൽഡിഎഫിലെ കടകംപള്ളി സുരേന്ദ്രൻ ഭൂരിപക്ഷം വർധിപ്പിച്ചത്.

എന്നാൽ, മഞ്ചേശ്വരത്ത് 2.38 ശതമാനവും വട്ടിയൂർക്കാവിൽ 6.61 ശതമാനവും പാലക്കാട്ട് 6.26 ശതമാനവും മലമ്പുഴയിൽ 0.78 ശതമാനവും ചാത്തന്നൂരിൽ 9.05 ശതമാനവും കഴിഞ്ഞ തവണത്തെക്കാൾ വോട്ടുകൾ വർധിപ്പിക്കാൻ ബിജെപിക്കു കഴിഞ്ഞു.

English Summary: Kerala Assembly Elections 2021 - UDF, LDF, NDA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com