ആർ.ബാലകൃഷ്ണപിള്ളയ്ക്ക് വിട; സംസ്കാരം നടത്തി

HIGHLIGHTS
  • അന്ത്യം ഇന്നലെ പുലർച്ചെ നാലരയോടെ
r-balakrishna-pillai
ആർ.ബാലകൃഷ്ണപിള്ള
SHARE

കൊട്ടാരക്കര∙ കേരള കോൺഗ്രസ് സ്ഥാപകനേതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ള(87)യ്ക്കു കേരളത്തിന്റെ അന്ത്യാഞ്ജലി. ശ്വാസതടസ്സത്തെത്തുടർന്നു കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു. നിലവിൽ കേരള കോൺഗ്രസ്(ബി) ചെയർമാനായ അദ്ദേഹം സംസ്ഥാന മുന്നാക്ക ക്ഷേമ കോർപറേഷൻ അധ്യക്ഷനുമായിരുന്നു.

കൊട്ടാരക്കരയിലെ കീഴൂട്ടു വീട്, പുനലൂരിലെ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ ഹാൾ എന്നിവിടങ്ങളിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരം വാളകത്തെ തറവാട്ടുവീട്ടിൽ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകൾ കേരളത്തിൽ വിജയകരമായി പരീക്ഷിച്ച ബാലകൃഷ്ണപിള്ള, യുഡിഎഫിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമാണ്. പഞ്ചായത്ത് പ്രസിഡന്റ്, എംഎൽഎ, മന്ത്രി, എംപി തുടങ്ങിയ നിലകളിൽ തിളങ്ങിയ അദ്ദേഹത്തിന്റെ പേരിൽ വിവാദങ്ങൾക്കും കുറവുണ്ടായിരുന്നില്ല.

1200-balakrishnapillai-tm-jacob
ആർ.ബാലകൃഷ്ണപിള്ള, ടി.എം.ജേക്കബ്, പി.ജെ.ജോസഫ്, കെ.എം.മാണി എന്നിവർ (ഫയൽ ചിത്രം).

ശ്രീമൂലം പ്രജാസഭാംഗമായിരുന്ന വാളകം കീഴൂട്ട് രാമൻപിള്ളയുടെയും കാർത്യായനിയമ്മയുടെയും മകനായി 1934 ഓഗസ്റ്റ് 25നു ജനിച്ച പിള്ള ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയാണു പൊതുരംഗത്തെത്തിയത്. പിന്നീടു കോൺഗ്രസിലെത്തി കെപിസിസി എക്സിക്യൂട്ടീവ്– എഐസിസി അംഗമായി. 1964ൽ കെ.എം.ജോർജിനൊപ്പം കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിനു രൂപം നൽകിയ 15 നിയമസഭാംഗങ്ങളിൽ ഒരാളാണു പിള്ള. ജോർജ് ചെയർമാനായ കേരള കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയുമായി.

1200-r-balakrishna-pillai-km-mani
ആർ.ബാലകൃഷ്ണപിള്ള, കെ.ശങ്കരനാരായണൻ, കെ.കരുണാകരൻ, കെ.എം.മാണി എന്നിവർ (ഫയൽ ചിത്രം)

1960 ൽ 25–ാം വയസ്സിൽ പത്തനാപുരത്തുനിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, പ്രായം കുറഞ്ഞ അംഗം എന്ന റെക്കോർഡിന് ഉടമയായി. 1965ൽ കൊട്ടാരക്കരയിൽ നിന്നു വിജയിച്ചെങ്കിലും 1967ലും 1970ലും പരാജയപ്പെട്ടു. 1977, 1980, 1982, 1987,1991, 1996, 2001 തിരഞ്ഞെടുപ്പുകളിലും കൊട്ടാരക്കരയുടെ എംഎൽഎയായി. 2006ൽ പരാജയപ്പെട്ടു. 1971ൽ മാവേലിക്കരയിൽ നിന്നു ലോക്‌സഭാംഗമായ പിള്ള, സി.അച്യുതമേനോൻ, കെ. കരുണാകരൻ, ഇ.കെ.നായനാർ, എ.കെ.ആന്റണി മന്ത്രിസഭകളിലായി ഗതാഗതം, എക്സൈസ്, ജയിൽ, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്തു.

1982–87ൽ വൈദ്യുതി മന്ത്രിയായിരിക്കെ ഇടമലയാർ, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സുപ്രീംകോടതി ഒരുവർഷം തടവിനു ശിക്ഷിച്ചു. കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരിൽ സംസ്‌ഥാനത്ത് അയോഗ്യനാക്കപ്പെട്ട ഏക എംഎൽഎയും അദ്ദേഹമാണ്. 1964 മുതൽ 1987 വരെ ഇടമുളയ്‌ക്കൽ ഗ്രാമപ്പഞ്ചായത്തിന്റെയും 1987 മുതൽ 1995 വരെ കൊട്ടാരക്കര ഗ്രാമപ്പഞ്ചായത്തിന്റെയും പ്രസിഡന്റായി. മന്ത്രി ആയിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു തുടർന്നുവെന്ന അപൂർവതയും പിള്ളയുടെ പേരിലാണ്.

ഭാര്യ: പരേതയായ ആർ. വൽസല. മക്കൾ: ഉഷ മോഹൻദാസ്, കെ.ബി.ഗണേഷ്കുമാർ എംഎൽഎ, ബിന്ദു ബാലകൃഷ്ണൻ. മരുമക്കൾ: കെ. മോഹൻദാസ് (മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേഷ് (ദുബായ്), ടി.ബാലകൃഷ്ണൻ (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി, തലസ്ഥാന നഗര വികസന പദ്ധതി സ്പെഷൽ ഓഫിസർ).

1200-r-balakrihna-pillai-valsala
ആർ. ബാലകൃഷ്ണപിള്ളയും ഭാര്യ വൽസല കുമാരി

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ തുടങ്ങി ഒട്ടേറെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. 

English Summary: Kerala Congress(B) leader R.Balakrisha Pillai passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA