ആരോപണവുമായി പിണറായി: ‘യുഡിഎഫിന്റെ 10 സീറ്റുകളിൽ ജയം ബിജെപി വോട്ട് കൊണ്ട്’

pinarayi-vijayan-001
പിണറായി വിജയൻ
SHARE

തിരുവനന്തപുരം∙ ബിജെപി– കോൺഗ്രസ് വോട്ടു കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 90 മണ്ഡലങ്ങളിലെ വോട്ട് യുഡിഎഫിനു മറിച്ചുവെന്നും തങ്ങൾ ജയിക്കാൻ പോകുന്നുവെന്നു വോട്ടെണ്ണുന്നതിന്റെ തലേന്നു വരെ യുഡിഎഫ് നേതാക്കൾ അവകാശപ്പെട്ടത് ഈ വോട്ടു കച്ചവടത്തിന്റെ ആത്മവിശ്വാസത്തിലാണെന്നും പിണറായി പറഞ്ഞു.

യുഡിഎഫിനു കിട്ടിയതിൽ 10 സീറ്റിലെങ്കിലും ബിജെപി വോട്ട് ലഭിച്ചതിനാലാണു വിജയം സാധ്യമായത്. വോട്ടു കച്ചവടം ഇല്ലായിരുന്നുവെങ്കിൽ യുഡിഎഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നു. വലിയ സാമ്പത്തിക ഇടപാടുള്ള വോട്ടു കച്ചവടമാണു നടന്നത്. ഉന്നത നേതാക്കൾ ധാരണ ഉണ്ടാക്കിയാൽ മാത്രമേ 90 സീറ്റിൽ വോട്ടു കച്ചവടം നടത്താനാകൂ.

ബിജെപിക്ക് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 15.01% വോട്ടാണു ലഭിച്ചത്. ഇത്തവണ 12.4% ആയി– 2.61% വോട്ടിന്റെ കുറവ്. ഇതു യുഡിഎഫിനു പോയി. 2016ൽ ബിജെപിക്കു ലഭിച്ച 30.2 ലക്ഷം വോട്ട് ഇത്തവണ 25.92 ലക്ഷമായി. 4.28 ലക്ഷം കുറവ്. യുഡിഎഫിന് 78.83 ലക്ഷം വോട്ട് ലഭിച്ചത് ഇത്തവണ 82.09 ലക്ഷമായി. ഇതു വോട്ട് മറിച്ചതിനു തെളിവാണെന്ന് പിണറായി ആരോപിച്ചു.

കാസർകോട്- 2, കണ്ണൂർ-5, വയനാട്-2. കോഴിക്കോട്-9, മലപ്പുറം- 9, പാലക്കാട്-5, തൃശൂർ-6, എറണാകുളം- 12, ഇടുക്കി–5, ആലപ്പുഴ-6, കോട്ടയം- 9, പത്തനംതിട്ട-5, കൊല്ലം-5, തിരുവനന്തപുരം- 10 വീതം മണ്ഡലങ്ങളിലാണു വോട്ട് കച്ചവടം നടന്നതെന്നു മുഖ്യമന്ത്രി ആരോപിച്ചു. 

സുൽത്താൻ ബത്തേരിയിൽ ബിജെപിക്കു 12,458 വോട്ട് കുറഞ്ഞപ്പോൾ 11,822 വോട്ടിനു യുഡിഎഫ് ജയിച്ചു. പെരുമ്പാവൂരിൽ 2889 വോട്ടിനാണു യുഡിഎഫ് ജയിച്ചത്. അവിടെ ബിജെപിക്കു 4596 വോട്ട് കുറഞ്ഞു. കുണ്ടറയിൽ 4454 വോട്ടിനാണു ജെ. മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ടത്. ബിജെപിക്കു 14,160 കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, കുണ്ടറയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ഇവിടെ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വൻതോതിൽ വോട്ട് എങ്ങനെ കുറഞ്ഞുവെന്ന ചോദ്യത്തിനു അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

Pinarayi-Vijayan-8
പടയാളിക്കൊപ്പം: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളുമായുള്ള മുഖാമുഖത്തിനെത്തിയപ്പോൾ പടയാളിയുടെ ശിൽപം സമ്മാനിച്ചപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർഥി 992 വോട്ടിനാണു ജയിച്ചത്. അവിടെ ബിജെപിയുടെ 6087 വോട്ടു കുറഞ്ഞു. ചാലക്കുടി, കോവളം, കടുത്തുരുത്തി, പാലാ തുടങ്ങിയ മണ്ഡലങ്ങളിലും ഇതേ രീതിയിൽ ബിജെപി വോട്ട് മറിഞ്ഞു. ബിജെപി വോട്ട് മറിച്ചിട്ടും തവനൂർ, കുറ്റ്യാടി, കൊയിലാണ്ടി എന്നിവിടങ്ങളിൽ എൽഡിഎഫ് ജയിച്ചു. 

നേമത്ത് ഇത്തവണ ബിജെപിക്കു കുറഞ്ഞ അത്രയും വോട്ട് യുഡിഎഫ് സ്ഥാനാർഥിക്കു കഴിഞ്ഞ തവണത്തെക്കാൾ അധികം ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് വോട്ടിന്റെ ബലത്തിലാണു കഴിഞ്ഞ തവണ ബിജെപി  നേമം നേടിയതെന്ന് ഇതു വ്യക്തമാക്കുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

English Summary: Pinarayi Vijayan press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA