ADVERTISEMENT

സ്ഫോടനാത്മകമായ സ്വന്തം നാവിന്റെ പൊള്ളൽ പലപ്പോഴും അറിഞ്ഞിട്ടുള്ള നേതാവാണ് ആർ.ബാലകൃഷ്ണപിള്ള. വിവാദങ്ങളെ വിരൽദൂരത്തു നിർത്തിയായിരുന്നു എന്നും പിള്ളയുടെ രാഷ്ട്രീയ ജീവിതം. പഞ്ചാബ് മോഡൽ പ്രസംഗം മുതൽ ജയിൽവാസം വരെ നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീഴുന്നത്. അതിൽ അരനൂറ്റാണ്ടു പിന്നിട്ട കേരള രാഷ്ട്രീയത്തിന്റെ ചരിത്രവുമുണ്ട്. 

8 മാസവും 17 ദിവസവുമാണ് ബാലകൃഷ്ണപിള്ള ജയിലിൽ കഴിഞ്ഞത്. ആത്മകഥയിൽ ചേർക്കാൻ അന്നെഴുതിയ കുറിപ്പുകൾക്ക് അദ്ദേഹം നൽകിയ പേര് ‘മദ്വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ’ എന്നായിരുന്നു. ബാലകൃഷ്ണപിള്ളയും പി.ജെ.ജോസഫും ഉൾപ്പെട്ട കേരള കോൺഗ്രസിന്റെ സമ്പൂർണ സംസ്ഥാന സമ്മേളനം കൊച്ചിയിൽ നടക്കുമ്പോഴായിരുന്നു പിള്ളയുടെ വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം അരങ്ങേറുന്നത്.1985 മേയിൽ.

‘‘പഞ്ചാബിനെപ്പോലെ കേരളവും തുടങ്ങിയാലെ വ്യവസായങ്ങൾ കിട്ടുമെന്നുണ്ടെങ്കിൽ അതിനെപ്പറ്റി ആലോചിക്കാം.ഒരു പ്രത്യേക രാജ്യം ഇവിടെയും ഉണ്ടാകണം’’ എന്നായിരുന്നു പിള്ളയുടെ പ്രസംഗം. കേരളത്തിന് അനുവദിച്ച കോച്ച്ഫാക്ടറി പഞ്ചാബിലെ കപൂർത്തയിലേക്ക് പ്രവർത്തനം മാറ്റിയതിനെക്കുറിച്ചായിരുന്നു പിള്ളയുടെ ക്ഷോഭം. പഞ്ചാബിൽ അപ്പോൾ ഭീകരവാദവും ഖാലിസ്ഥാൻ പ്രവർത്തനവും കത്തി നിൽക്കുന്ന സമയമായിരുന്നു. പ്രസംഗം പഞ്ചാബ് മോഡലെന്ന പേരിൽ വ്യാഖ്യാനിക്കപ്പെട്ട് പത്രങ്ങളിൽ വന്നതോടെ വിവാദമായി.

കോൺഗ്രസ് നേതാവ് കെ.എം.ചാണ്ടിയുടെ മകൻ മന്ത്രി ബാലകൃഷ്ണപിള്ള സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ പരാമർശത്തെ തുടർന്നായിരുന്നു പിള്ളയുടെ രാജി. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ ആശിർവാദത്തോടെ യൂത്ത്കോൺഗ്രസ് പ്രസിഡന്റ് ജി.കാർത്തികേയൻ നടത്തിയ നീക്കമാണ് തന്റെ രാജിയിലെത്തിയതെന്നാണ് പിള്ള ആത്മകഥയിൽ പറയുന്നത്. ഇക്കാര്യത്തിൽ പിന്നീട് കാർത്തികേയൻ ഖേദമറിയിച്ചുവെന്നും പിള്ളയുടെ പുസ്തകത്തിലുണ്ട്. ഇത്തരമൊരു വിവാദം സ്വന്തം ക്യാംപിൽ നിന്നു വന്നതിലെ മനപ്രയാസവും പിള്ളക്കുണ്ടായിരുന്നു.

Kerala-leaders
2004ൽ അന്നത്തെ മുഖ്യമന്ത്രി നടത്തിയ നവോത്ഥാന യാത്രയ്ക്ക് കാസർകോട് മഞ്ചേശ്വരത്ത് തുടക്കം കുറിച്ച ചടങ്ങിൽ ടി.എം. ജേക്കബ്, കെ.എം. മാണി, കെ. കരുണാകരൻ, പി.കെ. കുഞ്ഞാലിക്കുട്ടി, മുഖ്യമന്ത്രി എ.കെ. ആന്റണി, ആർ. ബാലകൃഷ്ണ പിള്ള എന്നിവർ.

മന്ത്രിസഭാംഗമായിരിക്കെ ആദ്യമായി  ആ പദവി രാജിവച്ചയാളാണ് ബാലകൃഷ്ണപിള്ള.1971 ൽ മാവേലിക്കരയിൽ നിന്ന് ജയിച്ച് പാർലമെന്റ് അംഗമായ പിള്ള 1975 ൽ സംസ്ഥാനത്ത് മന്ത്രിയുമായി. മന്ത്രിയായി തുടരണമെങ്കിൽ നിയമസഭാംഗമാകണമായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭയുടെ കാലാവധി നീട്ടുകയും തിരഞ്ഞെടുപ്പു വൈകുകയും ചെയ്തു. തുടർന്നാണ് ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവച്ച് പാർലമെന്റിലേക്ക് മടങ്ങിയത്.1981 ൽ നായനാർ സർക്കാരിനുള്ള പിന്തുണ മാണി പിൻവലിച്ചപ്പോഴും പിള്ളക്ക് രാജിവയ്ക്കേണ്ടി വന്നു.

ഏഴുതവണ മന്ത്രിയായിട്ടും ഒരിക്കൽ പോലും തുടർച്ചയായി അഞ്ചു വർഷം ഈ പദവി വഹിക്കാൻ പിള്ളയ്ക്കു കഴിഞ്ഞില്ല. പല കാരണങ്ങളാൽ അഞ്ചു തവണയാണ് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ അഴിമതിക്കേസിൽ ജയിൽശിക്ഷ വാങ്ങിയ ആദ്യത്തെ കേരള മന്ത്രിയായി ബാലകൃഷ്ണപിള്ള. 

Ganesh-Kumar-and-Balakrishna-Pillai
മകൻ ഗണേഷ് കുമാറിനൊപ്പം

വെള്ളം പാറയുടെ ഇടുക്കിലൂടെ ഒഴുകിപ്പോയതുകൊണ്ട് വൈദ്യുതി ഉൽപ്പാദനം വൈകിയെന്നാണ് ഇടമലയാർ കേസിൽ ആകെയുള്ള ആരോപണമെന്നാണ് പിള്ളയുടെ വാദം.ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ നിന്ന് യന്ത്രങ്ങൾ വരാൻ വൈകിയതാണ് പദ്ധതി വൈകാൻ കാരണം. 1985 ൽ പൂർത്തിയായ പദ്ധതി ഇന്നും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും സംസ്ഥാനത്തിന് കോടികൾ നേടിത്തന്നുവെന്നും പിള്ള പറയുന്നു.മുൻ മന്ത്രി ടി.ശിവദാസമേനോനും വി.എസ്.അച്യുതാനന്ദനും പകയോടെ തന്നെ വേട്ടയാടിയെന്നാണ് പിള്ളയുടെ ആരോപണം.

കേരളത്തിൽ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യത്തെ എംഎൽഎ ആണ് ബാലകൃഷ്ണപിള്ള. കേരള കോൺഗ്രസ് (ജെ) യുഡിഎഫിൽ ആയിരിക്കുമ്പോൾ 1989 നവംബർ അഞ്ചിനാണു പിള്ളയെ അയോഗ്യനാക്കണമെന്ന പരാതി സ്പീക്കർ വർക്കല രാധാകൃഷ്ണനു ലഭിച്ചത്. ആ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പിനു സീറ്റ് നൽകാത്തതിനെ തുടർന്നു പാർട്ടി നേതാവായ പി.ജെ. ജോസഫ് മൂവാറ്റുപുഴയിൽ മത്സരിച്ചു. പിള്ള അവിടെ യുഡിഎഫിനുവേണ്ടി പ്രചാരണത്തിനു പോയി. 

താൻ ചെയർമാനായ കേരള കോൺഗ്രസ് (പിള്ള) പുനരുജ്ജീവിപ്പിക്കുന്നതായും പത്രപ്രസ്താവന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണു ജോസഫ് ഗ്രൂപ്പിന്റെ വിപ്പ് ആയ ഡോ. കെ.സി. ജോസഫ് പിള്ളയ്ക്ക് അയോഗ്യത കൽപിക്കണമെന്ന് ആവശ്യപ്പെട്ടു സ്പീക്കർക്കു പരാതി നൽകിയത്. പി.ജെ. ജോസഫ്, ഡോ. കെ.സി. ജോസഫ്, ഈപ്പൻ വർഗീസ്, എം.വി. മാണി എന്നീ എംഎൽഎമാർ പിള്ളയ്ക്കെതിരെ സ്പീക്കർക്കു മൊഴിനൽകി. പിള്ളയോടു പലവട്ടം ഹാജരാകാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായില്ല. ഒടുവിൽ പിള്ളയുടെ വാദം കേൾക്കാതെ തന്നെ 1990 ജനുവരി 15ന് അദ്ദേഹത്തിനു സ്പീക്കർ അയോഗ്യത കൽപിക്കുകയായിരുന്നു.

English Summary: Remembering R. Balakrishna Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com