ADVERTISEMENT

കോട്ടയം തിരുനക്കര മൈതാനിയിൽ 1964 ഒക്ടോബർ ഒൻപതിന്റെ സായാഹ്നത്തിൽ മന്നത്ത് പത്മനാഭൻ കേരളകോൺഗ്രസിന്റെ രൂപീകരണം പ്രഖ്യാപിക്കുമ്പോൾ ചെയർമാൻ കെ.എം. ജോർജിനൊപ്പം പാർട്ടിയുടെ ഏക ജനറൽ സെക്രട്ടറിയായിരുന്നു ആർ.ബാലകൃഷ്ണപിള്ള.

പാർട്ടിയുടെ തലതൊട്ടപ്പൻമാരാണെന്ന് പിൽക്കാലത്ത് നടിച്ചവർ ആ വഴിക്കൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബാലകൃഷ്ണപിള്ള അതേക്കുറിച്ച് ആത്മകഥയിൽ എഴുതിയിരിക്കുന്നത്. പി.ടി.ചാക്കോയെയും കെ.എം.ജോർജിനെയും തന്റെ രാഷ്ട്രീയഗുരുക്കൻമാരായിക്കണ്ട പിള്ള കേരളകോൺഗ്രസിലെ ഗ്രൂപ്പുപോരിൽ എന്നും കെ.എം.മാണിക്കെതിരായിരുന്നു. 

എന്തുകൊണ്ടാണ് കേരളകോൺഗ്രസിന് രൂപീകരണകാലഘട്ടത്തിൽ ഇത്രയും സ്വീകാര്യത കിട്ടിയത് എന്ന കാര്യത്തിൽ കൃത്യമായ വിശകലനമുണ്ടായിരുന്നു ആർ.ബാലകൃഷ്ണപിള്ളക്ക്. പി.ടി.ചാക്കോയോട് കോൺഗ്രസ് നേതൃത്വം വൈരനിര്യാതന ബുദ്ധി കാണിച്ചു. കിഴക്കൻ മലകളിലേക്ക് കുടിയേറിയ കർഷകർക്ക് കോൺഗ്രസ് പട്ടയം നൽകിയില്ല. ഇതിൽ ക്രൈസ്തവസമുദായം അതൃപ്തരായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസിന്റെ പിറവി വലിയ സംഭവമായി മാറിയതെന്ന് പിള്ള തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. 

കേരള കോൺഗ്രസിന്റെ ഒരണ അംഗത്വം പോലുമില്ലാതിരുന്ന കെ.എം.മാണി പാലായിൽ 1965 ൽ കോൺഗ്രസ് സ്ഥാനാർഥിത്വം കിട്ടാത്തതിന്റെ നിരാശയിലാണ് കേരള കോൺഗ്രസിൽ ചേർന്നതെന്നാണ് ബാലകൃഷ്ണപിള്ളയുടെ പക്ഷം. പാലായിൽ എം.എം.ജേക്കബിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതിൽ അന്ന് ഡിസിസി സെക്രട്ടറിയായിരുന്ന മാണിക്ക് കടുത്ത നിരാശയുണ്ടായിരുന്നു.

തുടർന്നാണ് കോൺഗ്രസിലെ പദവിപോലും രാജിവയ്ക്കാതെ പാലായിൽ മൽസരിച്ചതും ജയിച്ചതുമെന്നും പിള്ള എഴുതിയിട്ടുണ്ട്. 1970ൽ പി.ജെ.ജോസഫ് കേരള കോൺഗ്രസിൽ വന്നതും സമാനസാഹചര്യത്തിലാണെന്നാണ് പിള്ളയുടെ വാദം. കെ.എം.ജോർജ് മുൻകൈയ്യെടുത്ത് പി.ജെ.ജോസഫിന്റെ പിതാവുമായി ചർച്ച നടത്തി മകനെ മൽസരിപ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു. കെ.എം.ജോർജിനോട് ചില നേതാക്കൾ നീതിപൂർവകമായി പെരുമാറാത്തതിന്റെ വേദനയിലാണ് അദ്ദേഹം ഹൃദയം പൊട്ടിമരിച്ചതെന്നും പിള്ള കരുതുന്നു.

English Summary: Remembering R. Balakrishna Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com