മനംനൊന്ത് ബിഡിജെഎസ് ഇടത്തേക്ക്

thushar-vellappally
തുഷാർ വെള്ളാപ്പള്ളി
SHARE

ന്യൂഡൽഹി ∙ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വൻതോൽവിയുടെ പശ്ചാത്തലത്തിൽ എൻഡിഎ വിടാൻ ബിഡിജെഎസ് ഒരുങ്ങുന്നു. എൻഡിഎ കൺവീനർ സ്ഥാനം തുഷാർ വെള്ളാപ്പള്ളി ഒഴിഞ്ഞേക്കും.

അതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതായി ബിഡിജെഎസ് വൃത്തങ്ങൾ പറഞ്ഞു. ഇന്ന് കൊല്ലത്തു നടക്കുന്ന സംസ്ഥാന കൗൺസിലിൽ തീരുമാനമുണ്ടായേക്കും. ഇടതു മുന്നണിയിൽ പ്രവേശനം തേടാൻ സാധ്യതയുണ്ടെന്നറിയുന്നു. ഇതേക്കുറിച്ചു വ്യക്തമായി പ്രതികരിക്കാൻ നേതൃത്വം വിസമ്മതിച്ചു. 

ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്നുള്ള നിരന്തര അവഗണനയാണ് അകൽച്ചയ്ക്കു മുഖ്യ കാരണമെന്ന് ബിഡിജെഎസ് സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥികൾക്കു വോട്ടു ചെയ്യാൻ ബിജെപി അണികൾ വിമുഖത കാണിച്ചതായും പരാതിയുണ്ട്. 

6% വോട്ടു വിഹിതമുണ്ടായിരുന്ന ബിജെപിക്ക് 15 ലേറെ ശതമാനം വോട്ടു വിഹിതം ഉയർത്താനായത് ബിഡിജെഎസ് പിന്തുണ കൊണ്ടാണ്. എന്നാൽ, ബിജെപിയിലെ തമ്മിലടിയും കുതികാൽവെട്ടും വോട്ടുകച്ചവടവും എൻഡിഎയുടെ മുന്നോട്ടുള്ള കുതിപ്പിനെ സാരമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ.

എൻഡിഎ സംവിധാനം ഉപരിതലത്തിൽ മാത്രമേയുള്ളൂ. മറ്റിടങ്ങളിലെല്ലാം ബിജെപി ഒറ്റയ്ക്കു കാര്യങ്ങൾ തീരുമാനിക്കുന്നു. ബിജെപിയുടെ വിജയയാത്രയിൽ ബിഡിജെഎസിനെ പങ്കെടുപ്പിച്ചില്ല. അത് പിണറായിയുടെ വിജയത്തിലേക്കുള്ള യാത്രയാക്കി മാറ്റിയെന്നും ബിഡിജെഎസ് കുറ്റപ്പെടുത്തുന്നുണ്ട്. 

ഈ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് അണികൾ എൽഡിഎഫിനും യുഡിഎഫിനും വോട്ടു നൽകുന്ന സാഹചര്യമുണ്ടായി. ബിജെപി ദേശീയ നേതാക്കൾ പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കു പ്രചാരണത്തിനു വന്നില്ല. ബിജെപി അണികളും വോട്ടു മറിച്ചു. ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനം നല‍്കിയ ബോർഡുകളും കോർപറേഷനുകളും ഇതുവരെ നൽകിയിട്ടില്ലെന്നും ഈഴവ സമുദായത്തോട് അവഗണന കാട്ടുന്നതായും പരാതിയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

അതേസമയം, ബിഡിജെഎസ് ഈ നിലപാടെടുക്കുന്നുണ്ടെങ്കിൽ അത് ബിജെപി സംസ്ഥാന നേതൃത്വത്തിലെയും സിപിഎമ്മിന്റെ ഉന്നതങ്ങളിലെയും ചിലർ കൂടി അറിഞ്ഞായിരിക്കുമെന്ന് ബിജെപിയുടെ ഉന്നത നേതാവ് പറഞ്ഞു. മറ്റു ചില അച്ചുതണ്ടുകൾ രൂപപ്പെടുന്നതിന്റെ ഭാഗമാണിതെന്നും ബിജെപിയെ അതു ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA