ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി തസ്തകയിലേക്കുള്ള പട്ടികയിലെ 12 പേരുടെയും ‘തലവരയും ജാതകവും’ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കൊണ്ടു പോയി. പൊലീസ് ആസ്ഥാനത്തുനിന്നും  സംസ്ഥാന ആഭ്യന്തര വകുപ്പിൽ നിന്നുമാണു വിവരം ശേഖരിച്ചത്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥരുടെ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അവർ ജോലി ചെയ്യുന്ന സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ചു. ഇതോടെ ഉദ്യോഗസ്ഥരെ സംബന്ധിച്ച എന്തു വിവരം സംസ്ഥാന സർക്കാർ മറച്ചുവച്ചാലും പട്ടിക പരിശോധിക്കുന്ന യുപിഎസ്‌സി സമിതി മുൻപാകെ ഇവരുടെ സർവീസ് ചരിത്രം മുഴുവൻ ലഭ്യമാകുന്ന സ്ഥിതിയായി.

സാധാരണ കേന്ദ്ര സർക്കാർ നൽകുന്ന പ്രത്യേക ഫോമിലാണ് ഓരോ ഉദ്യോഗസ്ഥനെ സംബന്ധിച്ച വിവരവും സംസ്ഥാന സർക്കാർ ഓൺലൈൻ വഴി യുപിഎസ്‌സിക്കു നൽകുന്നത്. ഇവരുടെ വിവരം രഹസ്യമായി ഐബി വഴി കേന്ദ്രവും ശേഖരിക്കും. എന്നാൽ കേരളത്തിലെ ചില ഉദ്യോഗസ്ഥരെ സംബന്ധിച്ച പൂർണ വിവരം ഇവിടെ നിന്ന് അയയ്ക്കാൻ സാധ്യതയില്ലെന്ന പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചു. 

അതിന്റെ അടിസ്ഥാനത്തിൽ പട്ടികയിൽ ഉൾപ്പെടുന്ന എല്ലാവരുടെയും വിശദ വിവരം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഐബിയോടു നിർദേശിച്ചു. ഇപ്പോൾ കേരളത്തിലുള്ളവർ മുൻപു കേന്ദ്ര ഡപ്യൂട്ടേഷനിൽ ജോലി ചെയ്ത സ്ഥലങ്ങളിലെ വിവരവും ശേഖരിച്ചു. 2016നു ശേഷമുള്ള വിവരം ഓൺലൈൻ വഴി ഐബിക്കു ലഭിക്കും. അതിനു മുൻപുള്ളതെല്ലാം കടലാസ് ഫയലിലാണ്. അതും തപ്പിയെടുത്തു. ഓരോ വ്യക്തിയെ സംബന്ധിച്ചും പ്രത്യേക റിപ്പോർട്ട് നൽകും. 

അതിനിടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ സ്വന്തം ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകിയതു വിവാദമായി. ഡിജിപി ലോക്നാഥ് ബെഹ്റയാണു എല്ലാവരുടെയും വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. എല്ലാവരെക്കുറിച്ചും മിതമായ വരികളിൽ റിപ്പോർട്ട് നൽകിയ ഡയറക്ടർ, പക്ഷേ പട്ടികയിൽ തന്നെക്കാൾ മുൻപിലുള്ള ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ 30ലേറെ പേജുള്ള വിശദ റിപ്പോർട്ട് നൽകി.

അതിനൊപ്പമാണു സ്വന്തം ക്ലിയറൻസ് സർട്ടിഫിക്കറ്റും സുധേഷ് നൽകിയത്. അത്തരം രീതി സേനയിൽ ഇല്ല.  മാത്രമല്ല സുധേഷിനെതിരെ മുൻപു വിജിലൻസ് അന്വേഷണം നടന്നിരുന്ന കാര്യം റിപ്പോർട്ടിൽ ഇല്ലെന്നും സൂചനയുണ്ട്. അതിനിടെ കേന്ദ്രത്തിലേക്കു പട്ടിക പോകുന്നതിനു മുൻപായി സുധേഷിന്റെ മകൾക്കെതിരായ കേസ് അവസാനിപ്പിക്കാൻ തിരക്കിട്ട നീക്കമാണ് ആസ്ഥാനത്തു നടക്കുന്നത്. അടി കൊണ്ട പൊലീസ് ഡ്രൈവറെ സ്വാധീനിക്കാൻ  ഇടനിലക്കാരും  രംഗത്തെത്തി. 

ഇവിടെ എല്ലാവരും  ഔട്ട്സ്റ്റാൻഡിങ്

പൊലീസ് മേധാവിയായി പരിഗണിക്കുന്ന ഐപിഎസുകാരുടെ സർവീസ് ചരിത്രം പരിശോധിക്കുന്ന യുപിഎസ്‌സി സമിതി ആദ്യം നോക്കുന്നത് അവരുടെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടാണ്. അതിൽ ഓരോ വ്യക്തിക്കും എത്ര മാർക്കുണ്ട്, പ്രതികൂല പരാമർശമോ റിപ്പോർട്ടോ ഉണ്ടോ എന്നതും പരിശോധിക്കും.

പത്തിലാണ് ആകെ മാർക്ക്. 8 മുതൽ 10 വരെ മാർക്ക് ലഭിക്കുന്നവർ ഔട്ട്സ്റ്റാൻഡിങ് ഗണത്തിലാണ്. കേരളത്തിൽ മാത്രം ജോലി ചെയ്ത പട്ടികയിലെ എല്ലാ ഉദ്യോഗസ്ഥരും ഈ വിഭാഗത്തിലാണ്. 6 മുതൽ 8 വരെ എക്സലന്റ്. അതിനു താഴെ വെരി ഗുഡ്.

ഏറ്റവും പിന്നിൽ ഗുഡ്. ഡപ്യൂട്ടേഷനിൽ കേരളത്തിനു പുറത്തു ജോലി ചെയ്ത ചിലരുടെ റിപ്പോർട്ടിൽ കടുത്ത പരാമർശമുണ്ട്. മേഘാലയയിൽ ബിഎസ്എഫ് ഐജിയായി ജോലി ചെയ്ത ഉദ്യോഗസ്ഥൻ കന്നുകാലി കടത്തു വിവാദത്തിൽ പെട്ടിരുന്നു. ശിക്ഷാ നടപടി നേരിട്ടില്ലെങ്കിലും എസിആറിൽ കറുത്ത വര വീണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com