കേരള കോൺഗ്രസിനെ വിമർശിച്ച് കെ.സി.ജോസഫ്; മറുപടിയുമായി മോൻസ്

kc-joseph-topic
SHARE

കോട്ടയം ∙ മറ്റുള്ളവരുടെ പറമ്പിലെ പുല്ലു കണ്ട് പശുവിനെ വളർത്താൻ പറ്റില്ലെന്നു കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്. കേരള കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചായിരുന്നു ഈ പ്രതികരണം. 

ഘടകകക്ഷികൾ സീറ്റ് ചോദിക്കുമ്പോൾ അവരുടെ സ്വാധീനശക്തി കൂടി സ്വയം വിലയിരുത്തണം. എണ്ണം കൂട്ടി വാങ്ങിയിട്ടു കാര്യമില്ല. വിജയസാധ്യത, മണ്ഡലങ്ങളിലെ സ്വാധീനശക്തി എന്നിവ മനസ്സിലാക്കണം. ന്യായമായതു കോൺഗ്രസ് നിഷേധിക്കാറില്ല. രണ്ടില ചിഹ്നം കൈവിട്ടതു തന്നെ തിരിച്ചടിയായി.

അതു ജോസ് കെ.മാണിക്കു പോയി. കേരള കോൺഗ്രസുകാർ പരിചയപ്പെട്ടിരുന്ന ചിഹ്നം രണ്ടിലയാണ്. ട്രാക്ടർ ഓടിക്കുന്ന കർഷകൻ എന്ന ചിഹ്നം വോട്ടർമാരെ പരിചയപ്പെടുത്താൻ സമയം കിട്ടിയില്ലെന്നും കെ.സി.ജോസഫ് പറഞ്ഞു, 

അയൽപക്കത്തെ പുല്ലു കണ്ടല്ല, സ്വന്തം പറമ്പിലെ പുല്ലു കണ്ടാണു പശുവിനെ വളർത്തുന്നതെന്നു കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫിന്റെ മറുപടി.  

ഒറ്റയ്ക്കൊറ്റയ്ക്കു സ്വന്തം പശുവും പുല്ലുമായി നിന്നാൽ കേരളത്തിൽ യുഡിഎഫുണ്ടോ? ഇത്രയധികം ആരോപണങ്ങളിലൂടെ കടന്നുപോയ എൽഡിഎഫ് സർക്കാരിനെ തോൽപിക്കാൻ സാധിക്കാത്തതിൽ ആദ്യം മറുപടി പറയേണ്ടതു കോൺഗ്രസാണ്. കേരള കോൺഗ്രസിനും ഉത്തരവാദിത്തമുണ്ട്. കേരള കോൺഗ്രസ് പരാജയം പരിശോധിക്കുമെന്നും മോൻസ് പറഞ്ഞു. 

യുഡിഎഫിനേറ്റ കനത്ത തോൽവിയിൽ ഘടകകക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും പറഞ്ഞു. കോൺഗ്രസ് ഗ്രൂപ്പിന് അതീതമായി പ്രവർത്തിക്കണം. ഏറ്റുമാനൂരിൽ വിമത സ്ഥാനാർഥിയാണു യുഡിഎഫിന്റെ തോൽവിക്കു കാരണമായതെന്നും പി.ജെ.ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

നേതൃത്വത്തിൽ സമൂല അഴിച്ചുപണി വേണം: കെ.സി.ജോസഫ്

കോട്ടയം ∙ കോൺഗ്രസിൽ നേതൃമാറ്റം ഉമ്മൻ ചാണ്ടിയും ആഗ്രഹിക്കുന്നതായി മനസ്സിലാക്കുന്നുവെന്നു  കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്. 

നേതൃത്വത്തിലേക്കു വരാൻ ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹം മുന്നിലേക്കു വന്നിട്ടില്ല. അദ്ദേഹം ബോധപൂർവം പിന്നിലേക്കു മാറുകയായിരുന്നെന്നും കെ.സി.ജോസഫ് പറഞ്ഞു. 

കോൺഗ്രസ് നേതൃത്വത്തിൽ സമൂലമായ അഴിച്ചുപണി വേണമെന്നും കെ.സി.ജോസഫ് ആവശ്യപ്പെട്ടു. ആരുടെയും പേരെടുത്തു പറയുന്നില്ല. മികച്ചവർ കോൺഗ്രസിലുണ്ട്. ജംബോ കമ്മിറ്റികൾ ഇല്ലാതാകണം. ആളുകളെ കുടിയിരുത്താനുള്ള സമിതിയായി കോൺഗ്രസ് മാറരുതെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA