ആത്മീയ വേദികളിൽ മനം നിറച്ചൊരു ചിരി

chrysostom
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കൊപ്പം മാർ ക്രിസോസ്റ്റം.
SHARE

ക്രൈസ്തവ സഭകളെക്കുറിച്ചു ധാരണയില്ലാത്തവർക്കു പോലും മാർ ക്രിസോസ്റ്റത്തെ അറിയാം. ചിരിപ്പിക്കുന്ന തിരുമേനിയുടെ വാക്കുകളിൽ അവരും ചിരിച്ചിട്ടുണ്ട്. മതത്തിനും സഭയ്ക്കും അപ്പുറം മാനവികതയുടെ വിശാല ലോകത്ത് എല്ലാവരുടെയും ‘തിരുമേനി അപ്പച്ചനായി’

ആത്മീയ വേദികളിൽ ഫലിതത്തിനു സ്ഥാനമില്ലാതിരുന്ന കാലത്ത്, ദാ ഇങ്ങനെ പറഞ്ഞാൽ മതി ഏതു കാര്യവും ആരുടെ മനസ്സിലും എത്തിക്കാമെന്നു പഠിപ്പിച്ച സഭാധ്യക്ഷനാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ചിരിക്ക് സ്ഥാനമില്ലാതിരുന്ന ആത്മീയ സദസ്സുകളിൽ വലിയ മെത്രാപ്പൊലീത്ത പൊട്ടിച്ച ഫലത്തിനു മുന്നിൽ പ്രായഭേദമില്ലാതെ ജനം ചിരിച്ചു മറിഞ്ഞു. ആ ചിരിയുടെ അറ്റത്ത് ചിന്തയുടെ വലിയ ഭാരം അദ്ദേഹം കെട്ടിവച്ചു. ഉദാത്തമായ ചിന്തയുടെ അംശം ചിരിയിലൂടെ ജനഹൃദയങ്ങളിൽ നട്ടുവളർത്തിയാണ് ഒരോ പ്രസംഗങ്ങളും അദ്ദേഹം അവസാനിപ്പിച്ചത്. 

ചിരിപ്പിക്കുന്ന തിരുമേനി

ക്രൈസ്തവ സഭകളെക്കുറിച്ചു ധാരണയില്ലാത്തവർക്കു പോലും മാർ ക്രിസോസ്റ്റത്തെ അറിയാം. ചിരിപ്പിക്കുന്ന തിരുമേനിയുടെ വാക്കുകളിൽ അവരും ചിരിച്ചിട്ടുണ്ട്. മതത്തിനും സഭയ്ക്കും അപ്പുറം മാനവികതയുടെ വിശാല ലോകത്ത് എല്ലാവരുടെയും ‘തിരുമേനി അപ്പച്ചനായി’ അദ്ദേഹം. ആഗോള വേദികളിൽ അദ്ദേഹത്തെ കണ്ടവർ മലയാളിയാണെന്നതിൽ അഭിമാനം കൊണ്ടു. ആ ജീവിതം അവസാനിക്കരുതേയെന്നും ആ പ്രസംഗം തീരരുതേയെന്നും അപൂർവം ചിലരുടെ കാര്യത്തിൽ മാത്രമേ നമ്മൾ ആഗ്രഹിക്കാറുള്ളു.

മനസ്സിൽ എന്നും യൗവനം

അവസാന സമയം പ്രായം ശരീരത്തിൽ പ്രകടമായിരുന്നെങ്കിലും മനസ്സ് നിത്യയൗവ്വനത്തിൽ തന്നെയായിരുന്നു. തെളിഞ്ഞ ഓർമ്മ, വാക്കുകളിലെ കൃത്യത. മലയാളമായാലും ഇംഗ്ലീഷായാലും അർഥം തെറ്റാതെ പറയാനുള്ള ചാതുര്യം എന്നിവ അദ്ദേഹത്തെ വേറിട്ടുനിർത്തി. മറ്റുള്ളവർ 60 – 70 വയസിൽ ചെയ്തു തീർക്കുന്നത് തനിക്കു ചെയ്യാൻ 100 വർഷമെങ്കിലും വേണ്ടി വരുമെന്ന് ദൈവത്തിനറിയാമെന്ന് സ്വന്തം പ്രായത്തെക്കുറിച്ച് തിരുമേനി നർമം വിളമ്പി.

തന്റെ പിൻഗാമി ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് വിട നൽകാൻ 103–ാം വയസിൽ കോവിഡ് ഭീഷണിയെ മറികടന്ന് എത്താൻ മാർ ക്രിസോസ്റ്റത്തിന്റെ നിശ്ചയദാർഢ്യത്തിനായി. 

ദേശീയ നേതാക്കളുമായി അടുപ്പം

പ്രായം പൂർണമായും കട്ടിലിൽ തളയ്ക്കുന്നതു വരെയും അദ്ദേഹം വിശ്രമമില്ലാതെ ഓടി. നവതി പിന്നിട്ട ശേഷം ന്യൂഡൽഹിയിൽ പോയ തിരുമേനി, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സോണിയ ഗാന്ധിയെയും സീതാറാം യച്ചൂരിയെയും ആത്മമിത്രങ്ങളാക്കി. തിരുമേനിയുടെ വാക്കുകൾക്കു മുൻപിൽ അവർ എല്ലാ സമ്മർദ്ദങ്ങളും മറന്നു ചിരിച്ചു. ആരെയും വിമർശിക്കാനും കളിയാക്കാനും മലയാളികൾ സ്വാതന്ത്ര്യം നൽകിയ അപൂർവം വ്യക്തികളിൽ ഒരാളായി മാർ ക്രിസോസ്റ്റം തിളങ്ങി. വിമർശിക്കപ്പെടുന്നവർ പോലും തിരുമേനിയുടെ വാക്കുകൾക്ക് മുന്നിൽ പൊട്ടിച്ചിരിച്ചു. 

ജോലി ഉപേക്ഷിച്ച് സാമൂഹിക പ്രവർത്തനം

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപേ മാർ ക്രിസോസ്റ്റത്തിനു ബിരുദം കിട്ടിയിരുന്നു. ബ്രിട്ടീഷ് സർക്കാരിലെ ഉയർന്ന ജോലിയേക്കാൾ ക്രിസോസ്റ്റം ആഗ്രഹിച്ചത് ഗോപാലകൃഷ്ണ ഗോഖലയുടെ ഭാരത സേവാ സംഘത്തിൽ ചേരാനായിരുന്നു. 

എന്നാൽ, മാർത്തോമ്മാ സഭയുടെ അങ്കോള മിഷൻ ഫീൽഡിൽ മിഷനറിയാകാനായിരുന്നു നിയോഗം. ആദിവാസികളുടെയും മുക്കുവരുടെയും ഇടയിൽ പോയി, അവരിൽ ഒരുവനായി ജീവിച്ചു. കടലിൽ മീൻ പിടിക്കാൻ പോയി. അവരെ പഠിപ്പിച്ചും അവരിൽ നിന്നു പഠിച്ചും ജീവിതത്തെ ലളിതമാക്കി. അടിസ്ഥാനവർഗ ജീവിതത്തോട് അനുരൂപപ്പെട്ടു. 

ജനകീയ വൈദികനും മെത്രാനും

വൈദികനായിരിക്കെ, തമിഴ്നാട്ടിലെ ജോലാർപേട്ട് റയിൽവേ സ്റ്റേഷനിലെ പോർട്ടറായി പ്രവർത്തിച്ചത് അപൂർവതയായി. അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ അറിയാനായിരുന്നു ഇൗ പരീക്ഷണം. മദ്യം കഴിച്ച് പണം പാഴാക്കി നടന്ന അവരെ ആശ്രമത്തിൽ കൊണ്ടുപോയി ഭക്ഷണം കഴിപ്പിച്ചു. കുടുംബം നോക്കുന്നവരാക്കി. ബിഷപ്പായപ്പോഴും ലളിത ജീവിതം കൈവിട്ടില്ല. ചെറിയ ചായക്കടകളിലെ ഭക്ഷണം കഴിച്ചു, ചന്തയിൽ കയറി കച്ചവടക്കാരോടും ചുമട്ടു തൊഴിലാളികളോടും കുശലം പറഞ്ഞു. ജനകീയ തിരുമേനിയായി അദ്ദേഹം എന്നും നിലനിന്നു. 

ഉൗണു കഴിഞ്ഞാൽ മിഠായി

അദ്ദേഹത്തിന്റെ ഭക്ഷണരീതികളും കൗതുകകരമായിരുന്നു. ഭക്ഷണം കഴിയുമ്പോൾ ഒരു നാരങ്ങാ മിഠായി വായിലിടണം. വൈകുന്നേരം ചായയ്ക്കൊപ്പം ബീഫ് കട്‌ലറ്റ് കിട്ടിയാൽ സന്തോഷം. പഴം പൊരി ആയാലും മതി.

തിരുമേനിയുടെ ഇഷ്ടം അറിഞ്ഞു വിളമ്പാൻ സഹായികൾ റെഡിയായിരുന്നു. ജീവിതത്തെ ലളിതമായി അദ്ദേഹം കണ്ടു. താമസസ്ഥലത്തെ മുയലുകളും ആടുകളും ലൗ ബേഡ്സും മാത്രം മതി മാർ ക്രിസോസ്റ്റത്തിന്റെ സഹൃദയത്വം മനസിലാക്കാൻ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA