ADVERTISEMENT

പത്തനംതിട്ട ∙ ഇന്ത്യയിലെ ക്രിസ്തീയ സഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരുന്ന മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു.

ജന്മദിനം ആഘോഷിച്ച് ഏതാനും ദിവസങ്ങൾക്കു ശേഷമായിരുന്നു അന്ത്യം. വാർധക്യസംബന്ധമായ ആരോഗ്യ പ്രയാസങ്ങളാൽ ഏറെ നാളുകളായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പ്രത്യേക പരിചരണത്തിലായിരുന്നു.

ശാരീരിക ക്ഷീണത്തെ തുടർന്ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏപ്രിൽ 23ന് പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വീണ്ടെടുത്തതിനെ തുടർന്ന് ഇന്നലെയാണ് ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ വിശ്രമ മുറിയിലേക്കു മാറ്റിയത്.

എന്നാൽ, രാത്രിയോടെ വീണ്ടും ആരോഗ്യനില വഷളായി. രാത്രി പതിനൊന്നരയോടെ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ്‍ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ തൈലാഭിഷേക ശുശ്രൂഷകൾ നടത്തി. തോമസ് മാർ തിമോത്തിയോസ് സഹകാർമികനായി. തുടർന്ന്, തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയ മാർ ക്രിസോസ്റ്റത്തിന്റെ വിയോഗം ഇന്നു പുലർച്ചെ 1.15ന് ആയിരുന്നു. കബറടക്കം നാളെ എസ്‌സിഎസ് കുന്നിൽ ബിഷപ്പുമാർക്കുള്ള പ്രത്യേക കബറിടത്തിൽ. നാളെ ഉച്ചകഴിഞ്ഞ് 3ന് അന്ത്യശുശ്രൂഷകൾ ആരംഭിക്കും. ഭൗതിക ശരീരം അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത സ്മാരക ഹാളിൽ പൊതു ദർശനത്തിനായി വയ്ക്കും. മരണ സമയം മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും മാർ ക്രിസോസ്റ്റത്തിന്റെ സഹായികളും വൈദികരും അടുത്തുണ്ടായിരുന്നു.

കല്ലൂപ്പാറ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918ൽ ആയിരുന്നു മാർ ക്രിസോസ്റ്റത്തിന്റെ ജനനം. 1940ൽ കർണാടകയിൽ മിഷനറി പ്രവർത്തനം തുടങ്ങി. ബെംഗളൂരു യുസി കോളജിൽ വൈദിക പരിശീലനം. 1944ൽ ശെമ്മാശനും തുടർന്ന് വൈദികനുമായി. ആദ്യ പ്രവർത്തനം ബെംഗളൂരു ഇടവകയിൽ. 1953 മേയ് 20ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ മേൽപട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1999 ഒക്ടോബർ 23ന് മാർത്തോമ്മാ സഭയുടെ അധ്യക്ഷനായി. 2007ൽ സ്ഥാനം ഒഴിഞ്ഞതു മുതൽ വലിയ മെത്രാപ്പൊലീത്ത സ്ഥാനത്ത് സഭയ്ക്കുള്ളിലും പുറത്തും മാർ ക്രിസോസ്റ്റം നിറഞ്ഞു നിന്നു. .

കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പൽ, ക്രൈസ്തവ സഭാ കൗൺസിലിന്റെ ദേശീയ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. ലോക സഭാ കൗൺസിലിന്റെ ഇവാൻസ്റ്റൺ ജനറൽ അസംബ്ലിയിലും രണ്ടാം വത്തിക്കാൻ സമ്മേളനത്തിലും പങ്കെടുത്തു. ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം മെത്രാനായിരുന്നതിന്റെ റെക്കോർഡ് മാർ ക്രിസോസ്റ്റത്തിനാണ്. 68 വർഷം മെത്രാനായിരുന്നു.

സഹോദരങ്ങൾ: മേരി (സൂസി), പരേതരായ ഈപ്പൻ സാമുവൽ ഉമ്മൻ (ജോണി), ഡോ. ജേക്കബ് ഉമ്മൻ (തമ്പി), തങ്കമ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com