ADVERTISEMENT

തിരുവനന്തപുരം∙ നേതാക്കൾ ഹെലികോപ്റ്ററിൽ കറങ്ങിയപ്പോൾ ബൂത്ത്‌ തല വോട്ടുകൾ ഒലിച്ചുപോയെന്നും അതു തടയാൻ ആളുണ്ടായില്ലെന്നും ബിജെപി നേതൃയോഗത്തിൽ വിമർശനം. ഹെലികോപ്റ്ററിൽ കറങ്ങാൻ പണം പൊടിപൊടിച്ചെങ്കിലും ബൂത്തുകളിൽ പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായം ചുരുക്കി. പ്രവർത്തകരെ ഏകോപിപ്പിക്കാനും സംവിധാനമുണ്ടായില്ല.

കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓൺലൈൻ യോഗത്തിൽ ആയിരുന്നു വിമർശനം. ദേശീയ സംഘടനാ ജനറൽ െസക്രട്ടറി ബി.എൽ.സന്തോഷ്, കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രൽഹാദ് ജോഷി ഉൾപ്പെടെ നേതാക്കളും പങ്കെടുത്തിരുന്നു.

മൂന്നു കോപ്റ്ററുകളാണു കേരളത്തിലേക്കു ബിജെപി വാടകയ്ക്കെടുത്തത്. രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേരളത്തിലെ പ്രവർത്തനം ഏകോപിപ്പിച്ച കേന്ദ്രമന്ത്രി വി.മുരളീധരനും പിന്നെ കേരളത്തിലെത്തുന്ന കേന്ദ്രനേതാക്കൾക്കും വേണ്ടിയായിരുന്നു ഇവ. 

ഇതിൽ ഒരു എൻജിൻ ഉള്ള കോപ്റ്ററിനു 2 മണിക്കൂറിനു 2 ലക്ഷം രൂപയായിരുന്നു വാടക. ഇരട്ട എൻജിൻ ഹെലികോപ്റ്ററിനു 2 മണിക്കൂറിന് 4 ലക്ഷം വരെയും. സ്ഥാനാർഥി നിർണയം വൈകിയതിനാൽ ഹെലികോപ്റ്റർ ചെലവ് 20 –25 ദിവസത്തിൽ ഒതുക്കാനായി എന്നതാണ് ഏക ആശ്വാസം. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച കെ.സുരേന്ദ്രനു 2 ദിവസം കൂടുമ്പോൾ പറക്കേണ്ടി വന്നു. 

ഇരു മണ്ഡലങ്ങളും തമ്മിൽ 400 കിലോമീറ്ററിലധികം ദൂരമുണ്ട്. കോപ്റ്ററുകൾ ദിവസം 5 മണിക്കൂറുകളെങ്കിലും പറന്നിട്ടുണ്ടെന്നാണ് കണക്ക്.

രണ്ടിടത്തു മത്സരിക്കുന്നതിനോടു സംസ്ഥാന നേതൃത്വം എതിർപ്പുന്നയിച്ചെങ്കിലും ശബരിമല വിഷയം ചൂണ്ടിക്കാട്ടി കോന്നിയിൽ കൂടി മത്സരിക്കാൻ സുരേന്ദ്രനോടു കേന്ദ്ര നേതൃത്വം നിർദേശിക്കുകയായിരുന്നു. മഞ്ചേശ്വരത്തു ജയസാധ്യതയുള്ളതിനാൽ അവിടെയും നിൽക്കാൻ നിർദേശിച്ചു.

ബൂത്ത് തല പ്രവർത്തനത്തിലെ വീഴ്ച ബിജെപിയെ ഞെട്ടിക്കുന്നതാണ്. മറ്റൊരു പാർട്ടിക്കും അവകാശപ്പെടാൻ കഴിയാത്തത്ര കെട്ടുറപ്പുള്ള ബൂത്ത് തല സംവിധാനം ഉണ്ടെന്നാണ് ബിജെപി വിശ്വസിച്ചിരുന്നത്. വോട്ടർ പട്ടികയുടെ ഓരോ പേജിലെയും വോട്ടർമാരെ നിരന്തരം കാണാൻ 3 പേർ. 

ഇവരാണു പേജ് പ്രമുഖുമാർ. ചില സ്ഥലങ്ങളിൽ ഇതു വീതിച്ചു നൽകി അർധ പേജ് പ്രമുഖ്മാർ വരെ നിശ്ചയിക്കപ്പെട്ടു. പേജ് പ്രമുഖ്മാരെ ഏകോപിപ്പിക്കാൻ ബൂത്ത് തല മാനേജ്മെന്റ് കമ്മിറ്റി, ഇത്തരം 5 കമ്മിറ്റികളെ ഏകോപിപ്പിക്കാൻ ശക്തി കേന്ദ്ര. ശക്തികേന്ദ്രയുടെ ചുമതല ബിജെപിയുടെ നേതാവിനും സ്ഥലത്തെ ആർഎസ്എസ് ചുമതലയുള്ളയാൾക്കുമായിരുന്നു. ബിജെപി നേതാക്കൾക്കു പുറമേ ആർഎസ്എസ് സംയോജകരും ബൂത്ത് തലത്തിൽ വരെ നിയമിക്കപ്പെട്ടു. എന്നിട്ടും വോട്ട് ചോർന്നുവെന്നതാണു ബിജെപിയെ അസ്വസ്ഥമാക്കുന്നത്.

English Summary: BJP meeting after election defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com