ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ റേഷൻ കടകൾ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം 15 ന് ആരംഭിച്ചേക്കും. ആദ്യഘട്ടത്തിൽ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കാണു കിറ്റ് നൽകുക. 10 ഇനങ്ങളാകും കിറ്റിൽ. എൽഡിഎഫിനു തുടർഭരണം ലഭിച്ച ശേഷം വിതരണം ചെയ്യുന്ന ആദ്യ കിറ്റാണിത്. പുതിയ സർക്കാർ അധികാരമേൽക്കും മുൻപു തന്നെ കിറ്റ് നൽകുന്നുവെന്ന സവിശേഷതയുമുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, 2020 ലെ ലോക്ഡൗൺ കാലം മുതൽ ഈ വർഷം ഏപ്രിൽ വരെ 9 കിറ്റുകളാണു നൽകിയത്. ഏപ്രിലിലെ കിറ്റ് വിതരണം ഇപ്പോഴും തുടരുകയാണ്.

അസംഘടിത മേഖലയിലുള്ളവരും സ്ഥിരം തൊഴിൽ ഇല്ലാത്തവരും കോവിഡും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായതിനാൽ കിറ്റ് ഉടനടി നൽകാൻ സപ്ലൈകോയ്ക്കു ഭക്ഷ്യപൊതുവിതരണ വകുപ്പ് വാക്കാൽ നിർദേശം നൽകി. ഉത്തരവ് ഈയാഴ്ച ഇറങ്ങും.

അതേസമയം, റേഷൻ കടകളിലെ ഇപോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിക്കുന്നതു കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒഴിവാക്കണമെന്ന റേഷൻ കട ഉടമകളുടെ അഭ്യർഥന ഭക്ഷ്യ വകുപ്പ് അംഗീകരിക്കാൻ ഇടയില്ല. ബയോമെട്രിക് സംവിധാനം ഒഴിവാക്കി റേഷൻ നൽകരുതെന്നു കേന്ദ്ര സർക്കാരിന്റെ കർശന നിർദേശമുണ്ട്. വിരൽ പതിപ്പിക്കും മുൻപ് സാനിറ്റൈസ് ചെയ്യാനാണു ഭക്ഷ്യ വകുപ്പിന്റെ നിർദേശം.

കേന്ദ്ര റേഷൻ 15 ന് ശേഷം

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) അനുസരിച്ചു കേന്ദ്ര സർക്കാർ 2 മാസത്തേക്കു പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം 15 നു ശേഷം തുടങ്ങും. ഏകദേശം 31 ലക്ഷത്തോളം വരുന്ന മഞ്ഞ, പിങ്ക് കാർഡുകളിലെ ഓരോ അംഗത്തിനും 5 കിലോ അരി അല്ലെങ്കിൽ ഗോതമ്പ്, ഒരു കിലോ പയർ അല്ലെങ്കിൽ കടല നൽകുന്ന സംവിധാനമാണിത്. കഴിഞ്ഞ വർഷം 6 മാസമാണ് പിഎംജികെഎവൈ പദ്ധതി പ്രകാരം സൗജന്യ റേഷൻ നൽകിയത്.

English Summary: Covid, food kit distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com