ADVERTISEMENT

‘ഞാൻ വിളിച്ചിട്ടുള്ളതിൽ കൂടുതൽ മുദ്രാവാക്യങ്ങളൊന്നും സഖാവ് സേതുലക്ഷ്മി വിളിച്ചിട്ടില്ല’– ആലപ്പുഴ റെസ്റ്റ് ഹൗസിലെ ‘ലാൽ സലാമി’ന്റെ സെറ്റിൽ നെട്ടൂരാനായി മോഹൻലാൽ ഡയലോഗ് പറഞ്ഞു തീർന്നതും സാക്ഷാൽ ഗൗരിയമ്മ അവിടേക്കു വന്നുകയറി.  ഗൗരിയമ്മയെ എനിക്കു നേരിട്ടു പരിചയമില്ല. പക്ഷേ, ലാലിന് ഗൗരിയമ്മയെ അടുത്തറിയാമായിരുന്നു. പരിചയപ്പെടുത്താമെന്നു പറഞ്ഞ് ലാൽ എന്നെ ഗൗരിയമ്മയുടെ മുറിയിലേക്കു കൊണ്ടുപോയി. ഗൗരിയമ്മയുടെ വേണ്ടപ്പെട്ട ഒരാളുടെ മകനാണെന്നു പറഞ്ഞ് പരിചയപ്പെടുത്തി. ഒരു നിമിഷം നിശ്ശബ്ദയായി ഗൗരിയമ്മ എന്നെ നോക്കിയിരുന്നു; പിന്നെ, ‘അമ്മയ്ക്കു സുഖമാണോ, അമ്മയെ ചോദിച്ചതായി പറയണം’ എന്നു പറഞ്ഞു.

ടിവിയുടെയും എന്റെ പിതാവ് വർഗീസ് വൈദ്യന്റെയും കാലശേഷമാണ് ഞാനും വേണു നാഗവള്ളിയും കൂടി ‘ലാൽ സലാം’ ഒരുക്കിയത്. സിനിമ ഇറങ്ങിയ ശേഷം ഗൗരിയമ്മ എന്നെ വല്ലാതെ തെറ്റിദ്ധരിക്കുകയും എനിക്കെതിരെ  പ്രസംഗിക്കുകയും ചെയ്തു. 

കാലം കുറെ കഴിഞ്ഞു. ടിവിയുടെ ജീവിത ഛായയുള്ള സഖാവ് ഡികെയായി ലാൽ സലാമിൽ അഭിനയിച്ച നടൻ മുരളി ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ  വി. എം. സുധീരനെതിരെ മത്സരിക്കുന്നു. വി. എസ് അച്യുതാനന്ദന്റെ നിർദേശ പ്രകാരം ഞാനും കൂടി നിർബന്ധിച്ചിട്ടാണ് മുരളി മത്സരിക്കാനിറങ്ങിയത്.  വിഎസ് പറഞ്ഞതനുസരിച്ചു ഞാനും മുരളിയും വേണു നാഗവള്ളിയും കൂടി ഗൗരിയമ്മയെ കാണാൻ വീട്ടിൽ പോയി. കണ്ടപാടെ എന്നെ ചൂണ്ടി മുരളിയോട് ഗൗരിയമ്മ പറഞ്ഞു: ‘‘ഇവൻ പറഞ്ഞിട്ടായിരിക്കും താനിവിടെ മത്സരിക്കാൻ വന്നത്. താൻ തോൽക്കും.’’

ഒരു നിമിഷം അമ്പരന്നെങ്കിലും ഗൗരിയമ്മ ഞങ്ങളെ ഊഷ്മളമായി സൽക്കരിച്ചു. മുഖത്തടിച്ചതു പോലെ കാര്യങ്ങൾ പറയുന്ന ആ മനസ്സിന്റെ നന്മ ഞാൻ തിരിച്ചറിഞ്ഞു. എന്നോടായി പിന്നെ സംസാരം: ‘‘ഞാനും ടിവിയും തമ്മിലുള്ള ബന്ധം എന്തായിരുന്നെന്ന് നിനക്കറിയാമോ? നീ സിനിമയിൽ കാണിച്ചതു പോലെ എന്നെ പിടിച്ച് തള്ളിയിട്ടൊന്നുമില്ല. നീയെന്റെ ബെഡ് റൂമിൽ ഒന്നു കയറിനോക്ക്.’’

എന്നെ ബെഡ് റൂമിലേക്കു കൊണ്ടുപോയി. ചുവരുകളിൽ ഇരുവരുടെയും ചിത്രങ്ങൾ. ഗൗരിയമ്മ എത്രമാത്രം ടിവിയെ സ്നേഹിച്ചിരുന്നു എന്നും ഞാനന്നു തിരിച്ചറിഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒരു മകൻ അമ്മയെ ആശ്ലേഷിക്കുന്ന പോലെ ഞാൻ ഗൗരിയമ്മയെ കെട്ടിപ്പിടിച്ചു. 

English Summary:  KR Gowri Amma and Lal Salam movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com