ADVERTISEMENT

കൊച്ചി∙ കെ.ആർ.ഗൗരിയമ്മയിൽ നിന്നു ചങ്ങമ്പുഴയെക്കുറിച്ചുള്ള വിവരങ്ങൾ ഒരു കുട്ടിയുടെ കൗതുകത്തോടെ ചോദിച്ചറിയാൻ കവി ബാലചന്ദ്രൻ ചുള്ളിക്കാട് ശ്രമിച്ചതിനു കാരണമുണ്ട്. മലയാളി യുവത്വത്തെ ഒരു കാലഘട്ടമാകെ ത്രസിപ്പിച്ചു നിർത്തിയ കവി ചങ്ങമ്പുഴയുടെ സഹപാഠിയായിരുന്നു ഗൗരിയമ്മ.

ഇന്റർമീഡിയറ്റിന് എറണാകുളം മഹാരാജാസിൽ ചേർന്നപ്പോൾ ഗൗരി അറിഞ്ഞിരുന്നില്ല മലയാളക്കരയൊന്നാകെ പാടിനടക്കുന്ന രമണകാവ്യത്തിന്റെ സ്രഷ്ടാവ് തന്റെ സഹപാഠിയാകുമെന്ന്. ചരിത്രമായിരുന്നു ഗൗരിയമ്മയുടെ പ്രധാന വിഷയം. ഇംഗ്ലിഷ്, മലയാളം ക്ലാസുകളിൽ മറ്റു ഗ്രൂപ്പുകളിലെ കുട്ടികൾക്കൊപ്പം വേണമായിരുന്നു ഇരിക്കാൻ. കുറ്റിപ്പുറത്തു കേശവൻ നായരെയും മഹാകവി ജി.ശങ്കരക്കുറുപ്പിനെയും പോലുള്ള മലയാള സാഹിത്യകേസരികളുടെ ക്ലാസുകൾ.

കുറ്റിപ്പുറത്തിന്റെ മലയാളം ക്ലാസായിരുന്നു അത്. ക്ലാസ് തുടങ്ങും മുൻപ് അദ്ദേഹം വിദ്യാർഥികളോടു ചോദിച്ചു. ‘നിങ്ങൾ ചങ്ങമ്പുഴയെന്ന കവിയെക്കുറിച്ചു കേട്ടിട്ടുണ്ടോ?’. ‘ഉണ്ട് സർ’, എന്ന് ഏകസ്വരത്തിൽ മറുപടി. രമണനിലെ ഈരടികൾ അക്ഷരാഭ്യാസമില്ലാത്ത മലയാളികളുടെ പോലും ചുണ്ടിൽ തത്തിക്കളിക്കുന്ന കാലമായിരുന്നു അത്.

അധ്യാപകന്റെ അടുത്ത ചോദ്യം പിന്നാലെയെത്തി, ‘നിങ്ങൾക്കു ചങ്ങമ്പുഴയെ കാണണോ?’ കാണണമെന്നു വീണ്ടും ഒരേസ്വരം. അപ്പോൾ ആൺകുട്ടികളുടെ ഭാഗത്തേക്കു നോക്കി കുറ്റിപ്പുറത്തു കേശവൻ നായർ പറഞ്ഞു, ‘എടോ ചങ്ങമ്പുഴേ, താനൊന്ന് എഴുന്നേറ്റു നിൽക്കൂ. ഇവരൊന്നു കാണട്ടെ’.

അമ്പരന്നിരിക്കുന്ന കുട്ടികൾക്കു വിസ്മയമായി ആൺകുട്ടികൾക്കിടയിൽ നിന്ന് തവിട്ടുനിറത്തിലുള്ള ഖദർ ജുബ്ബ ധരിച്ച കറുത്തു മെലിഞ്ഞു പൊക്കം കൂടിയ ഒരാൾ എഴുന്നേറ്റു നിന്നു. അനുസരണയില്ലാത്ത തലമുടി. കുട്ടികൾ നിർന്നിമേഷരായി പിന്നെയും പിന്നെയും നോക്കി തങ്ങളുടെ പ്രിയ കവിയെ. അതാണു ചങ്ങമ്പുഴയെ ആദ്യം കണ്ട നിമിഷമെന്നു ഗൗരിയമ്മ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

Content Highlight:  KR Gowri Amma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com