ADVERTISEMENT

ജെ. ചിഞ്ചുറാണി (57)

ചടയമംഗലം

കൊല്ലം എസ്എൻ വനിതാ കോളജിൽ പഠിക്കുമ്പോൾ ദീർഘദൂര ഓട്ടക്കാരിയായിരുന്നു ജെ. ചിഞ്ചുറാണി. ഭരണരംഗത്ത് ഗ്രാമപഞ്ചായത്ത്, കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവ പിന്നിട്ടാണ് ചിഞ്ചുറാണി ഭരണസിരാകേന്ദ്രത്തിലേക്കു കാൽകുത്തുന്നത്. അതും നിയമസഭയിലേക്കുള്ള കന്നിയങ്കത്തിലെ വിജയത്തിളക്കത്തോടെ.

കൊല്ലം ഭരണിക്കാവ് തെക്കേവിളയിൽ വെളിയിൽ വടക്കതിൽ വീട്ടിൽ പരേതനായ കമ്യൂണിസ്റ്റ് നേതാവ് എൻ. ശ്രീധരന്റെയും ജഗദമ്മയുടെയും മകൾ എസ്എൻ കോളജിൽ പഠിക്കുമ്പോൾ അത്‌ലറ്റിക്സിൽ ചാംപ്യനായിരുന്നു. ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തു മെഡലുകൾ വാങ്ങി.

സ്കൂളിലും കോളജിലും എഐഎസ്എഫ് നേതാവായിരുന്ന ചിഞ്ചുറാണി ഇരവിപുരം ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അവിടെനിന്നു കോർപറേഷൻ കൗൺസിലർ, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിലേക്കും വളർന്നു. നിലവിൽ കേരള പോൾട്രി ഡവലപ്മെന്റ് കോർപറേഷൻ ചെയർപഴ്സനാണ്.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സംസ്ഥാന കൗൺസിൽ അംഗം, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ചിഞ്ചുറാണി പാർട്ടി ദേശീയ കൗൺസിൽ അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റുമാണ്.

ചിഞ്ചുറാണിയുടെ ഭർത്താവ് ഡി. സുകേശൻ സിപിഐ അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറിയും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയുമാണ്. മക്കൾ: നന്ദു സുകേശൻ (ഇന്റീരിയർ ഡിസൈനർ), നന്ദന റാണി (വിദ്യാർഥി).

Content Highlight: Chinchu Rani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com