ADVERTISEMENT

കൊച്ചി ∙ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ വിവാദനയങ്ങൾക്കെതിരെ ദ്വീപിനൊപ്പം കേരളത്തിലും വ്യാപക പ്രതിഷേധം. ദ്വീപ് ഭരണകൂടവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ പ്രവർത്തിക്കുന്ന ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധം അലയടിച്ചു. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും രാഷ്ട്രപതിക്കും പരാതികൾ ലഭിച്ചു. അഡ്മിനിസ്ട്രേറ്റർ ഏകാധിപത്യപരമായി പ്രവർത്തിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയും ജനവിരുദ്ധ നയങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടും ബിജെപി ലക്ഷദ്വീപ് ഘടകം പ്രധാനമന്ത്രിക്ക് കത്തയച്ചു. ദമൻ, ദിയു, ദാദ്ര നഗർഹവേലി അഡ്മിനിസ്ട്രേറ്റർ കൂടിയായ പട്ടേലിന്റെ പ്രവർത്തനം ഏകാധിപത്യപരമാണെന്ന് അവിടത്തെ ബിജെപി ഘടകവും പരാതിപ്പെട്ടിരുന്നു. 

ഇതിനിടെ, പ്രഫുൽ കെ.പട്ടേലിന്റെ പഴ്സനൽ മൊബൈൽ നമ്പറിലേക്കു സന്ദേശം അയച്ച 4 പേരെ കസ്റ്റഡിയിലെടുത്തു. അഗത്തി ദ്വീപിൽ നിന്നു 3 വിദ്യാർഥികളെയും ബിത്ര ദ്വീപ് നിവാസി ഷെഫീക്കിനെയുമാണു കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു. 

ദ്വീപിലെ സംഭവങ്ങളെക്കുറിച്ച് ബിജെപി ദേശീയനേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മുതിർന്ന നേതാക്കൾ പലരും മറുപടി പറയാൻ വിസമ്മതിച്ചു. ഇപ്പോഴത്തേത് രാഷ്ട്രീയവിവാദം മാത്രമാണെന്ന  നിലപാടാണ് പാർട്ടിക്ക്. 

ഇതേസമയം, വിവാദമായത് പലതും കരടു നിയമങ്ങളാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ അന്തിമ നിയമം വരികയുള്ളൂ എന്നുമാണ് പ്രഫുൽ കെ. പട്ടേലിന്റെ നിലപാട്. ബീഫ് നിരോധനം, ഗുണ്ടാ നിയമം തുടങ്ങിയവയെക്കുറിച്ച് ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ഇനിയും സമയമുണ്ട്. എതിരഭിപ്രായങ്ങൾ അഡ്മിനിസ്ട്രേറ്ററെ അറിയിക്കാമെന്നും അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു.

പട്ടേലിനെ ബിജെപി കൈവിടുമോ ?

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചയാളാണ് പ്രഫുൽ ഖോഡ പട്ടേൽ. ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ 2010 ൽ സൊഹ്റാബുദ്ദീൻ കേസിൽ അറസ്റ്റിലായപ്പോഴാണ് ഖോഡയ്ക്ക് വകുപ്പ് നൽകിയത്. പ്രധാനമന്ത്രിയുടെ വിശ്വസ്തനാണെങ്കിലും ബിജെപി ദേശീയനേതൃത്വത്തിൽ പലർക്കും ഇദ്ദേഹത്തോട് താൽപര്യമില്ല.

ദാദ്ര നഗർഹവേലിയിൽ നിന്നുള്ള ലോക്സഭാംഗം മോഹൻ ദേൽക്കറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ടതോടെയാണിത്. ദേൽക്കറുടെ ആത്മഹത്യാക്കുറിപ്പിൽ ഖോഡയെ പേരെടുത്ത് പറയുന്നുണ്ട്. 2021 ഫെബ്രുവരി 22ന്  മുംബൈയിലെ ഹോട്ടലിലാണ് ദേൽക്കറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

Content Highlight: Lakshadweep Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com