ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുമ്പോൾ തന്നെ ഇതു തിരിച്ചുവരവ് അസാധ്യമാക്കുന്ന ജനവിധി അല്ലെന്നു യുഡിഎഫ് നേതൃയോഗം വിലയിരുത്തി. 2001 ൽ ഇടതു മുന്നണിക്ക് ഉണ്ടായ വൻതോൽവിക്കു സമാനമായ തിരിച്ചടിയാണ് ഇത്തവണ യുഡിഎഫിനു സംഭവിച്ചത്. – കൺവീനർ എം.എം. ഹസൻ ചൂണ്ടിക്കാട്ടി.

തിരിച്ചുവരവിനു പാത ഒരുക്കുന്ന രീതിയിൽ യുഡിഎഫിനെ ശക്തമാക്കാനും ഭാവി പ്രവർത്തനങ്ങൾക്കു രൂപം കൊടുക്കാനും നിയമസഭാ സമ്മേളനത്തിനു ശേഷം വിശദ അവലോകനം നടത്തും. അതിനു മുൻപ് ഓരോ കക്ഷിയും പ്രത്യേകം ചർച്ച നടത്തി നിർദേശങ്ങൾ സമർപ്പിക്കാൻ യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 79 ലക്ഷം വോട്ടു ലഭിച്ച യുഡിഎഫിന് ഇത്തവണ 81 ലക്ഷമായി അതു വർധിപ്പിക്കാൻ കഴിഞ്ഞു. 7 സീറ്റിൽ തോറ്റതു രണ്ടായിരത്തിൽ താഴെ വോട്ടിനാണ്. 2000 മുതൽ 5000 വരെ വോട്ടുകൾക്കു 16 സീറ്റും പതിനായിരത്തിൽ താഴെ വോട്ടിനു 18 സീറ്റും നഷ്ടപ്പെട്ടു. കേരള കോൺഗ്രസ് എമ്മും ലോക് താന്ത്രിക് ജനതാദളും യുഡിഎഫ് വിട്ടുപോയിട്ടും കാര്യമായ വോട്ടു ചോർച്ച ഉണ്ടായില്ല. കോവിഡിനെ പ്രതിരോധിക്കാനുള്ള സർക്കാർ ശ്രമങ്ങൾ ജനക്ഷേമ പദ്ധതികളായി മാറുന്ന സ്ഥിതിയുണ്ടായി. അതിജീവിക്കാൻ പൊരുതുന്ന ജനത സർക്കാരിന്റെ അഴിമതികൾ വിലയിരുത്തിയില്ല.

സർ‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളെ പിന്തുണയ്ക്കാൻ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പറയുന്ന മരണ നിരക്ക് നാട്ടിലെ കണക്കുകളുമായി പൊരുത്തപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി. കോവിഡിന്റെ മൂന്നാം വരവ് പ്രതിരോധിക്കാൻ ഇപ്പോഴേ ശ്രമം തുടങ്ങണം. കേന്ദ്രത്തിന്റെ വാക്സീൻ നയത്തിൽ പ്രതിഷേധിക്കുന്നതായും ഹസൻ അറിയിച്ചു.

യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറുകയാണോ എന്ന ചോദ്യത്തിന് ഹസന്റെ മറുപടി ഇതായിരുന്നു: ‘‘നഷ്ടപ്പെട്ടാലും ഈ സ്ഥാനമല്ലേ പോകൂ, മുന്നണിയി‍ൽനിന്നും പാർട്ടിയിൽനിന്നും പോകില്ലല്ലോ.’’

മുല്ലപ്പള്ളി, ഷിബു വിട്ടുനിന്നു‌‌‌‌‌‌‌‌‌‌; മിണ്ടാതെ രമേശ്, ഉമ്മൻ ചാണ്ടി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽനിന്നു വിട്ടുനിന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത വ്യക്തമാക്കിയ സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുക്കുന്നതു നിരർഥകമാണെന്നു വി.ഡി. സതീശനെയും എം.എം. ഹസനെയും അദ്ദേഹം അറിയിച്ചു. ആ പദവിയുടെ അടിസ്ഥാനത്തിലാണ് ഇതുവരെ പങ്കെടുത്തിരുന്നത്. ആർഎസ്പി നേതാവ് ഷിബു ബേബി ജോണും പങ്കെടുത്തില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എന്നിവർ യോഗത്തിന് എത്തിയെങ്കിലും ചർച്ചയിൽ പങ്കെടുത്തില്ല.

വിമർശനവുമായി ജോണും ദേവരാജനും

മറ്റു കക്ഷികളെ ചേർത്തുപിടിച്ചു മുന്നണിയെ ഒരുമിച്ചു കൊണ്ടുപോകുന്ന രീതി എൽഡിഎഫിൽനിന്നു യുഡിഎഫ് കണ്ടു പഠിക്കണമെന്നു നേതൃയോഗത്തിൽ സി.പി. ജോണും (സിഎംപി) ജി.ദേവരാജനും (ഫോർവേഡ് ബ്ലോക്) പറഞ്ഞു. കോൺഗ്രസിന്റെ സമീപനത്തിനെതിരെ ഇരുനേതാക്കളും രൂക്ഷ വിമർശനം ഉയർത്തി. ഫോർവേഡ് ബ്ലോക്കിന് ഈ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചിരുന്നില്ല. സിഎംപിക്ക് ഒരു സീറ്റ് മാത്രം നൽകി. തഴയപ്പെട്ടതിന്റെ വേദനയാണ് ഇരുവരും തുറന്നു പറഞ്ഞത്.

മുന്നണി യോഗം ചേരുമ്പോൾ തങ്ങൾ പറയുന്നതെല്ലാം കേട്ടിരിക്കുന്നവർ സീറ്റിന്റെ കാര്യം വരുമ്പോൾ ആ പരിഗണന നൽകാറുണ്ടോ എന്നു ദേവരാജൻ ചോദിച്ചു. തിരുവനന്തപുരത്തു ജയിച്ച ആന്റണി രാജുവിന്റെ പാർട്ടിയെ എത്ര പേർക്ക് അറിയാം. പക്ഷേ അദ്ദേഹം ഇടതു മുന്നണി സ്ഥാനാർഥി ആണെന്ന് ജനങ്ങൾക്കു ബോധ്യമുണ്ടായി. യുഡിഎഫിൽ ചെറു കക്ഷികൾക്കു സീറ്റു കിട്ടിയാൽ ജയിക്കേണ്ടത് ആ പാർട്ടിയുടെയും സ്ഥാനാർഥിയുടെയും ഉത്തരവാദിത്തമാണ്. 

‘ഐശ്വര്യ കേരളയാത്ര’യിലൂടെ ലഭിച്ച ജനപിന്തുണ ഡൽഹിയിലെ സീറ്റു ചർച്ചാ നാടകങ്ങളിലൂടെ കോൺഗ്രസ് കളഞ്ഞു. 50 സീറ്റ് തനിച്ചു ജയിക്കാൻ എന്തു തന്ത്രമാണു കോൺഗ്രസിന് ഉണ്ടായിരുന്നതെന്നും ദേവരാജൻ ചോദിച്ചു. 

3 പതിറ്റാണ്ടിലേറെ മുന്നണിക്കൊപ്പം നിന്ന തന്നെ ക്രൂരമായി അപമാനിച്ചതായി സി.പി.ജോൺ പറ‍ഞ്ഞു. എല്ലാ കക്ഷികൾക്കും സീറ്റു കൊടുത്ത് അവരെ ജയിപ്പിക്കാൻ സിപിഎമ്മിനു സാധിച്ചു. തിരഞ്ഞെടുപ്പു ജയിക്കാൻ എൽഡിഎഫ് സ്വീകരിച്ച മെച്ചപ്പെട്ട മാനേജ്മെന്റ് യുഡിഎഫിനു സാധ്യമായില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ‍ (ആർഎസ്പി) പറഞ്ഞു. പരാജയത്തിന്റെ അടിസ്ഥാനത്തിലുള്ള മാറ്റം മുസ്‌ലിം ലീഗിലും ഉണ്ടാകുമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Content Highlights: UDF meeting, Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com