ADVERTISEMENT

കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അതിഥിത്തൊഴിലാളികളെ കൊണ്ടുപോയി നൂറുകണക്കിനു ബസുകളും ജീവനക്കാരും ലോക്ഡൗൺ മൂലം അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്ന സംഭവം ബസ് ഉടമകളും ഏജന്റുമാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു വഴിമാറുന്നു. 

തൊഴിലാളികളെ അസമിലും ബംഗാളിലും എത്തിച്ചു വോട്ട് ചെയ്തു തിരികെയെത്തിക്കാൻ ഏജന്റുമാരാണു ബസുകൾ ഏർപ്പെടുത്തിയതെന്ന് ഉടമകളും ജീവനക്കാരും പറയുന്നു. ഇപ്പോൾ ഒരു വശത്തേക്കു മാത്രമുള്ള പണം നൽകി കൈ കഴുകുകയാണ് അവർ. ബാക്കി പണം നൽകാൻ ബസുകൾ തിരികെ നാട്ടിൽ എത്തണമെന്നാണ് ഏജന്റുമാർ പറയുന്നത്. ഫോണിൽ വിളിച്ചാൽ ഏജന്റുമാരെ കിട്ടുന്നില്ല. 

തിരികെ വരാൻ ഇന്ധനത്തിനും മറ്റും അര ലക്ഷത്തിലേറെ രൂപ ഓരോ ബസിനും വേണ്ടിവരും. ടോൾ ഇനത്തിലും നികുതി ഇനത്തിലും പതിനായിരങ്ങൾ വേറെയും നൽകണം. ലോക്ഡൗൺ കഴിയുമ്പോൾ പരിഹാരമുണ്ടാക്കാമെന്നാണ് ഏജന്റുമാർ പറയുന്നത്. ജീവനക്കാർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. മാത്രമല്ല, സ്ഥലംവിടാൻ പൊലീസിന്റെ നിർബന്ധം വർധിച്ചുവരികയാണ്. പരിഹാരമുണ്ടാക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദേശിച്ചിട്ടും ബംഗാളോ കേരളമോ നടപടിയെടുക്കാത്ത അവസ്ഥയാണ്. 

കുറഞ്ഞ തുകയ്ക്ക് ബസ് വാടകയ്ക്കെടുത്ത ശേഷം അതിഥിത്തൊഴിലാളികളെ 7000 രൂപവരെ നിരക്ക് ഈടാക്കിയാണ് ഏജന്റുമാർ അസമിലും ബംഗാളിലും എത്തിച്ചു വൻ ലാഭം കൊയ്തതെന്നു ബസ് ജീവനക്കാർ പറയുന്നു. 

എന്നാൽ, പ്രതിസന്ധിക്കു കാരണം ബസ് ഉടമകളാണെന്നു കുറ്റപ്പെടുത്തി ഒരു വിഭാഗം ഏജന്റുമാർ രംഗത്തെത്തി. സ്വന്തം ജീവനക്കാരെപ്പോലും പറ്റിക്കുകയാണ് ഉടമകളെന്ന് ഇവർ പറയുന്നു. തങ്ങൾക്കു നാമമാത്രമായ കമ്മിഷൻ നൽകി വൻതുക ബസ് ഉടമകൾ ഈടാക്കുന്നു എന്നാണ് ആക്ഷേപം.

കുറഞ്ഞ നിരക്കിനു പുറത്തുനിന്നു ബസ് വാടകയ്ക്കെടുത്ത് വലിയ ലാഭം ഈടാക്കിയാണു ബസ് ഉടമകൾ തങ്ങൾക്കു നൽകുന്നത്. അതേസമയം, സ്വന്തം ബസ് ആണു പോകുന്നതെങ്കിൽ ഇവർ ഒരു യാത്രക്കാരന് 6500 രൂപവരെ ഈടാക്കുന്നുവെന്നും ഏജന്റുമാർ കുറ്റപ്പെടുത്തുന്നു. 

English Summary: Kerala buses stuck in Assam and Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com