ADVERTISEMENT

ദുബായ്∙ വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ട്, തൃശൂർ പുത്തൻചിറ ചെറവട്ട സ്വദേശി ബെക്സ് കൃഷ്ണൻ (45) നാട്ടിലെത്തുമ്പോൾ സഫലമാകുന്നത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ 6 വർഷത്തെ പ്രയത്നം. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന ബെക്സ് ഓടിച്ച കാറിടിച്ചു സുഡാനി ബാലൻ മരിച്ചതിനെ തുടർന്നായിരുന്നു വധശിക്ഷ. ബന്ധു സേതുവാണു സഹായമഭ്യർഥിച്ച് യൂസഫലിയുടെ പക്കലെത്തിയത്.

സുഡാനി കുടുംബത്തോടു പലവട്ടം സംസാരിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായില്ല. 6 വർഷം ശ്രമിച്ച ശേഷമാണ് അനുനയിപ്പിക്കാനായതെന്നും അവർക്കുള്ള നഷ്ടപരിഹാരമായി ജനുവരിയിൽ തന്നെ താൻ ഒരു കോടി രൂപ കോടതിയിൽ കെട്ടിവച്ചതായും യൂസഫലി പറ‍ഞ്ഞു. നിയമനടപടികൾക്കു ശേഷം ഇപ്പോഴാണു മോചനം സാധ്യമായത്.

ഏപ്രിൽ 11നു കൊച്ചി പനങ്ങാട്ട് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്നുള്ള നട്ടെല്ല് ശസ്ത്രക്രിയയ്ക്കു ശേഷം അബുദാബിയിലെ വീട്ടിൽ പൂർണാരോഗ്യത്തിലേക്കു തിരിച്ചെത്തുകയാണ് യൂസഫലി. ബെക്സ് സംഭവത്തിൽ ഇടപെട്ടതിനെ കുറിച്ച് ആദ്യമായി വിശദമാക്കുന്നതും ഇപ്പോഴാണ്. ‘‘ മരിച്ച ബാലന്റെ പിതാവുമായി ഒട്ടേറെത്തവണ സംസാരിച്ചു. അപകട ശേഷം സുഡാനിലേക്കു മടങ്ങിയ അവരെ തിരികെ അബുദാബിയിൽ കൊണ്ടു വന്നു താമസിപ്പിക്കുകയും ചെയ്തു. ബെക്സിന്റെ മോചനത്തിനു കാരണമാകാൻ സാഹചര്യം തന്നെ ദൈവത്തോടു നന്ദിയുണ്ട്. അവരെല്ലാം ഉൾപ്പെടെ പ്രാർഥിച്ചതുകൊണ്ടാകാം ഞാൻ ഹെലികോപ്റ്റർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്, ’’ അദ്ദേഹത്തിന്റെ വാക്കുകൾ.

Becks-Krishnan-JPG
സ്നേഹതീരത്ത്: അബുദാബിയില്‍ നിന്നും ജയില്‍ മോചിതനായെത്തിയ തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട ബെക്സ് കൃഷ്ണന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോള്‍ സ്വീകരിക്കാനെത്തിയ മകൻ അദ്വൈത് ചുംബനം നൽകുന്നു. ഭാര്യ വീണ സമീപം. ചിത്രം: മനോരമ

ഹെലികോപ്റ്ററിൽ യൂസഫലി ഇരുന്ന ഭാഗം തറയിൽ ഇടിച്ചതിനെ തുടർന്നാണു നട്ടെല്ലിനു ക്ഷതമുണ്ടായത്. അബുദാബിയിൽ റോബട്ടിക് ശസ്ത്രക്രിയയ്ക്കു ശേഷം ഇപ്പോൾ നടക്കാൻ ആരംഭിച്ചു. ആരോഗ്യവാനായശേഷം എന്താണു പദ്ധതികളെന്ന ചോദ്യത്തിന് യൂസഫലിയുടെ മറുപടിയിങ്ങനെ; ‘‘ അപകട സമയത്ത് ആദ്യം ഓടിയെത്തിയ അയൽപക്കത്തെ സഹോദരനെയും ഭാര്യയെയും കോപ്റ്റർ ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ ഉടമയെയും എല്ലാം നേരിൽക്കണ്ടു നന്ദി പറയണം.’’

Content Highlight: Becks Krishnan reaches Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com