പ്രതിപക്ഷത്തിനെതിരെ ചോദ്യം: നിയമസഭാ ജീവനക്കാർക്ക് സ്പീക്കറുടെ മുന്നറിയിപ്പ്

MB-Rajesh
എം.ബി.രാജേഷ്
SHARE

തിരുവനന്തപുരം ∙ പ്രതിപക്ഷത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യം നിയമസഭയിൽ വന്നതിൽ‌ സഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പുമായി സ്പീക്കർ എം.ബി.രാജേഷിന്റെ റൂളിങ്. നിയമസഭാ ചട്ട പ്രകാരം, വാദങ്ങളോ അഭ്യൂഹങ്ങളോ ആരോപണങ്ങളോ വിശേഷണങ്ങളോ അപകീർത്തികരമായ പരാമർശങ്ങളോ ചോദ്യത്തിൽ പാടില്ല. വീഴ്ച ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

‘സംസ്ഥാനത്ത് ഓഖി, നിപ്പ, പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിനു സർക്കാർ സ്വീകരിച്ച നടപടികളെ ദുർബലപ്പെടുത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങൾക്കിടയിലും ക്ഷേമപ്രവർത്തനങ്ങളും വികസന പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാമോ’ എന്ന കെ.ഡി.പ്രസേനൻ, ആന്റണി ജോൺ, ജി.സ്റ്റീഫൻ എന്നിവരുടെ ചോദ്യത്തിന് അനുമതി നൽകിയതിനെതിരെ തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ക്രമപ്രശ്നം ഉന്നയിക്കുകയും പ്രതിപക്ഷം ചോദ്യോത്തര വേളയുടെ അവസാന ഭാഗം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇതു പരിശോധിക്കാമെന്നു സ്പീക്കർ പ്രതിപക്ഷത്തെ അറിയിക്കുകയും ചെയ്തു.

ചട്ടവിരുദ്ധമായ ചോദ്യങ്ങൾ ഒഴിവാക്കിയാണ് അനുമതി നൽകുന്നതെന്നു സ്പീക്കർ പറഞ്ഞു. എന്നാൽ, ഇൗ ചോദ്യം പരിശോധിച്ച് അനുമതി നൽകുന്നതിൽ മനഃപൂർവമല്ലാത്ത വീഴ്ച നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്തു നിന്നുണ്ടായി. കോവിഡ് വ്യാപന കാലമായതിനാൽ മിതമായ സ്റ്റാഫ് അംഗങ്ങളെ വച്ചാണ് നിയമസഭ പ്രവർത്തിക്കുന്നത്. അതും പിശകു സംഭവിക്കുന്നതിനു കാരണമായി. അംഗങ്ങൾ ചോദ്യം തയാറാക്കുമ്പോൾ ചട്ടവിരുദ്ധമായവ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സ്പീക്കർ നിർദേശിച്ചു.

English Summary: Speaker warns assembly employees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS