വാക്സീൻ സ്ലോട്ട് കിട്ടാൻ പൊടിക്കൈകൾ; അപ്ഡേറ്റ് ചെയ്യുമ്പോഴേ ‘ചാടി വീഴുക’

HIGHLIGHTS
  • സ്ലോട്ട് കിട്ടാൻ പൊടിക്കൈകൾ
vaccination
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ വാക്സീനുള്ള ഓൺലൈൻ ബുക്കിങ് ഭാഗ്യപരീക്ഷണമാണെങ്കിലും സ്ലോട്ടുകൾ ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കാൻ ചില പൊടിക്കൈകളുണ്ട്. കോവിൻ പോർട്ടൽ (cowin.gov.in) വഴിയാണ് ബുക്കിങ്. സ്ലോട്ടുകൾ എപ്പോൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്നറിയുകയാണു വെല്ലുവിളി. ഓരോ ജില്ലയിലും സർക്കാർ വാക്സീൻ കേന്ദ്രങ്ങൾ നിശ്ചിത സമയത്താണു വാക്സീൻ സ്ലോട്ടുകൾ കോവിൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുന്നത്. ഉദാഹരണത്തിന്, തിരുവനന്തപുരത്ത് ഇത് ഉച്ചയ്ക്കു 3 മുതലാണ്. എന്നാൽ സ്വകാര്യ ആശുപത്രികളുടെ അപ്ഡേഷനു പലയിടത്തും നിശ്ചിത സമയമില്ല. 

ചെയ്യാവുന്നത് 

സമയമറിയുക: ഓരോ ജില്ലയിലെയും കലക്ടറുടെയോ ജില്ലാ ഇൻഫർമേഷൻ കേന്ദ്രങ്ങളുടെയോ സമൂഹമാധ്യമ പേജുകളിൽ നിന്ന് അതതു ജില്ലകളിലെ അപ്ഡേഷൻ സമയം മനസ്സിലാക്കി വയ്ക്കുക. ഈ സമയത്തു കോവിൻ പോർട്ടലിൽ മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്തു കാത്തിരിക്കുക. ഇടയ്ക്കിടയ്ക്കു സെർച് ബട്ടൺ ഉപയോഗിച്ചു തിരയുക. വേഗമാണു പ്രധാനം. 

സമാന്തര സംവിധാനം: സ്വകാര്യ ആശുപത്രികളുടെ അടക്കം സ്ലോട്ട് അപ്ഡേഷൻ അലർട്ട് ടെലിഗ്രാം ആപ്പിൽ തത്സമയം ലഭ്യമാക്കുന്ന under45.in, above45.in എന്നീ സേവനങ്ങൾ ഉപയോഗിക്കാം. പേയ്ടിഎം ഉൾപ്പെടെ ആപ്പുകളിലും സമാനസേവനമുണ്ട്. ഒരു കേന്ദ്രം സ്ലോട്ട് അപ്ഡേറ്റ് ചെയ്താൽ പരമാവധി 10 സെക്കൻഡിനകം ടെലിഗ്രാം മെസേജ് ആയി വിവരമെത്തും. പല സ്വകാര്യ ആശുപത്രികളും അവരുടെ സമൂഹമാധ്യമ പേജുകളിൽ സ്ലോട്ട് അപ്ഡേറ്റ് ചെയ്യുന്ന സമയം അറിയിക്കാറുണ്ട്. 

കംപ്യൂട്ടർ ഉപയോഗം: മൊബൈൽ ഫോണിനെക്കാളും സെക്കൻ‍ഡുകൾക്കു മുൻപ് ഡെസ്ക‍്ടോപ്പുകളിൽ സ്ലോട്ടുകൾ കാണിക്കാറുണ്ട്. ഒറ്റയടിക്ക് 7 ദിവസത്തെ സ്ലോട്ടും കംപ്യൂട്ടർ വഴി കാണാം. മൊബൈലിൽ ഓരോ ദിവസത്തെ സ്ലോട്ട് പ്രത്യേകമായി എടുക്കണം. 

പിൻകോഡ് വേണമെന്നില്ല: കോവിൻ പോർട്ടലിൽ പിൻകോഡ് നൽകി സെർച് ചെയ്യുന്നതിനു പകരം ജില്ലാ അടിസ്ഥാനത്തിൽ നോക്കുന്നത് സ്ലോട്ട് കിട്ടാനുള്ള സാധ്യത വർധിപ്പിക്കും. ജിപിഎസ് ഓൺ ആക്കിയാൽ തൊട്ടടുത്തുള്ള സെന്ററുകൾ മാപ്പിൽ കാണിക്കുന്ന രീതിയുണ്ടെങ്കിലും ജില്ലയാകെ നോക്കുന്നതാണു നല്ലത്. 

പെയ്ഡ്/ഫ്രീ: ബുക്കിങ് സമയത്ത് ആശുപത്രികൾ എളുപ്പത്തിൽ കണ്ടെത്താൻ മുകളിലുള്ള Paid, Free, Age 18+, Age 45+ തുടങ്ങിയ ഫിൽറ്ററുകൾ ഉപയോഗിക്കാം. സ്വകാര്യ ആശുപത്രിയെങ്കിൽ പെയ്ഡ് ഓപ്ഷൻ തിരഞ്ഞെടുത്താൽ വേഗം കണ്ടെത്താം. 

വാക്സീൻ സർട്ടിഫിക്കറ്റ് തിരുത്താം 

തിരുവനന്തപുരം ∙ വാക്സീൻ സർട്ടിഫിക്കറ്റിലെ പേര്, ജനനത്തീയതി, ലിംഗം എന്നിവയിൽ തെറ്റുകളുണ്ടെങ്കിൽ തിരുത്താൻ അവസരമൊരുങ്ങുന്നു. കോവിൻ പോർട്ടൽ വഴി ഇന്നലെ സൗകര്യം ലഭ്യമാക്കിയെങ്കിലും പിന്നാലെ സാങ്കേതിക തടസ്സമുണ്ടായി.  ഒരു തവണ മാത്രമേ ഒരാൾക്കു തിരുത്തൽ വരുത്താൻ കഴിയൂ. എന്നാൽ കൃത്യമായ ആസൂത്രണമില്ലാതെയാണ് ഈ ഫീച്ചർ അവതരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. 

എങ്ങനെ

∙ കോവിൻ പോർട്ടലിൽ (cowin.gov.in) വാക്സീനായി റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. 

∙ 'Raise an Issue' എന്ന ഓപ്ഷൻ തുറന്നു തിരുത്തൽ വേണ്ട വ്യക്തിയുടെ പ്രൊഫൈൽ തിരഞ്ഞെടുക്കുക. 

∙ തിരഞ്ഞെടുത്ത ശേഷം 'What is the issue?' എന്നതിനു താഴെ 'കറക്‌ഷൻ ഇൻ സർട്ടിഫിക്കറ്റ്' ഓപ്ഷൻ തിരഞ്ഞെടുക്കുക. 

∙ തുടർന്നു പേര്, ജനനത്തീയതി, ലിംഗം എന്നിവയിൽ ഏതിലാണു തിരുത്തൽ വേണ്ടതെന്ന് ടിക് ചെയ്യുക. ഏതെങ്കിലും രണ്ടെണ്ണത്തിൽ മാത്രമേ തിരുത്തൽ അനുവദിക്കൂ. 

∙ ടിക് ചെയ്താൽ മാറ്റങ്ങൾ വരുത്താനുള്ള ഓപ്ഷൻ താഴെ വരും. 'Continue' കൊടുത്ത് സബ്മിറ്റ് ചെയ്യുക. 

∙ ഇതോടെ പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. പഴയ സർട്ടിഫിക്കറ്റ് നീക്കം ചെയ്യപ്പെടുകയും ചെയ്യും. 

English Summary: Vaccination slot allocation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA