ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് വ്യാപന നിരക്ക് 10 ദിവസമായി കുറയാതെ ‘പ്ലാറ്റോ’ ഘട്ടത്തിൽ. ആഴ്ചയിൽ ശരാശരി 4% തോതിൽ കുറഞ്ഞുകൊണ്ടിരുന്ന രോഗസ്ഥിരീകരണ (ടിപിആർ) നിരക്ക് കഴിഞ്ഞ 30 മുതൽ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ടിപിആർ 10ൽ താഴെയെത്തുമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെയാണു ലോക്ഡൗൺ 16 വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചത്.

കോവിഡ് പരിശോധനകളുടെ എണ്ണം കുറച്ചതോടെ രോഗം വീണ്ടും വ്യാപിക്കുന്നതാണ് ടിപിആർ കുറയാതിരിക്കാനുള്ള പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു.

കോവിഡ് രണ്ടാം തരംഗം തുടങ്ങിയ ഏപ്രിൽ ആദ്യവാരം 4.8 ആയിരുന്നു കേരളത്തിലെ ശരാശരി ടിപിആർ. ഇത് ആഴ്ചയിൽ ശരാശരി 5% തോതിൽ ഉയർന്ന് മേയ് രണ്ടാം വാരത്തിൽ 27.8 ആയി. മൂന്നാം വാരം മുതൽ 4% തോതിൽ കുറഞ്ഞു. മേയ് 31ന് 13.77 ആയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ 13.2 വരെ കുറഞ്ഞെങ്കിലും വീണ്ടുമുയർന്നു 14നു മുകളിലെത്തി. ഈയാഴ്ച ശരാശരി 11 എത്തുമെന്നു പ്രതീക്ഷിച്ച സ്ഥാനത്താണിത്. കോവിഡ് വ്യാപനം സജീവമായി തുടരുന്നുവെന്നതിന്റെ സൂചനയാണിത്.

ടെസ്റ്റ് കുറച്ചത് എന്തിന്?

രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നത് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതായിരുന്നു. രോഗികളെ തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിയുന്നതോടെ വ്യാപനം കുറയും. കഴിഞ്ഞ മാസം പ്രതിദിനം ശരാശരി 1.5 ലക്ഷം പരിശോധനകളാണ് കേരളത്തിൽ നടന്നിരുന്നത്. ഇപ്പോൾ പരിശോധന ശരാശരി 1.06 ലക്ഷമായി കുറഞ്ഞു. പരിശോധനകൾ കുറച്ചതിന്റെ കാരണം വ്യക്തമല്ല.

ആന്റിജൻ പരിശോധനകളുടെ എണ്ണം വൻ തോതിൽ കൂടിയതും ടിപിആറിനെ സ്വാധീനിക്കാനിടയുണ്ട്. ഇന്നലെ നടത്തിയ 1.15 ലക്ഷം പരിശോധനകളിൽ 75,292 എണ്ണവും ആന്റിജൻ ആയിരുന്നു. ആർടിപിസിആർ 37,458 മാത്രം. രോഗവ്യാപനത്തിന്റെ യഥാർഥ തോത് അറിയാൻ എല്ലാ ജില്ലകളിലും തുടർച്ചയായി സിറോളജിക്കൽ സർവേ നടത്തണമെന്ന വിദഗ്ധസമിതിയുടെ നിർദേശവും സർക്കാർ പരിഗണിച്ചിട്ടില്ല.

കഴിഞ്ഞ 10 ദിവസത്തെ ടിപിആർ ഇങ്ങനെ: 13.77, 15.13, 15.3 15.22, 14.82, 14.89, 14.27, 13.2 14.15, 14.09.

English Summary: TPR rate not reduced in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com