ADVERTISEMENT

തിരുവനന്തപുരം ∙ കവടിയാർ ഗോൾഫ്‌ ലിങ്ക് റോഡിലുള്ള സിവിൽ സർ‍വീസ് ഓഫിസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന് ബാർ സഹിതമുള്ള ക്ലബ് ലൈസൻസ് അനുവദിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർ അംഗങ്ങളായ സിവിൽ സർവീസ് ഓഫിസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിനെ ചീഫ് സെക്രട്ടറി ചെയർമാനായ ഭരണസമിതിയാണു നിയന്ത്രിക്കുന്നത്. ഇവിടെ ക്ലബ് ലൈസൻസ് അനുവദിക്കണമെന്നു മുൻ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

ജോലിയുടെ പിരിമുറക്കം മാറ്റാനായി ഉദ്യോഗസ്ഥർക്കു വിശ്രമിക്കാനും ചർച്ചകൾ നടത്താനും ഇൻസ്റ്റിറ്റ്യൂട്ടിന് ബാർ ഉൾപ്പെടെയുള്ള ക്ലബ് ലൈസൻസ് അനുവദിക്കണം. മറ്റുള്ളവരെപ്പോലെ ഉന്നത ഉദ്യോഗസ്ഥർക്ക് ബാറുകളിലോ മറ്റ് ക്ലബ്ബുകളിലോ പോയി മദ്യപിക്കാൻ സാധിക്കുന്നില്ലെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.  ക്ലബ് അനുവദിക്കുമ്പോൾ ലൈസൻസ് ഫീ കുറയ്ക്കണമെന്നും മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. 

ക്ലബ്ബുകൾക്ക് എക്‌സൈസ് വകുപ്പിന്റെ ലൈസൻസ് ലഭിക്കണമെങ്കിൽ 20 ലക്ഷം രൂപ നൽകണമെന്നാണു വ്യവസ്ഥ. ഉന്നത ഉദ്യോഗസ്ഥരുടെ അപേക്ഷയിൽ എക്സൈസ് കമ്മിഷണറോട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. കൊച്ചിയിൽ നേവി ഉദ്യോഗസ്ഥർക്കുള്ള ക്ലബ് ലൈസൻസ് വർഷം 50,000 ഈടാക്കി അനുവദിച്ചിട്ടുണ്ടെന്ന് എക്സൈസ് കമ്മിഷണർ സർക്കാരിനെ അറിയിച്ചു. പ്രത്യേക വിഭാഗമായി പരിഗണിച്ച് ചട്ടഭേദഗതി വരുത്തി ക്ലബ് ലൈസൻസ് നൽകുകയായിരുന്നു. 

ഇതേ മാതൃകയിൽ സിവിൽ സ‍ർവീസ് ഉദ്യോഗസ്ഥരെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തിയാലേ ലൈസൻസ് തുകയിൽ ഇളവ് അനുവദിക്കാൻ സാധിക്കുകയുള്ളൂ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണു  തീരുമാനം എടുക്കേണ്ടത്.

English Summary: Bar license request for civil service officers institute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com