മനസ്സിന്റെ ഫ്രെയിമിൽ എന്നും കേരളം

HIGHLIGHTS
  • സ്നേഹം കൊണ്ടും സൗഹൃദം കൊണ്ടും കേരളത്തോട് ചേർന്നുനിന്ന കലാകാരൻ
buddhadeb-dasguptha
ഡൽഹി കേരള ഹൗസിൽ, ബുദ്ധദേവ് ദാസ്ഗുപ്തയെ ആദരിച്ച ചടങ്ങിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവർക്കൊപ്പം (ഫയൽചിത്രം)
SHARE

സിനിമ കൊണ്ടും സ്നേഹം കൊണ്ടും മനുഷ്യരെ കീഴടക്കിയ വ്യക്തിത്വമായിരുന്നു ബുദ്ധദേവ് ദാസ്ഗുപ്തയുടേത്. ഹൃദയത്തിന്റെ ഒരു ഭാഗം മലയാളിക്കു വേണ്ടി മാറ്റിവച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. ആരുമറിയാതെ അദ്ദേഹം ബന്ധുവീട്ടിലെന്ന പോലെ വന്നുപോയി. ഹൃദ്യമായ സൗഹൃദങ്ങളും ഇവിടെയുണ്ടായിരുന്നു. ക്യാമറമാൻ വേണു, സംവിധായകരായ പി. പത്മരാജൻ, ഷാജി എൻ കരുൺ അങ്ങനെ പലരും.

വേണു അദ്ദേഹത്തിന്റെ 4 സിനിമകളുടെ ക്യാമറാമാനായിരുന്നു: ബാഗ് ബഹാദൂർ, ലാൽ ദർജ, മോണ്ടോ മേയർ ഉപാഖ്യാൻ, തഹാദർ കഥ. ആ അടുപ്പം അവസാനനാൾ വരെ നീണ്ടു. കോവിഡ് കാലത്തും വേണുവുമായി സംസാരിച്ചു. 

വേണു അദ്ദേഹത്തെ ഓർക്കുന്നത് ഇങ്ങനെ: ‘കേരളവുമായി വല്ലാത്തൊരു അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. ഒഡേസയുടെ നേതൃത്വത്തിൽ നടന്ന ചലച്ചിത്ര പ്രദർശനത്തിനു വിളിച്ചപ്പോൾ അദ്ദേഹം 2 സിനിമയുമായാണ് എത്തിയത്. സിനിമ കണ്ട സാധാരണക്കാരുടെ പ്രതികരണം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. ആരാണ് ബുദ്ധദേവ് എന്ന് സിനിമ കണ്ട ഭൂരിഭാഗം പേർക്കും അറിയില്ലായിരുന്നു. ഈ സംഘത്തോടൊപ്പം അലഞ്ഞുള്ള യാത്രയിൽ അദ്ദേഹം സമ്പാദിച്ച സൗഹൃദമായിരുന്നു പി. പത്മരാജൻ. മരണംവരെ അതു നീണ്ടു. 

ഞാൻ ആദ്യ സിനിമ ചെയ്യാൻ എത്തുമ്പോൾ ആദ്യ ഷോട്ടിനുള്ള ക്യാമറ ട്രാക്കുപോലും ഇട്ട് അദ്ദേഹം അവിടെയുണ്ടായിരുന്നു. അഭിമാനത്തോടെയാണ് എന്നെ പലയിടത്തും പരിചയപ്പെടുത്തിയത്. വലിയ കവി കൂടിയായിരുന്നു. സിനിമയും കവിതയായിരുന്നു. ജീവിതവും സൗഹൃദവും അദ്ദേഹം കവിതപോലെ സൂക്ഷിച്ചു.’– വേണു പറഞ്ഞു.

ഷാജി എൻ കരുണിന്റെ ‘സ്വം’ എന്ന സിനിമ സംസ്ഥാന അവാർഡിനു പരിഗണിച്ചപ്പോൾ ബുദ്ധദേവ് ആയിരുന്നു ജൂറി ചെയർമാൻ. ചിത്രം അവാർഡ് പട്ടികയിൽനിന്ന് അവസാന നിമിഷം പുറത്തായി. അതുവരെ നേരിയ പരിചയം മാത്രമുണ്ടായിരുന്ന ഷാജിയുമായി ബുദ്ധദേവ് കൂടുതൽ അടുത്തത് അതോടെയാണ്.

‘എത്രയോ ചലച്ചിത്രോത്സവങ്ങൾക്കു ഞങ്ങൾ ഒരുമിച്ചു യാത്ര ചെയ്തു. സ്വിറ്റ്സർലൻഡിൽ അദ്ദേഹത്തിന്റെ ‘ചരാചർ’ എന്ന എന്ന സിനിമയും എന്റെ സ്വമ്മും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിനിമ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. അന്ന് അദ്ദേഹം എന്റെ സിനിമയെക്കുറിച്ചു സംസാരിച്ചതു മറക്കാനാകില്ല. 

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായിരിക്കെ അദ്ദേഹം എന്നെ ഗവേണിങ് കൗൺസിലിലേക്കു ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ ചോദ്യക്കടലാസു തയാറാക്കുന്നതിൽപോലും സഹകരിപ്പിച്ചു. എന്റെ സിനിമ പുരസ്കാരത്തിനു പരിഗണിക്കാൻ പറ്റാത്തതിൽ അദ്ദേഹത്തിനു വേദനയുണ്ടായിരുന്നു. പല തവണ അതു പറയുകയും ചെയ്തു.  

കവിതപോലുള്ള തന്റെ സിനിമ ആഴത്തിൽ മനസ്സിലാക്കിയതു മലയാളിയാണ് എന്നദ്ദേഹം വിശ്വസിച്ചു. മലയാളത്തിൽ ഒരു സിനിമ ചെയ്യണമെന്നു മോഹിക്കുകയും ചെയ്തു.– ഷാജി പറഞ്ഞു.

സംസ്‌ഥാന ചലച്ചിത്ര ജൂറി ചെയർമാനായിരിക്കെ 2011 ൽ അവാർഡ് പ്രഖ്യാപന വേളയിൽ അദ്ദേഹം നടൻ സലിംകുമാറിനെയും കെ.ബി. ഗണേഷ്‌കുമാറിനെയും ബംഗാൾ ചിത്രങ്ങളിൽ അഭിനയിക്കാൻ ക്ഷണിച്ചു. സലിംകുമാറിന്റെ ‘ആദാമിന്റെ മകൻ അബു’വിലെ പ്രകടനം അദ്ദേഹത്തെ അത്രമേൽ ആകർഷിച്ചിരുന്നു. ‘നഖരം’ എന്ന ചിത്രത്തിലെ ഗണേഷ്‌കുമാറിന്റെ അഭിനയവും സ്‌പർശിച്ചു.മനസ്സുകൊണ്ടു കൂടെനടന്നൊരാളെയാണു ഈ മരണത്തിലൂടെ കേരളത്തിനു നഷ്ടമായത്.

English Summary: Buddhadeb Dasgupta, relation with Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA