സംസ്ഥാനത്തെ വാക്സീൻ ഉൽപാദനം; വെല്ലുവിളികളേറെ

covid-vaccine-7
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ കേരളം സ്വന്തം നിലയിൽ വാക്സീൻ ഉൽപാദിപ്പിക്കാനുള്ള സാധ്യതകൾ തേടുന്നതിനെ പ്രതീക്ഷയോ‌ടെയാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്. എന്നാൽ, ഇതു യഥാർഥ്യമാക്കുന്നതിലുള്ള വെല്ലുവിളികൾ ചെറുതല്ല. ലോകനിലവാരമുള്ള സജ്ജീകരണങ്ങൾ മുതൽ വാക്സീൻ കമ്പനികളുമായുള്ള കരാർ വരെ ഇതിൽവരും. ലോകമെങ്ങും റോബട്ടിക് സംവിധാനമുള്ള അത്യാധുനിക രീതിയിലേക്ക് ഉൽപാദനം മാറിക്കഴിഞ്ഞു. 

ഏതു വാക്സീൻ ?

നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന 3 വാക്സീനുകളിൽ കോവിഷീൽഡിന്റെ ഉൽപാദന പങ്കാളിത്തം കേരളത്തിനു ലഭിക്കാൻ കടമ്പകളേറെയാണ്. എന്നാൽ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് കൂടി പങ്കാളിയായ കോവാക്സിനും റഷ്യയുടെ സ്പുട്നിക്കും പ്രതീക്ഷ നൽകുന്നു. സ്പുട്നിക് ഉൽപാദിപ്പിക്കാൻ ഇന്ത്യയിൽ 7 സ്വകാര്യ കമ്പനികൾ കരാറായിക്കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ വഴി കോവാക്സിൻ ഉൽപാദിപ്പിക്കാനും ശ്രമം നടക്കുന്നു.

ഓരോന്നിനും ഓരോ രീതി

ഓരോ വാക്സീന്റെയും ഉൽപാദനരീതി വ്യത്യസ്തമാണെന്നത് പ്ലാന്റ് നിർമിക്കുന്നതിൽ വെല്ലുവിളിയാകും. യഥാർഥ വൈറസിനെ നിർദോഷകാരിയാക്കി ഉപയോഗിക്കുന്ന കോവാക്സിന്റെ രീതിയല്ല, സ്പുട്നിക് വാക്സീന്റേത്. ജലദോഷപ്പനിയുണ്ടാക്കുന്ന അഡിനോ വൈറസിൽ, കൊറോണ വൈറസിന്റെ ജനിതകവസ്തുവിനെ കൂട്ടിച്ചേർത്താണു സ്പുട്നിക്കും കോവിഷീൽഡും തയാറാക്കുന്നത്. ‌സജ്ജീകരണങ്ങളിലും ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ വേണം.

വൈദഗ്ധ്യം

സർക്കാരിനു തനിച്ച് ഇക്കാര്യത്തിൽ മുന്നോട്ടുപോകാൻ എളുപ്പമല്ല. ഈ മേഖലയിൽ പ്രാഗത്ഭ്യം നേടിയ കമ്പനികളുമായുള്ള സഹകരണമാകും നല്ലതെന്നാണു വിലയിരുത്തൽ. വിദഗ്ധ ജീവനക്കാരില്ലാത്തതാണ് മറ്റൊരു പ്രശ്നം.

ഗവേഷണം മുതൽ ഉൽപാദനം വരെ

മരുന്നുണ്ടാക്കുന്നതിൽ നിന്നു വ്യത്യസ്തമാണു വാക്സീൻ നിർമാണം. മരുന്നിന്റെ കാര്യത്തിൽ രസതന്ത്രത്തിനാണു പ്രാധാന്യം. വാക്സീനിൽ ജീവശാസ്ത്ര ഗവേഷണത്തിനും. ഉൽപാദനത്തിനൊപ്പം വാക്സീൻ ഗവേഷണവും പ്ലാന്റുകളിൽ വേണം. ഇതിൽ പ്രധാനം ബയോസേഫ്റ്റി ലാബുകളാണ്. കൂടാതെ, മൈക്രോബയോളജി ലാബ്, കെമിക്കൽ ലാബ് തുടങ്ങി വാക്സീന്റെ പ്രീ ക്ലിനിക്കൽ ഘട്ടത്തിൽ പരീക്ഷിക്കാൻ ആനിമൽ ഹൗസുകൾ വരെ വേണം.

പ്ലാന്റിന്റെ സജ്ജീകരണങ്ങൾക്കനസരിച്ചു ചെലവേറും. വാക്സീന്റെ ആവശ്യം ഇത്രയേറെ വരുമെന്ന ധാരണ ഇല്ലാതിരുന്ന 2019 ൽ പ്ലാന്റിലെ സജ്ജീകരണങ്ങൾക്കായി 4000 കോടി രൂപ ചെലവിട്ടുവെന്നാണു സീറം ഇൻസ്റ്റിറ്റ്യൂട്ട് സൂചിപ്പിക്കുന്നത്.

വാക്സീൻ ഉൽ‍പാദന പ്ലാന്റ്

റിസർച് ആൻഡ് ഡവലപ്മെന്റ് ബ്ലോക്ക്: വാക്സീൻ ഗവേഷണത്തിലും നിർമാണത്തിലും അതിപ്രധാനമാണിത്. വൈറസുകളുടെ സെൽ കൾചർ ലാബ്, സെൽ കൾചർ ബയോറിയാക്ടറുകൾ, വൈറസ് ഹാൻഡ്‌ലിങ് ലാബ്, സെൻട്രിഫ്യൂജ്, പ്യൂരിഫിക്കേഷൻ സൗകര്യങ്ങൾ, സ്പെക്ട്രോഫോട്ടോമീറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഇതിൽപ്പെടും. കോവാക്സിൻ പോലെ വൈറസിനെ നിർദോഷകാരിയാക്കി മാറ്റി തയാറാന്ന വാക്സീനാണെങ്കിൽ ബയോസേഫ്റ്റി ലെവൽ 3 ലാബ് പോലെ അതീവസുരക്ഷാ ലാബ് വേണം.

uae coronavirus vaccine dubai media office pictures

ആന്റിജൻ പ്രൊഡക‍്ഷൻ ബ്ലോക്ക്: വാക്സീന്റെ അടിസ്ഥാന ഘടകമായ നിർദോഷ വൈറസിനെയോ ജനിതക വസ്തുവിനെയോ കോടാനുകോടിയാക്കി പെരുക്കുന്നതാണു വാക്സീന്റെ വ്യാപക ഉൽപാദനത്തിൽ പ്രധാനം. വിവിധ ശേഷിയുള്ള ഫെർമന്ററുകൾ, ബയോറിയാക്ടറുകൾ തുടങ്ങിയവ ഇതിനാവശ്യമാണ്.

ഫിൽ, ഫിനിഷ് ബ്ലോക്ക്: വാക്സീൻ നിറയ്ക്കുന്നത് ഇവിടെയാണ്. വാക്സീനുകളുടെ സുരക്ഷിതത്വം പരമാവധി ഉറപ്പിക്കാൻ ഉൽപാദന ഘട്ടത്തിൽ ഓട്ടമേറ്റഡ് സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. 

ഹൈ പ്രഷർ വാട്ടർ ജെറ്റിങ് സംവിധാനം, 200 ഡിഗ്രി താപനിലയിലെ പ്രത്യേക പൈപ്പുകൾ തുടങ്ങി വാക്സീൻ നിറയ്ക്കുന്നതിനു വരെയുള്ള സജ്ജീകരങ്ങളാണ് ഇവിടെ വേണ്ടത്.

ക്വാളിറ്റി ചെക്ക്: വാക്സീനുകളുടെ സുരക്ഷ സ്ക്രീൻ ചെയ്യുന്നതിനുള്ള സംവിധാനം.. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാന്റിൽ സൂക്ഷ്മ പരിശോധനാ ശേഷിയുള്ള ക്യാമറകൾ പോലുമുണ്ട്.

പാക്കിങ് ആൻഡ് സ്റ്റോറേജ് ഏരിയ: ഗുണമേന്മ ഉറപ്പാക്കിയവ വലിയ പായ്ക്കുകളാക്കി കോൾഡ് സ്റ്റോറേജ് കേന്ദ്രത്തിലേക്കു മാറ്റും. വാക്സീൻ വലിയ അളവിൽ സൂക്ഷിക്കാനുള്ള ഫ്രീസറുകൾ വേണ്ടിവരും.

English Summary: Kerala planning to make covid vaccine, challenges

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA