ADVERTISEMENT

കൊച്ചി ∙ രാജ്യാന്തര വിപണിയിൽനിന്നു വാക്സീൻ വാങ്ങാൻ ആഗോള ടെൻഡർ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഗ്ലോബൽ ടെൻഡറിന്റെ സമയം ഈമാസം പത്ത് പിന്നിട്ടെങ്കിലും ഒറ്റ ടെൻഡർ പോലും ലഭ്യമായില്ലെന്നു ടെൻഡർ ക്ഷണിച്ച കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വിശദീകരിച്ചു. 

കേന്ദ്രസർക്കാരിന്റെ വാക്സീൻ നയം ഉൾപ്പെടെ ചോദ്യം ചെയ്തു നൽകിയ ഹർജികളിലാണു സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഗ്ലോബൽ ടെൻ‍‍ഡർ ക്ഷണിച്ച മറ്റു സംസ്ഥാനങ്ങൾക്കും ഇതേ അനുഭവം തന്നെയാണെന്നു കോർപറേഷൻ വ്യക്തമാക്കി. 21 മുതൽ നടപ്പാക്കുന്ന പുതിയ കേന്ദ്ര നയ പ്രകാരം വാക്സീൻ വിതരണത്തിന്റെ വ്യവസ്ഥകൾ തയാറാക്കുകയാണെന്നും ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ 15 വരെ സമയം അനുവദിക്കണമെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.

സർക്കാരിന്റെ നിലപാട് തേടി

വാക്സിനേഷനായി മുതിർന്ന പൗരൻമാർക്ക് ഓൺലൈൻ പോർട്ടലിൽ സ്ലോട്ട് ലഭിക്കാൻ ബുദ്ധിമുട്ട് ഉൾപ്പെടെ ചൂണ്ടിക്കാട്ടി വാക്സീൻ വിതരണത്തിൽ സ്പോട്ട് റജിസ്ട്രേഷൻ അനുവദിക്കണമെന്നു ഉൾപ്പെടെയുള്ള ഹർജിക്കാരുടെ ആവശ്യങ്ങളിൽ ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ നിലപാട് തേടി. 

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്സിനേഷന്റെ ആവശ്യവും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അഭിഭാഷകൻ വിശദീകരണത്തിന് സമയം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജികൾ 16നു പരിഗണിക്കാൻ മാറ്റി.

English Summary: Global tender for vaccines gets no bidders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com