ADVERTISEMENT

തൃശൂർ ∙ കൊടകര കുഴൽപണക്കേസിൽ ഇനിയും ലഭിക്കാനുള്ള രണ്ടേകാൽ കോടിയോളം രൂപ കണ്ടെടുക്കാനുള്ള പൊലീസിന്റെ ശ്രമങ്ങൾ വിജയിച്ചില്ല. വിയ്യൂർ ജയിലിൽ കിടക്കുന്ന 10 പ്രതികളെ ഒറ്റയ്ക്കും കൂട്ടായും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിനു പണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. ഇരിങ്ങാലക്കുട സബ് ജയിലിൽ കഴിയുന്ന 10 പ്രതികളെക്കൂടി ഒറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്യാനുള്ള നടപടികൾ പൊലീസ് തുടങ്ങി.

3.5 കോടി രൂപ കാറിലുണ്ടായിരുന്നതായും ഇത് ഏതൊക്കെ പ്രതികളുടെ കൈവശമുണ്ടെന്നുമുള്ള കൃത്യമായ വിവരം ലഭിച്ചതായി പൊലീസ് നേരത്തേ പറഞ്ഞിരുന്നു. ഇതിൽ ഒന്നേകാൽ കോടിയിലേറെ രൂപ കണ്ടെടുത്ത സംഘം ബാക്കി കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ്.

അതിനിടെ, കവർച്ച സ്ഥലത്ത് ആദ്യമെത്തിയത് ബിജെപിയുടെ ജില്ലാ ട്രഷറർ സുജയ് സേനനാണെന്നു ഡ്രൈവർ ഷംജീർ എഴുതി നൽകിയ പരാതിയിൽനിന്നു വ്യക്തമായി. കാർ മോഷണം പോയതോടെ കൊടകരയിൽ പെട്ടുപോയ തന്നെയും റഷീദിനെയും സുജയ് സേനൻ കാറുമായെത്തി തൃശൂരിലെത്തിച്ചു. ഇവിടെ നിന്ന് ധർമരാജൻ ഏർപ്പെടുത്തിയ കാറിൽ കോഴിക്കോട്ടേക്കു മടങ്ങി – ഇതാണു പരാതിയിൽ ഷംജീർ ‍എഴുതിയിരിക്കുന്നത്.

ഇന്നലെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിന്റെ മൊഴിയെടുത്തു. കുഴൽ തട്ടിപ്പു നടന്നതിനു ശേഷമുള്ള ദിവസങ്ങളിൽ വലിയ കടബാധ്യത ഉല്ലാസ് തീർത്തിരുന്നു. ഇതു കുഴൽപണത്തട്ടിപ്പു സംഘം നൽകിയ പണമാണെന്ന ആരോപണം ഒരുവിഭാഗം ഉന്നയിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണു മൊഴിയെടുത്തത്.

ഒരു ദേവസ്വത്തിനു നൽകാനുള്ള കടബാധ്യത ബാങ്കിലൂടെയാണ് അടച്ചതെന്നും ഈ പണത്തിനു രേഖയുണ്ടെന്നും പറഞ്ഞ ഉല്ലാസ് ബാബു ആരോപണം നിഷേധിച്ചു. രേഖകൾ കൈമാറിയതോടെ വിട്ടയച്ചു. ബിജെപി നേതാക്കളെ വേട്ടയാടുകയാണു പൊലീസെന്ന് ഉല്ലാസ് ബാബു ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു ഉല്ലാസ്.

ധർമരാജൻ പുതിയ ഹർജി സമർപ്പിച്ചു

∙ കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണവും കാറും വിട്ടുകിട്ടാൻ ധർമരാജൻ ഇരിങ്ങാലക്കുട കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. കഴിഞ്ഞ ദിവസം സമർപ്പിച്ച ഹർജി കോടതി മടക്കിയിരുന്നു.

English Summary: Kodakara case, investigation for 2.25 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com