ADVERTISEMENT

തിരുവനന്തപുരം ∙ ‘ഒരാൾ ഒരു പദവി’ എന്ന സംസ്ഥാന കോൺഗ്രസിലെ സംഘടനാ തത്വം ഇല്ലാതായി. ഇതോടെ പാർട്ടി അഴിച്ചുപണിയിൽ എംപിമാരെയും എംഎൽഎമാരെയും പാർട്ടി ഭാരവാഹിത്വത്തിലേക്കു പരിഗണിക്കാം.

നിലവിൽ പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് എഐസിസി നിയോഗിച്ച 4 പേരും ജനപ്രതിനിധികളാണ്. കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ എംപിമാരും പി.ടി.തോമസ്, ടി.സിദ്ദിഖ് എന്നിവർ എംഎൽഎമാരും. നേതൃതലത്തിൽ ഉള്ളവരുടെ കാര്യത്തിൽ ‘ഒരാൾ ഒരു പദവി’ ബാധകമാക്കേണ്ടെന്നു ഹൈക്കമാൻഡ് തീരുമാനിച്ചതോടെ മറ്റു ഭാരവാഹികളുടെ കാര്യത്തിൽ അതു ബാധകമാക്കുന്നതു പ്രായോഗികമല്ല. .

ജനപ്രതിനിധികൾക്ക് ആ ജോലിയിൽ കേന്ദ്രീകരിക്കാനും മറ്റുള്ളവർക്കു പാർട്ടിയിൽ പ്രാതിനിധ്യം നൽകാനുമാണ് ‘ഒരാൾ ഒരു പദവി’ എന്ന ധാരണ കേരളത്തിൽ രൂപപ്പെട്ടത്. പാർലമെന്ററി, പാർട്ടി പദവികൾ രണ്ടും വഹിച്ച ചുരുക്കം ചിലർ ഉണ്ടായെങ്കിലും പൊതുവിൽ അതു പാലിക്കപ്പെട്ടു. എന്നാൽ ഒരുമിച്ചു 4 ജനപ്രതിനിധികളെ പാർട്ടിയെ നയിക്കാൻ നിയോഗിക്കുകയാണ് ഇപ്പോൾ എഐസിസി ചെയ്തിരിക്കുന്നത്.

വർക്കിങ് പ്രസിഡന്റുമാർക്കു മേഖല തിരിച്ചു ചുമതല നൽകണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ തവണ ആ നിർദേശം ഉണ്ടായെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രൻ നിരാകരിച്ചു. ഫലത്തിൽ വർക്കിങ് പ്രസിഡന്റുമാർക്കു പ്രത്യേകിച്ചു ചുമതലകൾ ഒന്നുമില്ലാത്ത സ്ഥിതി ആയിരുന്നു. തന്നെ സഹായിക്കാൻ ഉത്തരവാദപ്പെട്ട വർക്കിങ് പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിനു മുൻപ് ചർച്ച നടന്നില്ലെന്ന ഖേദം കെ.സുധാകരനും ഉണ്ട്.

പരമാവധി 20–25 പേരടങ്ങുന്ന കെപിസിസി–ഡിസിസി ഭാരവാഹി നിര വരണമെന്ന അഭിപ്രായമാണു നേതൃത്വം പരിഗണിക്കുന്നത്. സാധ്യമെങ്കിൽ അതിലും കുറയ്ക്കണമെന്നു നിർദേശിക്കുന്നവർ ഉണ്ട്. നിലവിൽ വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമായി 56 പേരും സെക്രട്ടറിമാരായി 96 പേരുമുണ്ട്. നൂറിലേറെ ഭാരവാഹികൾ ഉള്ള ഡിസിസികളുമുണ്ട്. ഈ ജംബോ സമിതികൾക്കെതിരെ പൊതു വികാരം ശക്തമാണ് എന്നതിനാൽ എണ്ണം കുറയ്ക്കുമെന്നത് ഉറപ്പാണ്. സ്ഥാനം നഷ്ടപ്പെടുന്നവരെ കൈകാര്യം ചെയ്യുകയാകും നേതൃത്വത്തിന് ആദ്യ വെല്ലുവിളി.

കോൺഗ്രസ് ഭാരവാഹിത്വത്തിനു സമൂഹത്തിൽ നഷ്ടപ്പെട്ട മൂല്യം തിരിച്ചു കൊണ്ടുവരണമെന്ന തീരുമാനത്തിലാണു സുധാകരൻ. ബ്ലോക്ക് കമ്മിറ്റികൾക്കു പകരം നിയോജകമണ്ഡലം തലത്തിൽ കമ്മിറ്റികൾ വരും. താഴെത്തട്ടിൽ യോഗങ്ങൾ വിളിച്ചു പൊതുസമ്മതരെ ഭാരവാഹിത്വത്തിലേക്കു കൊണ്ടുവരണമെന്ന ആശയമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഓരോ കമ്മിറ്റിയും ഓരോ ഗ്രൂപ്പിന് എന്ന ‘സ്റ്റാറ്റസ്കോ’ അവസാനിപ്പിച്ചാലേ താഴെ സംഘടന ശക്തമാകൂ എന്ന ചിന്ത പ്രബലമാണ്. സംഘടനാ തിരഞ്ഞെടുപ്പിനെയും പുതിയ പ്രസിഡന്റ് സ്വാഗതം ചെയ്തിട്ടുണ്ട്.

English Summary: KPCC revamping: One person one position

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com